2013-03-01 16:05:55

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സാമൂഹ്യ ദര്‍ശനവും ദൗത്യവും


ഒരു മാര്‍പാപ്പ ലോകം മുഴുവനേയും തന്‍റെ ഹൃദയത്തോടു ചേര്‍ക്കുന്നു.”
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫെബ്രുവരി 27ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ ചത്വരത്തില്‍ നടത്തിയ വിടപറയല്‍ പ്രസംഗത്തിലെ ഈ വാക്കുകളില്‍ തെളിയുന്നത് ലോകം മുഴുവനോടും മാര്‍പാപ്പയ്ക്കുള്ള സ്നേഹവും വാത്സല്യവുമാണ്. പത്രോസിന്‍റെ പിന്‍ഗാമിയും റോമന്‍ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനുമായ മാര്‍പാപ്പ വിശ്വാസസമൂഹത്തിന്‍റെ മാത്രമല്ല ലോകം മുഴുവന്‍റേയും നന്‍മയ്ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന ലോകനേതാവെന്ന നിലയില്‍ സകലര്‍ക്കും സമാദരീണയനാകുന്നു. ദൈവസ്നേഹത്തിന്‍റേയും പരസ്നേഹത്തിന്‍റേയും മുദ്രപതിഞ്ഞതാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ജീവിത മാതൃക.
“ദൈവം സ്നേഹമാണ്. സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു” (1 യോഹ. 4,16) എന്ന തിരുവചനം ഉദ്ധരിച്ചുകൊണ്ട് ആരംഭിച്ച പ്രഥമ ചാക്രിക ലേഖനവും (Deus Caritas Est) “പ്രത്യാശയിലാണ് നാം രക്ഷപ്രാപിക്കുന്നത്.” (റോമ 8,24) എന്ന വിശുദ്ധ ഗ്രന്ഥഭാഗം ആവര്‍ത്തിച്ചുകൊണ്ട് അനന്തസ്നേഹമാകുന്ന ക്രിസ്തുവിലുള്ള പ്രത്യാശയിലൂടെ കരഗതമാകുന്ന രക്ഷയെക്കുറിച്ച് പ്രതിപാദിച്ച (Spe Salvi) രണ്ടാമത്തെ ചാക്രിക ലേഖനവും കത്തോലിക്കരെ മാത്രം അഭിസംബോധന ചെയ്താണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രചിച്ചത്. എന്നാല്‍ 2009ല്‍ രചിച്ച മൂന്നാമത്തേയും അവസാനത്തേയും ചാക്രിക ലേഖനം ‘സത്യത്തില്‍ സ്നേഹം’ (Caritas in veritate) സന്‍മനസ്സുള്ള എല്ലാവര്‍ക്കുമായാണ് മാര്‍പാപ്പ സമര്‍പ്പിച്ചത്. കാരണം “ഓരോ വ്യക്തിയുടേയും മനുഷ്യവംശം മുഴുവന്‍റേയും യഥാര്‍ത്ഥ പുരോഗതിയ്ക്ക് പിന്നിലുള്ള ചാലക ശക്തിയാണ് സത്യത്തിലുള്ള സ്നേഹം. (സത്യത്തില്‍ സ്നേഹം,1)”

