2013-03-08 18:38:25

കര്‍ദ്ദിനാള്‍ സംഘം
കോണ്‍ക്ലേവിനൊരുങ്ങുന്നു


8 മാര്‍ച്ച് 2013, വത്തിക്കാന്‍
പാപ്പയെ തിരഞ്ഞെടുക്കുന്നതിന് ആമുഖമായുള്ള കര്‍ദ്ദിനാളന്മാരുടെ 7-ാം പൊതുസമ്മേളനം വെള്ളിയാഴ്ച രാവിലെ വത്തിക്കാനില്‍ നടന്നു. സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകള്‍ നിരീക്ഷിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കോണ്‍ക്ലേവ് അടുത്ത ആഴ്ചയില്‍ പ്രഖ്യാപിക്കാന്‍ ഇടയുണ്ടെന്ന് താന്‍ ചിന്തിക്കുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ്സില്‍ നടത്തിയ മാധ്യമ സമ്മേളത്തില്‍ ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. ശനി, ഞായറര്‍ വാരാന്ത്യ ദിനങ്ങളായി കടുന്നുപോകുമെന്നും, ശനിയാഴ്ച പൊതുസമ്മേളനം രാവിലെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച കര്‍ദ്ദിന്മാരെല്ലാവരുംതന്നെ റോമിലുള്ള തങ്ങളുടെ സ്ഥാനിക ഭദ്രാസന ദേവാലയങ്ങളില്‍പ്പോയി വിശ്വാസികള്‍ക്കൊപ്പം ബലിയര്‍പ്പിച്ച് പാപ്പയുടെ തിരഞ്ഞെടുപ്പിനും സഭയുടെ നിയോഗങ്ങള്‍ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കുമെന്നും പരിശുദ്ധ സിംഹാസനത്തിന്‍റെ വക്താവ് വെളിപ്പെടുത്തി.

വരുന്ന ആഴ്ചയില്‍ തിങ്കളാഴ്ചയോ, ചെവ്വാഴ്ചയോ ബുധനാഴ്ചോ കോണ്‍ക്ലേവിന്‍റെ ദിവസം പ്രാഖ്യാപിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ലാഘവത്തോടെയാണ് പ്രസ്താവിച്ചത്. പാപ്പയുടെ സ്ഥാനത്യാഗത്തിനുശേഷം 20 ദിവസത്തിനുള്ളില്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് കൂടിയിരിക്കണമെന്നുള്ള Universi Dominici Gregis എന്ന 1992-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനത്തിന്‍റെ പിന്‍ബലത്തിലാണ് കോണ്‍ക്ലേവ് വേഗമുണ്ടാകുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചത്. പാപ്പയുടെ തിരഞ്ഞെടുപ്പു സംബന്ധിച്ച മുന്‍പാപ്പ ബനഡിക്ട് 16-ാമന്‍റെ സ്വധികാര പ്രബോധന പ്രകാരം Normas Nunnullas കര്‍ദ്ദിനാളന്മാരുടെ സംഘം വത്തിക്കാനില്‍ എത്തിക്കഴിഞ്ഞാല്‍ 15 ദിവസത്തിനു മുന്‍പ് കോണ്‍ക്ലേവു തീരുമാനിച്ചു നടത്താന്‍ കര്‍ദ്ദിനാള്‍ സംഘത്തിന് അധികാരമുണ്ടെന്നും ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി.

സഭയുടെ ജീവനും വളര്‍ച്ചയും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചാവിഷയമാക്കിയ കര്‍ദ്ദിനാളന്മാരുടെ 7-ാമത്തെ പൊതുസമ്മേളനം ക്രിയാത്മകമായ സുവിശേഷവത്ക്കരണം, മതാന്തരസംവാദം, ലോക നീതി, മതസ്വാതന്ത്ര്യം, ജോണ്‍ പോള്‍ രണ്ടമന്‍ പാപ്പയുടെ ദര്‍ശനത്തിലുള്ള അനുരഞ്ജനത്തിന്‍റെ പാതയിലെ ദൈവിക കാരുണ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ചോദ്യോത്തരങ്ങളും സംവാദങ്ങളും നടത്തിയെന്നും വെളിപ്പെടുത്തി. കൂടാതെ സഭാഭരണം, സഭ ഭരണഘടനയിലെ വിവിധ കാര്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ചും കര്‍ദ്ദിളന്മാര്‍ ചര്‍ച്ചനടത്തിയെന്ന് സമ്മേളനത്തില്‍ നിശ്ശബ്ദനായി പങ്കെടുത്ത വത്തിക്കാന്‍ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമങ്ങളെ അറിയിച്ചു.

65 രാജ്യങ്ങളില്‍നിന്നായി ഇപ്പോള്‍ കത്തോലിക്കാ സഭയില്‍ നിലവില്‍ 207 കര്‍ദ്ദിനാളന്മാരാണുള്ളത്. അതില്‍ 80 വയസ്സിനുതാഴെ പ്രായമുള്ള വോട്ടര്‍മാരായ 117 കര്‍ദ്ദിനാളന്മാരുണ്ട്. അതില്‍ 115-പേര്‍ വത്തിക്കാനില്‍ എത്തിക്കഴിഞ്ഞു. വ്യത്യസ്ത കാരണങ്ങളാല്‍ രണ്ടുപേര്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിട്ടുള്ളതിനാല്‍ ഇപ്പോള്‍ വത്തിക്കാനില്‍ എത്തിക്കഴിഞ്ഞ 115 കര്‍ദ്ദിനാളന്മാരാണ് പാപ്പയെ തിരഞ്ഞെടുക്കുന്നതിന് കോണ്‍ക്ലേവി‍ല്‍ പ്രവേശിക്കുന്നത്. രഹസ്യവോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കുന്ന കര്‍ദ്ദിനാളായിരിക്കും ആഗോളസഭയുടെ തലവന്‍. 77 വോട്ടുകളാണ് ഇത്തവണത്തെ മൂന്നില്‍ രണ്ടു ഭൂരിപക്ഷമെന്നും ഫാദര്‍ ലൊമ്പാര്‍ഡി കണക്കുകൂട്ടി പ്രസ്താവിച്ചു.

Photo : Cardinal Gianfranco Ravasi arrives for the pre-conclave General Assembly on 8th March








All the contents on this site are copyrighted ©.