2013-03-11 17:17:22

കര്‍ദിനാള്‍മാര്‍ സാന്താ മാര്‍ത്താ മന്ദിരത്തിലേക്ക്


11മാര്‍ച്ച്2013, വത്തിക്കാന്‍
വിശുദ്ധ പത്രോസിന്‍റെ 265ാമത് പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ വോട്ടവകാശമുള്ള കര്‍ദിനാള്‍മാര്‍ 12ാം തിയതി ചൊവ്വാഴ്ച രാവിലെ വത്തിക്കാന്‍റെ ഉള്ളിലെ സാന്താമാര്‍ത്താ മന്ദിരത്തിലേക്ക് പ്രവേശിക്കുമെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ലൊംബാര്‍ദി അറിയിച്ചു. ശനിയാഴ്ച രാവിലെ നടന്ന ഒന്‍പതാമത് പൊതുയോഗത്തിലാണ് കര്‍ദിനാള്‍സംഘം ഈ തിരുമാനം കൈക്കൊണ്ടത്.
ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1996 ഫെബ്രുവരി 22ന് പുറപ്പെടുവിച്ച അപ്പസ്തോലിക കോണ്‍സ്റ്റിറ്റുഷനില്‍ (Universi Dominici Gregis) കോണ്‍ക്ലേവില്‍ പങ്കെടുക്കുന്ന കര്‍ദിനാള്‍മാരുടെ താമസസ്ഥലമായി സാന്താമാര്‍ത്താ മന്ദിരം സ്ഥിരപ്പെടുത്തിയിരുന്നു. മന്ദിരത്തില്‍ ഓരോ കര്‍ദിനാള്‍മാര്‍ക്കുമുള്ള മുറികള്‍ നറുക്കിട്ടാണ് നിശ്ചയിക്കുന്നത്. ശനിയാഴ്ച രാവിലെ നടന്ന പൊതുയോഗത്തില്‍ ഇതു സംബന്ധിച്ച നറുക്കെടുപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ ഏഴുമണിക്കു ശേഷം സാന്താമാര്‍ത്താ മന്ദിരത്തിലേക്ക് പ്രവേശിക്കാനും തദവസരത്തില്‍ കര്‍ദിനാള്‍മാര്‍ തീരുമാനിച്ചു. രാവിലെ 10.00 മണിക്ക് വി.പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിക്കുന്ന സമൂഹബലിയോടെയാണ് (Pro Eligendo Romano Pontifice) പേപ്പല്‍ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നത്.

സാന്താമാര്‍ത്താ മന്ദിരത്തില്‍ വിശിഷ്ടാതിഥികള്‍ക്കായുള്ള മുറികളിലൊന്നാണ് പുതിയ മാര്‍പാപ്പയ്ക്കായി ഒരുക്കിയിരിക്കുന്നതെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനത്യാഗം ചെയ്തതിനെതുടര്‍ന്ന് മാര്‍പാപ്പയുടെ ഔദ്യോഗിക താമസസ്ഥലം അടച്ചു മുദ്ര വച്ചിരിക്കുകയാണ്. മാത്രമല്ല ചില അറ്റകുറ്റപ്പണികള്‍ നടത്താനുമുണ്ട്. അതിനാല്‍ ഏതാനും ആഴ്ച്ചകള്‍ക്കു ശേഷമായിരിക്കും പുതിയ മാര്‍പാപ്പ പേപ്പല്‍ ഭവനത്തിലേക്ക് മാറുന്നതെന്ന് ഫാ.ലൊംബാര്‍ദി വ്യക്തമാക്കി.








All the contents on this site are copyrighted ©.