ദൈവത്തോടും സഹോദരങ്ങളോടുമുള്ള വ്യക്തിബന്ധത്തിന്‍റെ ഉള്‍ക്കാമ്പ് സ്നേഹമാണ്. അത് ചെറിയ ബന്ധങ്ങളുടെ മാത്രമല്ല (ഉദാ:സുഹൃത്തുക്കള്‍, കുടുംബങ്ങള്‍, ചെറിയ സമൂഹങ്ങള്‍) വിശാലമായ സാമൂഹ്യബന്ധങ്ങളുടേയും (ഉദാ:സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബന്ധങ്ങള്‍) അടിസ്ഥാനപ്രമാണമാണ്. ഈ സ്നേഹം ദുര്‍വ്യാഖ്യാനിക്കപ്പെടുകയും അര്‍ത്ഥശൂന്യമാക്കപ്പെടുകയും ജീവിതത്തില്‍ നിന്ന് പുറംതള്ളപ്പെടുകയും ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തില്‍ സത്യമായ സ്നേഹത്തേക്കുറിച്ച് കരുത്തോടെ പ്രഘോഷിച്ച ധീര നായകനാണ് ബെനഡിക്ട് പതിനാറാമന്‍. ദൈവത്തെ മാറ്റി നിറുത്തി സ്നേഹത്തേയും നന്‍മയേയും ആപേക്ഷികവല്‍ക്കരിക്കുന്ന ദുഷ്പ്രവണതകളുടെ പൊള്ളത്തരം യുക്തിപൂര്‍വ്വം പൊളിച്ചടുക്കുന്ന ഈ ചാക്രിക ലേഖനം ധാര്‍മ്മികമൂല്യങ്ങളിലധിഷ്ഠിതമായ സാമൂഹ്യ സാംസ്ക്കാരിക സാമ്പത്തിക മേഖലകള്‍ക്കുവേണ്ടിയുള്ള ശക്തമായ ആഹ്വാനമാണ്.

ലോക നേതാക്കളും സാമ്പത്തിക വിദഗ്ദരും ആദരപൂര്‍വ്വം സ്വീകരിച്ച ഈ ഉത്ബോധനരേഖയില്‍ സത്യവും സ്നേഹവും വികസനത്തിന്‍റെ അടിസ്ഥാന ശിലകളായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അവതരിപ്പിച്ചു. “ചരിത്രത്തിന്‍റെ ഗതിവിഗതികള്‍ക്കിടയിലും മനുഷ്യനെ സ്വതന്ത്രനാക്കാനുള്ള സ്നേഹത്തിന്‍റെ ശക്തി ആവിഷ്ക്കരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് സത്യമാണ്. അത് ഒരേ സമയം വിശ്വാസത്തിന്‍റെ സത്യവും യുക്തിയുടെ സത്യവുമാണ്. ഒരേ സത്യത്തിലേക്ക് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്ന രണ്ട് മാര്‍ഗ്ഗങ്ങളാണല്ലോ വിശ്വാസവും യുക്തിയും. പുരോഗതി, സാമൂഹിക സുസ്ഥിതി, മനുഷ്യവംശം നേരിടുന്ന ഭീകരമായ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍, എന്നിവയ്ക്കെല്ലാം ഈ സത്യം ആവശ്യമാണ്”. സത്യസന്ധമായ സ്നേഹത്തിന്‍റെ അഭാവത്തില്‍ “സാമൂഹ്യ പ്രവര്‍ത്തനം വ്യക്തി താല്‍പര്യങ്ങളേയും അധികാര ശക്തികളേയും സംരക്ഷിക്കാനുള്ള മറയായി മാറും. അത് സമൂഹത്തെ തകര്‍ത്ത് തരിപ്പണമാക്കും” - മാര്‍പാപ്പ മുന്നറിയിപ്പു നല്‍കി. സ്നേഹം പൊള്ളയായ വികാര പ്രകടനമല്ല, സത്യവും നീതിയും അതിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. “നീതി സ്നേഹത്തിന് അന്യമല്ല...സ്നേഹത്തിന്‍റെ ആദ്യപടിയാണ് നീതി.”
സാമ്പത്തിക മാന്ദ്യത്തിലും പ്രതിസന്ധികളിലും ആടിയുലയുന്ന ഒരു ലോകത്തില്‍ നിരാശയ്ക്ക് അടിമപ്പെടാതെ ക്രിയാത്മകമായി ചിന്തിക്കാനും, വീഴ്ച്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു കുതിക്കാനും സ്നേഹവും പ്രത്യാശയും കൂടിയേതീരൂ. “വിശ്വാസത്തിന്‍റേയും യുക്തിയുടേയും പ്രഭയാല്‍ ദീപ്തമാക്കപ്പെട്ട സ്നേഹത്തിലൂടെ മാത്രമേ മാനുഷികവും കൂടുതല്‍ മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ വികസനലക്ഷൃം സാധ്യമാകൂ.....സ്വാതന്ത്ര്യത്തിന്‍റേയും മനഃസാക്ഷിയുടേയും പാരസ്പര്യത്തിന് വഴിതുറക്കുന്ന....സ്നേഹത്തിന്‍റെ ശക്തിക്കുമാത്രമേ അതു സാധിക്കൂ.”
വ്യക്തികള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ ആഗോളവല്‍ക്കരണത്തിനു സാധിക്കും എന്നാല്‍ മനസുകള്‍ തമ്മില്‍ അടുക്കണമെങ്കില്‍ സ്നേഹം വേണം. സത്യവും ധര്‍മ്മവും നീക്കി നിറുത്തിക്കൊണ്ടുള്ള വികസന പദ്ധതികളുടെ പ്രത്യാഘാതങ്ങള്‍ വിശ്വമാനവികതയ്ക്കു നല്‍കിയ മുറിവുകള്‍ സൗഖ്യപ്പെടണം. അത്തരം വീഴ്ച്ചകള്‍ ഇനിയും ആവര്‍ത്തിക്കരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ച ആത്മീയ നേതാവിന്‍റെ ആധികാരിക പ്രബോധനങ്ങള്‍ സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാതലങ്ങളേയും സ്പര്‍ശിക്കുന്നതായിരുന്നു.

