2013-03-04 16:20:12

കര്‍ദിനാള്‍മാരുടെ പ്രഥമ യോഗം: പങ്കെടുത്തത് 142 കര്‍ദിനാള്‍മാര്‍


04 മാര്‍ച്ച്2013, വത്തിക്കാന്‍
പത്രോസിന്‍റെ സിംഹാസനം ഒഴിഞ്ഞു കിടക്കുന്ന കാലത്തെ (സേദേ വക്കാന്തെ) കര്‍ദിനാള്‍മാരുടെ പ്രഥമ യോഗം മാര്‍ച്ച് നാലാം തിയതി തിങ്കളാഴ്ച വത്തിക്കാനില്‍ നടന്നു. തിങ്കളാഴ്ച രാവിലെ 9.30ന് വത്തിക്കാനിലെ പോള്‍ ആറാമന്‍ മന്ദിരത്തിലുള്ള സിനഡ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ 142 കര്‍ദിനാള്‍മാര്‍ പങ്കെടുത്തുവെന്ന് വത്തിക്കാന്‍ വക്താവ് ഫാ.ഫെദറിക്കോ ലൊംബാര്‍ദി അറിയിച്ചു. മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള 80 വയസില്‍ താഴെയുള്ള കര്‍ദിനാള്‍മാരില്‍ 103പേര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. വോട്ടവകാശമുള്ള 12 കര്‍ദിനാള്‍മാര്‍ വൈകാതെ വത്തിക്കാനിലെത്തുമെന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫാ.ലൊംബാര്‍ദി പറഞ്ഞു. കര്‍ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോ കമര്‍ലെംഗോ കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, കര്‍ദിനാള്‍ സംഘത്തിന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ലൊറെന്‍സോ ബാള്‍ദിസിയെറി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. സ്ഥാനിക ദേവാലയത്തിന്‍റെ അടിസ്ഥാനത്തില്‍, (കര്‍ദിനാള്‍ മെത്രാന്‍, കര്‍ദിനാള്‍ പുരോഹിതന്‍, കര്‍ദിനാള്‍ ഡീക്കന്‍) നിശ്ചയിക്കപ്പെട്ട നിര്‍ദിഷ്ട സ്ഥാനമാണ് ഓരോ കര്‍ദിനാളിനും നല്‍കപ്പെട്ടിരിക്കുന്നത്.
പ്രാരംഭ പ്രാര്‍ത്ഥനയ്ക്കു ശേഷം, യോഗത്തിന്‍റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി കര്‍ദിനാള്‍മാരുടെ സത്യപ്രതിജ്ഞയോടെയാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചത് . അടുത്ത മൂന്ന് ദിവസത്തേക്ക് കര്‍ദിനാള്‍ കമര്‍ലെംഗോയുടെ സഹായികളായി മൂന്ന് കര്‍ദ‍ിനാള്‍മാരുടെ പേര് നറുക്കിട്ടെടുത്തു. കര്‍ദിനാള്‍ മെത്രാന്‍മാരുടെ പ്രതിനിധിയായി കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസറ്റ റെ, കര്‍ദിനാള്‍ പുരോഹിതരുടെ പ്രതിനിധിയായി കര്‍ദിനാള്‍ ക്രെഷെന്‍സ്യോ സെപെ, കര്‍ദിനാള്‍ ഡീക്കന്‍മാരെ പ്രതിനിധീകരിച്ച് കര്‍ദിനാള്‍ ഫ്രാങ്ക് റോദേ എന്നിവരാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്.
വിരമിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ഒരു കൃതജ്ഞാസന്ദേശം തയ്യാറാക്കണമെന്ന കര്‍ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ അഭിപ്രായം കര്‍ദിനാള്‍മാര്‍ ഐക്യകണ്ഠേന അംഗീകരിച്ചു.
സെദേ വക്കാന്തെ കാലയളവില്‍ കര്‍ദിനാള്‍മാര്‍ക്ക് നല്‍കപ്പെടുന്ന രണ്ട് ധ്യാനപ്രസംഗങ്ങളില്‍ ആദ്യത്തേത് പേപ്പല്‍ ഭവനത്തിലെ ഔദ്യോഗിക പ്രഭാഷകനായ കപ്പൂച്ചിന്‍ സന്ന്യസ്ത വൈദികന്‍ ഫാ.റെനിയേരോ കന്തലമേസ നല്‍കുമെന്നും ഫാ.ലൊംബാര്‍ദി വെളിപ്പെടുത്തി. കോണ്‍ക്ലേവിന്‍റെ ആരംഭത്തില്‍ നടക്കുന്ന രണ്ടാമത്തെ ധ്യാനപ്രസംഗം ആരാണ് നയിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല. കര്‍ദിനാള്‍മാര്‍ക്ക് പരസ്പരം കണ്ട് പരിചയപ്പെടുന്നതിനും ആശയങ്ങള്‍ കൈമാറുന്നതിനും സഹായകരമായിരുന്നു യോഗത്തിലെ 30 മിനിറ്റു നീണ്ട ഇടവേളയെന്ന് ഫാ.ലൊംബാര്‍ദി അഭിപ്രായപ്പെട്ടു. ഇടവേളയ്ക്കുശേഷം നടന്ന രണ്ടാമത്തെ യോഗത്തില്‍ 13 കര്‍ദിനാള്‍മാര്‍ പ്രസംഗിച്ചുവെന്നും ഫാ.ലൊംബാര്‍ദി അറിയിച്ചു.








All the contents on this site are copyrighted ©.