2013-03-05 16:19:24

കോണ്‍ക്ലേവ്: സിസ്റ്റൈന്‍ കപ്പേളയില്‍ ഒരുക്കങ്ങള്‍ ‌ആരംഭിച്ചു


05 മാര്‍ച്ച്2013, വത്തിക്കാന്‍
കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനാല്‍ സിസ്റ്റൈന്‍ കപ്പേളയിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് വത്തിക്കാന്‍ മ്യൂസിയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിമുതല്‍ അനിശ്ചിത കാലത്തേക്ക് സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് മ്യൂസിയം അധികൃതര്‍ വ്യക്തമാക്കി. വിശ്വപ്രസിദ്ധ കലാകാരന്‍ മൈക്കിളാഞ്ചലോയുടെ അനശ്വര ചിത്രീകരണങ്ങളുള്ള മേല്‍ത്തട്ടും ചുവരുകളുമുള്ള ഈ കൊച്ചു കപ്പേള വത്തിക്കാന്‍ മ്യൂസിയത്തിലെ മുഖ്യആകര്‍ഷണങ്ങളിലൊന്നാണ്. കഴിഞ്ഞ 24 തവണയും പത്രോസിന്‍റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടന്നത് സിസ്റ്റെന്‍ കപ്പേളയിലാണ്. കോണ്‍ക്ലേവുകളുടെ പരമ്പരാഗത മാതൃകയില്‍ തന്നെയാണ് ഇത്തവണയും വോട്ടെടുപ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുന്നത്. നാല്‍പത് പേരടങ്ങുന്ന വിദഗ്ദ സംഘമാണ്, കപ്പേളയിലെ വിശ്വോത്തര കലാസൃഷ്ടികള്‍ക്ക് തെല്ലും കോട്ടം വരുത്താതെ, ഈ സജ്ജീകരണം നടത്തുന്നതെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

എന്നാല്‍ കോണ്‍ക്ലേവ് ആരംഭിക്കുന്നതിനു മുന്‍പ് സിസ്റ്റൈന്‍ കപ്പേള സന്ദര്‍ശിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരവസരം ഉണ്ടാകുമെന്ന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്‍റെ മേധാവി ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു.








All the contents on this site are copyrighted ©.