സമൂഹങ്ങള്‍ക്കിടയിലും രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള അസമത്വം, അസന്തുലിതമായ വിഭവ വിതരണം, ഭക്ഷൃക്ഷാമം, യഥാര്‍ത്ഥ വികസനത്തെ കാര്‍ന്നു തിന്നുന്ന അഴിമതി, ചൂഷണം, സാംസ്ക്കാരിക മൂല്യച്യുതി,ധാര്‍മ്മിക അധഃപതനം, പ്രകൃതി വിഭവങ്ങളുടെ ദുര്‍വിനിയോഗം, എന്നിങ്ങനെ വസുധൈവ കുടുംബകത്തെ തകര്‍ച്ചയിലേക്കു നയിക്കുന്ന പ്രവര്‍ത്തികളെ നഖശിഖാന്തം എതിര്‍ത്ത ഈ ചാക്രിക ലേഖനം സമഗ്രമനുഷ്യന്‍റേയും മാനവ കുടുംബം മുഴുവന്‍റേയും യഥാര്‍ത്ഥ വികസനത്തിനായി ശബ്ദമുയര്‍ത്തി. ലോകത്തിന്‍റെ സാമൂഹ്യ സാമ്പത്തിക വികസനത്തിനായി തിരക്കിട്ട് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന സര്‍ക്കാരുകളെ മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു: “ആത്യന്തികമായി സംരക്ഷിക്കപ്പെടുകയും വിലമതിക്കപ്പെടുകയും ചെയ്യേണ്ട മൂലധനം മനുഷ്യവ്യക്തിയാണ്”. ‘സാമ്പത്തിക – സാമൂഹിക ജീവിതത്തിന്‍റെ ഉറവിടവും കേന്ദ്രവും ലക്ഷൃവും മനുഷ്യനാണ്’ എന്ന കത്തോലിക്കാ വിശ്വാസസംഹിതയില്‍ അടിയുറച്ച വാക്കുകള്‍!
ശാരീരികവും മാനസികവുമായ ക്ഷേമത്തോടൊപ്പം ആത്മീയ ക്ഷേമവും യഥാര്‍ത്ഥവികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞു.
സ്നേഹമില്ലാത്ത വിജ്ഞാനം വന്ധ്യമാണ്. “കമ്പോളയുക്തി കൊണ്ടു മാത്രം എല്ലാ സാമൂഹ്യ പ്രശ്നങ്ങളും പരിഹരിക്കാന്‍ സാധ്യമല്ല”. പൊതുക്ഷേമത്തിലേക്ക് അതിന്‍റെ ഗതി തിരിച്ചുവിടാന്‍ രാഷ്ട്രീയ സമൂഹത്തിനും കടമയുണ്ട്” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “സമൂഹം കമ്പോളത്തില്‍ നിന്ന് ഓടി രക്ഷപ്പെടേണ്ട കാര്യമില്ല.” ബിസിനസ് സാമ്രാട്ടുകളും വന്‍കിട വ്യാപരികളും നിക്ഷേപകരും തങ്ങളുടെ പ്രവര്‍ത്തികളെക്കുറിച്ച് ഉത്തരവാദിത്വമുള്ളവരാവുകയാണ് വേണ്ടത്. “ഉപകരണമല്ല ഉത്തരവാദി, (അത് ഉപയോഗിക്കുന്ന) വ്യക്തികളും അവരുടെ ധാര്‍മ്മിക മനസാക്ഷിയും, വ്യക്തിപരവും സാമൂഹികവുമായ അവരുടെ ഉത്തരവാദിത്വവുമാണ് കണക്കു പറയേണ്ടിവരുക”യെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സാമ്പത്തിക ലോകത്തെ ഓര്‍മ്മിപ്പിച്ചു.

