2013-02-28 16:40:18

പാപ്പയ്ക്കുവേണ്ടി
പ്രാര്‍ത്ഥിക്കണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്


28 ഫെബ്രുവരി 2013, മുമ്പൈ
പാപ്പയുടെ തിരഞ്ഞെടുപ്പിനായി പ്രാര്‍ത്ഥിക്കണമെന്ന് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് അഭ്യര്‍ത്ഥിച്ചു. പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനായുള്ള ‘കോണ്‍ക്ലേവ്’ അല്ലെങ്കില്‍ കര്‍ദ്ദിനാളന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ ഫെബ്രുവരി 26-ന് റോമിലേയ്ക്കു പുറപ്പെടുന്നതിനു മുന്‍പാണ് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, മുമ്പൈ അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സന്ദേശത്തിലൂടെ ഇന്ത്യയിലെ ജനങ്ങളോട് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്.

ഫെബ്രുവരി 28-ന് രാവിലെ 11 മണിക്ക് ബനഡിക്ട് 16-ാമന്‍ പാപ്പയുമായുള്ള കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ കൂടിക്കാഴ്ചയിലും, ഇനിയും സമയം നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത പാപ്പായെ തിരഞ്ഞെടുക്കുന്ന, ‘കോണ്‍ക്ലേവി’ല്‍ പങ്കെടുക്കുകയുമാണ് യാത്രാലക്ഷൃമെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അറിയിച്ചു.
കൂടിക്കാഴ്ചയ്ക്കുശേഷം എല്ലാവരും കാത്തിരിക്കുന്ന കോണ്‍ക്ലേവിന്‍റെ ദിവസം കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോ അറിയിക്കുമെന്നും കരുതുന്നുവെന്നും കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് സന്ദേശത്തിലൂടെ അറിയിച്ചു.

കോണ്‍ക്ലേവ് ആരംഭിക്കുന്ന ദിവസം മുതല്‍ എല്ലാ കുടുംബങ്ങളിലും ഇടവകകളിലും സ്ഥാപനങ്ങളിലും സഭയ്ക്കുവേണ്ടിയും പുതിയ പാപ്പയുക്കുവേണ്ടിയും പ്രത്യേകമായി പ്രാര്‍ത്ഥിക്കുകയും,
സ്ഥാപനങ്ങളിലും ഇടവകകളിലും ഈ നിയോഗത്തിനായി പ്രത്യേക ദിവ്യബലി ആര്‍പ്പിക്കുകയും വേണമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.