2013-03-05 16:18:46

പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമന് കര്‍ദിനാള്‍ സംഘത്തിന്‍റെ ആശംസാസന്ദേശം


05 മാര്‍ച്ച്2013, വത്തിക്കാന്‍
സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് കര്‍ദിനാള്‍ സംഘം ആശംസാ സന്ദേശമയച്ചു. വിശ്രമ ജീവിതം നയിക്കുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ആശംസകള്‍ നേര്‍ന്ന കര്‍ദിനാള്‍ സംഘം മാര്‍പാപ്പയുടെ പ്രഭാപൂര്‍ണ്ണമായ ശുശ്രൂഷാകാലത്തെപ്രതി അദ്ദേഹത്തിന് കൃതജ്ഞത രേഖപ്പെടുത്തി. പാപ്പയുടെ മാതൃകാപരമായ അജപാലന ശുശ്രൂഷ സഭയുടേയും ലോകത്തിന്‍റേയും ക്ഷേമം ലക്ഷൃമാക്കിയുള്ളതായിരുന്നു. ‘കര്‍ത്താവിന്‍റെ മുന്തിരിത്തോപ്പില്‍’ അശ്രാന്തം ശുശ്രൂഷ ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോട് സഭ മുഴുവനുമുള്ള ആദരവാണ് തങ്ങള്‍ പ്രകടമാക്കുന്നതെന്ന് പ്രസ്താവിച്ച കര്‍ദിനാള്‍ സംഘം മുന്‍ മാര്‍പാപ്പയുടെ പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.
മാര്‍ച്ച് നാലാം തിയതി തിങ്കളാഴ്ച, കര്‍ദിനാള്‍മാരുടെ പ്രഥമ പൊതുയോഗത്തില്‍ എടുത്ത തീരുമാന പ്രകാരം തയ്യാറാക്കിയ സന്ദേശത്തില്‍ കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോയാണ് ഒപ്പുവച്ചിരിക്കുന്നത്.








All the contents on this site are copyrighted ©.