വ്യക്തികളുടെ അവകാശങ്ങളും കടമകളും ഉറപ്പുവരുത്തുന്നതോടപ്പം പ്രകൃതി സംരക്ഷണവും വികസനത്തിന്‍റെ അടിസ്ഥാന ഘടകമാണെന്ന് ചൂണ്ടിക്കാണിക്കുന്ന മാര്‍പാപ്പ പൊള്ളയായ അവകാശവാദങ്ങള്‍ക്ക് പിന്തുണ നല്‍കുന്നില്ല. ധാര്‍മ്മികതയില്‍ അടിയുറച്ച വ്യക്തി ജീവിതവും സത്യസന്ധമായ സാമൂഹ്യക്രമവുമാണ് അദ്ദേഹം അവതരിപ്പിച്ചത്. ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കാനും അതേസമയം അന്യന്‍റെ അവകാശങ്ങള്‍ക്കു വിഘാതമാകാതെ ജീവിച്ചുകൊണ്ട് സ്വന്തം കടമകളും ഉത്തരവാദിത്വങ്ങളും നിറവേറ്റാനും അദ്ദേഹം ലോക സമൂഹത്തെ ക്ഷണിച്ചു. സാമ്പത്തികവും സാമൂഹ്യവുമായി അടിച്ചമര്‍ത്തപ്പെടുന്നവരുടേയും പ്രവാസ ജീവിതം നയിക്കുന്നവരുടേയും വേദനകള്‍ വിസ്മരിക്കരുതെന്നും മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ദൈവത്തിന്‍റെ യഥാര്‍ത്ഥ കാര്യസ്ഥരായി പ്രപഞ്ചത്തെ സംരക്ഷിക്കാനും പ്രകൃതിക്കനുയോജ്യമായ ജീവിതം നയിക്കാനുമുള്ള ക്ഷണവും ഈ ചാക്രിക ലേഖനത്തില്‍ തെളിഞ്ഞു കാണാം.

സാര്‍വ്വത്രിക തലത്തില്‍ ജനപ്രീതി നേടിയ ഈ ചാക്രിക ലേഖനത്തില്‍ പക്ഷേ, ആപേക്ഷികതാവാദത്തിന്‍റെ മറപറ്റി അധാര്‍മ്മികതയ്ക്ക് ധാര്‍മ്മികതയുടേയും അസത്യത്തിന് സത്യത്തിന്‍റേയും മേലൊപ്പു ചാര്‍ത്തിക്കൊടുക്കാനോ വിശ്വാസസംഹിതയില്‍ വെള്ളം ചേര്‍ത്ത് ജനസമ്മിതി നേടാനോ യാതൊരു ശ്രമവും കാണാനാവില്ല. പട്ടിണിയ്ക്കും ദാരിദ്ര്യത്തിനും രോഗങ്ങള്‍ക്കും തൊഴിലില്ലായ്മയ്ക്കും പരിഹാരം കാണേണ്ടത് അടിയന്തരമാണെന്ന് പ്രസ്താവിച്ച മാര്‍പാപ്പ ജീവന്‍ അതിന്‍റെ ആരംഭം മുതല്‍ അവസാനം വരെ പാവനമായി സംരക്ഷിക്കപ്പെടണമെന്നും ഉത്ബോധിപ്പിച്ചു. മനുഷ്യ ക്ഷേമത്തിനു ഹാനികരമാകുന്ന രാഷ്ട്രീയവും സാങ്കേതികവുമായ പ്രത്യയ ശാസ്ത്രങ്ങളിലും ജീവിത വീക്ഷണങ്ങളിലും ഒളിഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് ശക്തമായ താക്കീതും നല്‍കി. ‘സാങ്കേതിക ലോകവീക്ഷണ’ ത്തിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ഈ ചാക്രിക ലേഖനം വ്യക്തമായ സൂചനകള്‍ നല്കുന്നുണ്ട്. “സാങ്കേതികമായി ചിന്തിക്കുകയും അതേസമയം സ്വന്തം പ്രവര്‍ത്തിയുടെ മാനുഷിക മൂല്യവും അര്‍ത്ഥവും ആഴത്തില്‍ ഗ്രഹിക്കുകയും ചെയ്യുന്ന മനുഷ്യ മനസ്സാണ് വികസനത്തിന്‍റെ ആണിക്കല്ല്.” എന്ന പ്രബോധനം ലോകത്തെ ഇരുത്തി ചിന്തിപ്പിക്കുന്നത് സ്വാഭാവികമല്ലേ?

