2013-03-04 16:21:06

ബെനഡിക്ട് പതിനാറാമന്‍: പ്രത്യാശയുടെ സന്ദേശം ലോകത്തിനു നല്‍കിയ ആത്മീയ നായകന്‍ - ആര്‍ച്ചുബിഷപ്പ് സൂസപാക്യം


04 മാര്‍ച്ച്2013, തിരുവനന്തപുരം
പ്രത്യാശയുടെ സന്ദേശം ലോകത്തിനു നല്‍കിയ ശ്രേഷ്ഠനായ ആത്മീയ നായകനാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെന്ന് തിരുവനന്തപുരം അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് മരിയ കലിസ്റ്റസ് സൂസപാക്യം. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഒരു കൃതജ്ഞാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു യാഥാസ്ഥിതികനെന്നാണ് അദ്ദേഹത്തെക്കുറിച്ചുള്ള കേട്ടറിവ്. എന്നാല്‍ സൗമ്യനും ശാന്തശീലനുമായ ഒരു പിതാവിനേയാണ് താന്‍ വ്യക്തിപരമായി അദ്ദേഹത്തില്‍ ദര്‍ശിച്ചിട്ടുള്ളതെന്ന് ആര്‍ച്ചുബിഷപ്പ് പറഞ്ഞു. വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരിക്കുന്ന കാലം മുതല്‍ അദ്ദേഹത്തിന്‍റെ ഹൃദ്യമായ പെരുമാറ്റം തന്നെ ആകര്‍ഷിച്ചിരുന്നു. ഏറ്റവും ഒടുവിലായി, ആദ് ലിമിന സന്ദര്‍ശന വേളയില്‍ നടത്തിയ അവസാനത്തെ വ്യക്തിപരമായ കൂടിക്കാഴ്ച്ചയിലും ‘പ്രത്യാശയുടെ ചൈതന്യമാണ് ഇന്നത്തെ ലോകത്തിനാവശ്യം’ എന്ന് മാര്‍പാപ്പ പ്രത്യേകം എടുത്തു പറഞ്ഞതും ആര്‍ച്ചുബിഷപ്പ് സൂസപാക്യം അനുസ്മരിച്ചു.
സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോടുള്ള ആദരസൂചകമായി വത്തിക്കാന്‍റെ മുഖപത്രം ഒസ്സെര്‍വാത്തോരെ റോമാനോയുടെ മലയാള പ്രസാധകര്‍, കാര്‍മ്മല്‍ പബ്ലിഷിംങ്ങ് ഹൗസ് സംഘടിപ്പിച്ച കൃതജ്ഞതാ സമ്മേളനത്തിലും പ്രാര്‍ത്ഥനാകൂട്ടായ്മയിലും തിരുവനന്തപുരം സീറോ മലങ്കര അതിരൂപതയുടെ സഹായ മെത്രാന്‍ സാമുവേല്‍ മാര്‍ ഇറേനിയോസ്, ചങ്ങനാശേരി അതിരൂപതാ വികാരി ജനറല്‍ ഫാ. ജോണ്‍ തടത്തില്‍, എന്നിവരും ആശംസാ സന്ദേശം നല്‍കി.








All the contents on this site are copyrighted ©.