2013-03-07 20:31:47

വചന സാന്നിദ്ധ്യത്തിലൊരു
വോട്ടെടുപ്പ് – സിസ്റ്റൈന്‍ കപ്പേള


7 മാര്‍ച്ച് 2013, വത്തിക്കാന്‍
വചനം പ്രതിധ്വനിക്കുന്ന സിസ്റ്റൈന്‍ കപ്പേള ‘കോണ്‍ക്ലേവി’നൊരുങ്ങുന്നു.
പാപ്പയെ തിരഞ്ഞെടുക്കാനുള്ള കര്‍ദ്ദിനളന്മാരുടെ സ്വകാര്യ സമ്മേളനത്തിന്‍റെ, കോണ്‍ക്ലേവിന്‍റെ തിയതി ഇനിയും നിജപ്പെടുത്തിയിട്ടില്ലായെങ്കിലും,
അതിനുള്ള വേദിയായ വത്തിക്കാനിലെ സിസ്റ്റൈന്‍ കപ്പേള ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്ന്, വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, ബുധനാഴ്ച രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.

അനിതരസാധാരണമായ കലാചാതുരി പ്രകടമാക്കുകയും വചനം പ്രഘോഷിക്കുകയും ചെയ്യുന്ന മൈക്കിളാഞ്ചലോയുടെ അത്യപൂര്‍വ്വ ചുവര്‍ചിത്രങ്ങളാല്‍ അലംകൃതമായ ഈ വിശിഷ്ടസ്ഥാനം
25-ാം തവണയാണ് പാപ്പയുടെ തിരഞ്ഞെടുപ്പിന് വേദിയാകുന്നത്. സ്രഷ്ടാവിന്‍റെ വചനത്തോട് വിധേയനായി ജീവിക്കേണ്ട മനുഷ്യന്‍റെ അനുസരണ തേടുന്ന, സൃഷ്ടി മുതല്‍ അന്ത്യവിധിവരെയുള്ള ഒന്‍പത് രംഗങ്ങള്‍ മൈക്കിളാഞ്ചലോ കപ്പേളയുടെ ചുവിരുകളിലും മേല്‍ത്തട്ടിലുമായി തന്മയത്വത്തോടെ ആവിഷ്ക്കരിച്ചിരിക്കുന്നു.

സൃഷ്ടി മുതല്‍ അന്ത്യവിധിവരെ, ജീവിതാരംഭം മുതല്‍ അവസാനംവരെ
മനുഷ്യരോടു സംസാരിക്കുന്ന ആദിവചനത്തിന്‍റെ ദൃശ്യാവിഷ്ക്കാരത്തിനു മുന്നില്‍ സഭാജീവിതത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ ദൈവഹിതം കണ്ടെത്താന്‍ പരിശ്രമിക്കുന്ന കോണ്‍ക്ലേവിലെ കര്‍ദ്ദിനാളന്മാരും തിരുവചനത്താല്‍ പ്രചോദിതരായി പ്രവര്‍ത്തിക്കാന്‍
സിസ്റ്റൈന്‍ കപ്പേളയുടെ അന്തരീക്ഷം സഹായിക്കുമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി അഭിപ്രായപ്പെട്ടു.










All the contents on this site are copyrighted ©.