ഭൗതിക വീക്ഷണത്തെ അതിലംഘിക്കാനും ആത്മീയതയുടെ ഉയരങ്ങള്‍ സ്വന്തമാക്കാനും കഴിയുന്ന പുതിയ ഹൃദയവും മിഴികളും സ്വന്തമാക്കുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വികസനം ഉണ്ടാകൂ.” ആത്മീയതയുടെ മാര്‍ഗത്തിലൂടെ ചരിച്ചുകൊണ്ട് സത്യത്തിലുള്ള സ്നേഹത്തില്‍ അടിയുറച്ച സമഗ്രമായ മാനവ പുരോഗതി കൈവരിക്കാന്‍ മാര്‍പാപ്പ ലോകത്തിനു നല്‍കിയ യുക്തിയുക്തവും അതിമനോഹരവുമായ ക്ഷണമാണ് ‘സത്യത്തില്‍ സ്നേഹം’ (Caritas in veritate)***

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സാമൂഹ്യപ്രബോധനങ്ങളില്‍ പ്രഥമസ്ഥാനം 'സത്യത്തില്‍ സ്നേഹം' (Caritas in Veritate) എന്ന ചാക്രിക ലേഖനത്തിനാണെന്ന് നിസംശയം പറയാം. എന്നാല്‍ ഈ ചാക്രിക ലേഖനത്തിനു പുറമേ നിരവധി ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും സന്ദേശങ്ങളിലും തന്‍റെ മുന്‍ഗാമികളെപ്പോലെ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സാമൂഹ്യ വിഷയങ്ങള്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയിട്ടുണ്ട്. അനുവര്‍ഷം പ്രസിദ്ധീകരിക്കുന്ന ലോക സമാധാന ദിന സന്ദേശങ്ങളും, ലോക പ്രവാസി ദിനാചരണം, യുവജന ദിനാചരണം, രോഗീ ദിനാചരണം, മാധ്യമദിനാചരണം തുടങ്ങിയ വേളകളില്‍ നല്‍കിയിട്ടുള്ള സന്ദേശങ്ങളും മാര്‍പാപ്പയുടേയും കത്തോലിക്കാ സഭയുടേയും സാമൂഹ്യ പ്രതിബദ്ധത വെളിവാക്കുന്നതാണ്. അതിനു പുറമേ പുതുവര്‍ഷാരംഭത്തില്‍ നയതന്ത്ര പ്രതിനിധികളുമായി നടത്തുന്ന വാര്‍ഷിക സമ്മേളനത്തിലും റോമാ നഗരത്തിനും ലോകത്തിനുമായി നല്‍കുന്ന ‘ഊര്‍ബ്ബി എത് ഓര്‍ബ്ബി’ സന്ദേശത്തിലും ലോക ജനതയുടെ ആനന്ദത്തിലും വേദനയിലും പങ്കുചേരുന്ന, മനുഷ്യസ്നേഹിയായ ആത്മീയ നായകനെ നമുക്ക് ദര്‍ശിക്കാം.
***

