2013-03-06 16:13:16

പാപ്പയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
വത്തിക്കാനില്‍ മാധ്യമങ്ങളുടെ അതിപ്രസരം


6 മാര്‍ച്ച് 2013, വത്തിക്കാന്‍
വത്തിക്കാനിലേയ്ക്ക് ഡിജിറ്റല്‍ മാധ്യമങ്ങളുടെ തള്ളിക്കയറ്റമുണ്ടെന്ന്, സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ക്ലാവുദിയോ മരീയ ചേല്ലി അഭിമുഖത്തില്‍ പ്രസ്താവിച്ചു.

ബനഡിക്ട് 16-ാമന്‍ പാപ്പ സ്ഥാനത്യാഗം പ്രഖ്യാപിച്ച നിമിഷംമുതല്‍ വത്തിക്കാനിലേയ്ക്ക് ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെ
വന്‍ പ്രവാഹമാണെന്ന് വത്തിക്കാന്‍റെ മാധ്യമ കാര്യാലയത്തിന്‍റെ ഉത്തരവാദിത്തം വഹിക്കുന്ന കര്‍ദ്ദിനാള്‍ ചേല്ലി അറിയിച്ചു.
വത്തിക്കാനും റോമാ നഗരസഭയും ചേര്‍‍ന്ന് നിശിതമായ നിയന്ത്രണങ്ങള്‍ സംവിധാനംചെയ്ത ശേഷമാണ് മാധ്യമങ്ങളുടെ തള്ളിക്കയറ്റം നിയന്ത്രിക്കാനായതെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി വ്യക്തമാക്കി.

മാര്‍ച്ച് 5-വരെയ്ക്കും 66 വിവിധ രാജ്യങ്ങളില്‍നിന്നായി 24 ഭാഷകളിലായി 4432 അംഗീകൃത വാര്‍ത്താ ഏജെന്‍സികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വത്തിക്കാന്‍റെ മാധ്യമ കാര്യാലയം അനുമതി നല്കിയിട്ടുണ്ടെന്നും ആര്‍ച്ചുബിഷപ്പ് ചേല്ലി വ്യക്തമാക്കി.
ചരിത്ര സംഭവങ്ങള്‍ക്ക് വേദിയാകുന്ന വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലേയ്ക്ക് ക്യാമറക്കണ്ണ് എത്തത്തക്ക വിധത്തില്‍
വത്തിക്കാന്‍‍ കുന്നുകളുടെ വിവിധ ഭാഗങ്ങളില്‍, വത്തിക്കാന്‍റെ രാജവീഥി, വിയാ കൊണ്‍ച്ചീലിയാസ്സിയോനെയുടെ ആദ്യാന്ത്യഭാഗങ്ങള്‍ എന്നിവിടങ്ങളിലായിട്ടാണ് പുകള്‍പെറ്റ BBC, Eurovision, EWTN, Reuter, CNN, MEDIA America, തുടങ്ങിയ ഏജെന്‍സികള്‍ ഇനിയും ആരംഭിക്കാത്ത പാപ്പായുടെ തിരഞ്ഞെടുപ്പിന്‍റെ വെളുത്തപുക, പുതിയ പാപ്പായുടെ പ്രഥമ മുഖപ്രകാശനം, urbi et orbi സന്ദേശം എന്നിവയ്ക്കായി ക്യമറകളും സ്പോട്ട് ലൈറ്റുകളുമായി രാപ്പകല്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ആര്‍ച്ചുബിഷപ്പ് ചേല്ലി അറിയിച്ചു.









All the contents on this site are copyrighted ©.