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സാമൂഹ്യ ദര്‍ശനങ്ങള്‍ യുക്തിയുക്തവും ആനുകാലിക പ്രസക്തവുമായ പ്രബോധനങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ക്രിസ്തുവിന്‍റെ സ്നേഹവും സഭയുടെ സാമീപ്യവുമായി അദ്ദേഹം മനുഷ്യകുടുംബത്തിന്‍റെ ആനന്ദത്തിലും നൊമ്പരത്തിലും ഒരുപോലെ പങ്കാളിയായി. ആതുരാലയങ്ങളിലും തടവറകളിലും ദൈവസ്നേഹത്തിന്‍റെ ദൂതുമായി അദ്ദേഹം കടന്നുചെന്നു. സാന്ത്വനവചസു പകര്‍ന്നും സഹായഹസ്തമേകിയും അശരണര്‍ക്കും ആലംബഹീനര്‍ക്കും ദുരിതബാധിതര്‍ക്കുമൊപ്പം നിന്നു. തെരുവിന്‍റെ മക്കള്‍ക്കു വിരുന്നൊരുക്കി. ലോകത്തിന്‍റെ ഏതു കോണിലും പ്രകൃതിദുരന്തങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനു പുറമേ ഞായറാഴ്ചകളിലെ പൊതു ത്രികാല പ്രാര്‍ത്ഥനാ മധ്യേ, അവരെ സഹായിക്കാന്‍ കത്തോലിക്കാ ഉപവി സംഘടനകളോടും ഇതര സന്നദ്ധ പ്രവര്‍ത്തകരോടും ലോക രാഷ്ട്രങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതും പാപ്പായുടെ പതിവായിരുന്നു. അതോടൊപ്പം മനുഷ്യനിര്‍മ്മിതമായ ദുരന്തങ്ങളെ പരസ്യമായി വിമര്‍ശിച്ച പാപ്പ അക്രമവും അനീതിയും അവസാനിപ്പിക്കാന്‍ നിരന്തരം ആഹ്വാനം ചെയ്തു.
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ആത്മീയ പാത പിന്തുടര്‍ന്ന് ലോക ലോക മതനേതാക്കള്‍ക്കൊപ്പം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും സമാധാന ദൂതനായ വി.ഫ്രാന്‍സ്സീസ് അസ്സീസിയുടെ ജന്‍മനാട്ടിലേക്ക് തീര്‍ത്ഥാടനം നടത്തി. മതത്തിന്‍റെ പേരിലുള്ള ഭീകരവാദവും ദൈവവിദ്വേഷവും മനുഷ്യന് ഒരുപോലെ ഹാനികരമാണെന്ന് പ്രഖ്യാപിച്ച പാപ്പ ക്രിസ്തുമതത്തിന്‍റെ പേരില്‍ നടന്നിട്ടുള്ള അക്രമങ്ങളെ പ്രതി മാപ്പപേക്ഷിക്കാനും ആര്‍ജ്ജവം കാട്ടി. എന്നാല്‍ മതസ്വാതന്ത്ര്യമില്ലാതെ വ്യക്തി സ്വാതന്ത്ര്യം പൂര്‍ണ്ണമാവില്ല, സ്നേഹവും സമാധാനവുമാണ് എല്ലാ മതങ്ങളുടേയും അന്തഃസത്ത, ഓരോ മതവിശ്വാസിയും മതത്തിന്‍റെ യഥാര്‍ത്ഥ സത്തയില്‍ ജീവിക്കുമ്പോഴാണ് ഭൂമിയില്‍ സമാധാനം പുലരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മധ്യപൂര്‍വ്വദേശത്തേയും ആഫ്രിക്കന്‍ രാജ്യങ്ങളിലേയും കലാപങ്ങളും വിപ്ലവങ്ങളും ആശങ്കയോടും അതിലേറെ ഉത്കണ്ഠയോടും കൂടി വീക്ഷിച്ച മാര്‍പാപ്പ അനുരജ്ഞന ചര്‍ച്ചകളിലൂടെ അക്രമം അവസാനിപ്പിക്കാന്‍ രാഷ്ട്ര നേതാക്കളോടും വിപ്ലവകാരികളോടും നിരന്തരം അഭ്യര്‍ത്ഥിച്ചതിനും ലോകം സാക്ഷിയായി. ആക്രമണത്തിനിരയായവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടി സാധിക്കുന്ന രീതിയിലെല്ലാം സഹായമെത്തിക്കുവാന്‍ മാര്‍പാപ്പ ശ്രമിച്ചതിന്‍റെ പ്രത്യക്ഷ തെളിവാണ് കത്തോലിക്കാ ഉപവിപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സറാ മദ്ധ്യപൂര്‍വ്വദേശത്ത് നടത്തിയ ഇടയ സന്ദര്‍ശനങ്ങള്‍.

സാര്‍വ്വത്രിക സഭ മാത്രമല്ല ലോകം മുഴുവന്‍ ആശങ്കയോടെ വീക്ഷിക്കവേ “സമാധാനത്തിന്‍റെ ദൂതുമായി” ബെനഡിക്ട് പതിനാറാമന്‍ ലെബനോണിലെത്തി. സിറിയയില്‍ കലാപം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അയല്‍രാജ്യമായ ലെബനോണിലേക്ക് പോകാതിരിക്കുന്നതാണ് നല്ലതെന്ന വിവേകശാലികളുടെ മുന്നറിയിപ്പുകള്‍ ആ നല്ലിടയന്‍റെ വലിയ സ്നേഹത്തിന് തടസ്സമായില്ല. വേദനയുടെ തീച്ചൂളയില്‍ കഴിയുന്ന ജനത്തോട്, മാര്‍പാപ്പയും സഭയും അവര്‍ക്കൊപ്പം ഉണ്ടെന്നു പറയാന്‍, അവരോടൊത്തു പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹം അവിടെയെത്തി.
ഭൗതിക അധികാരമോ രാഷ്ട്രീയ വാഗ്ദാനമോ ഉറപ്പുനല്‍കാനല്ല മാര്‍പാപ്പ അവര്‍ക്കു മുന്‍പിലെത്തിയത്. ആഴമായ ദൈവവിശ്വാസവും മനുഷ്യസ്നേഹവുമായിരുന്നു അദ്ദേഹത്തിന്‍റെ കൈമുതല്‍.
സിറിയന്‍ യുവജനത്തോട് മാര്‍പാപ്പ പറഞ്ഞു: “ സിറിയയില്‍ നിന്നുള്ള യുവജനങ്ങളെ.... നിങ്ങളുടെ ധൈര്യം ഞാനെത്രമാത്രം ആദരിക്കുന്നുണ്ടെന്ന് നിങ്ങളോടു പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. പാപ്പ നിങ്ങളെ മറന്നിട്ടില്ലെന്ന് നിങ്ങളുടെ കുടുംബങ്ങളോടും സുഹൃത്തുക്കളോടും നിങ്ങള്‍ പറയണം. നിങ്ങളുടെ സഹനത്തിലും ദുരിതത്തിലും മാര്‍പാപ്പ ദുഃഖിതനാണെന്നും നിങ്ങള്‍ അവരോടു പറയണം. സിറിയന്‍ ജനതയെക്കുറിച്ച് ഉത്കണ്ഠാകുലനായ പാപ്പ തന്‍റെ പ്രാര്‍ത്ഥനയില്‍ അവരെ ഓര്‍ക്കുന്നതുപോലെ മധ്യപൂര്‍വ്വദേശത്തെ വേദനിക്കുന്ന എല്ലാവരേയും ഓര്‍ക്കുന്നുണ്ട്. അക്രമത്തിനും യുദ്ധത്തിനും വിരാമമിടാന്‍ മുസ്ലീമുകളും ക്രൈസ്തവരും ഒരുമിച്ച് അണിനിരക്കേണ്ട സമയം സമാഗതമായിരിക്കുന്നു”.

തന്നെ സന്ദര്‍ശിക്കാനെത്തിയ മുസ്ലീം യുവജനങ്ങളേയും ആത്മാര്‍ത്ഥമായ സ്നേഹത്തോടെ അഭിവാദ്യം ചെയ്ത മാര്‍പാപ്പ മതമൈത്രിയിലും ഐക്യത്തിലും ജീവിച്ചുകൊണ്ട് സ്വരാഷ്ട്രം പടുത്തുയര്‍ത്താന്‍ അവരെ ആഹ്വാനം ചെയ്തു.

“ആയുധങ്ങളുടെ ഇരമ്പലും അതോടൊപ്പം വിധവകളുടേയും അനാഥരുടേയും വിലാപവും ഇനിയും തുടരുന്നത് വേദനാജനകമാണ്… ശത്രുതയുടേയും വൈരാഗ്യത്തിന്‍േയും ആദ്യ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണ്. എന്തിനാണിത്ര ഭീകരത? മനുഷ്യര്‍ എന്തിനാണിങ്ങനെ മരിക്കുന്നത്? ഇതെല്ലാം അവസാനിപ്പിക്കാന്‍, മനുഷ്യാന്തസ്സും മതസ്വാതന്ത്രവും ആദരിക്കുന്ന പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദേശിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും അറബുലോകത്തോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു... ആയുധങ്ങളുടെ മുഴക്കവും അക്രമവും അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് ഹൃദയ സമാധാനമെന്ന ദൈവിക ദാനം സംലഭ്യമാകട്ടെ.....” മാര്‍പാപ്പ ലെബനോണില്‍ നടത്തിയ പ്രഭാഷണത്തില്‍ ആശംസിച്ചു.

കത്തോലിക്കാ സഭയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തതോടൊപ്പം മാനവകുടുംബത്തേയും നിസ്വാര്‍ത്ഥമായി സ്നേഹിച്ച നല്ലിടയനാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ജനപ്രീതിയോ പൊതുസമ്മതമോ ആയിരുന്നില്ല, മറിച്ച് സത്യത്തില്‍ സ്നേഹമായിരുന്നു ആ പ്രതിഭാശാലിയുടെ ചിന്തയുടേയും പ്രവര്‍ത്തിയുടേയും മാനദണ്ഡം.
സത്യമല്ലാത്തത് സത്യമല്ലെന്ന് വിളിച്ചുപറഞ്ഞ അദ്ദേഹം കപട സ്നേഹത്തിന്‍റെ പൊയ്മുഖങ്ങള്‍ നിര്‍ഭയം തുറന്നുകാട്ടി. നിത്യസത്യവും അനന്തസ്നേഹവുമായ ദൈവപിതാവിനോടുള്ള ഹൃദയബന്ധമായിരുന്നു അദ്ദേഹത്തിന്‍റെ കരുത്ത്. “ ഓരോ ജീവിതവും ദൈവത്തിന്‍റെ കരവേലയാണ്” എന്നു പ്രസ്താവിച്ച വി. ബെനഡിക്ടിന്‍റെ നാമം സ്വീകരിച്ച ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയില്‍ ദൈവ സ്നേഹത്തിന്‍റെ യഥാര്‍ത്ഥ പ്രവാചകനേയും മനുഷ്യസ്നേഹിയേയും ലോകം എന്നും ദര്‍ശിച്ചു. ലോക ദൃഷ്ടിയില്‍ നിന്ന് മറഞ്ഞ് തീര്‍ത്ഥാടനത്തിന്‍റെ അവസാന ഘട്ടത്തിലേക്കു നടന്നടുക്കവേ ആ യോഗീവര്യന്‍ പറഞ്ഞ അവസാന വാക്കുകള്‍ “സഭയുടേയും ലോകത്തിന്‍റേയും ക്ഷേമത്തിനുവേണ്ടി കര്‍ത്താവിനോടൊത്ത് നമുക്കൊരുമിച്ചു മുന്നേറാം” ഓരോ മനുഷ്യ മനസിലും ശാശ്വതമായി മാറ്റൊലികൊള്ളട്ടേ!









All the contents on this site are copyrighted ©.