2013-02-28 21:33:17

പാപ്പ ബനഡിക്ട് സ്ഥാനമൊഴിഞ്ഞു
പത്രോസിന്‍റെ സിംഹാസനം ശൂന്യമായി


1 മാര്‍ച്ച് 2013, വത്തിക്കാന്‍
ആധുനിക സഭാ ചരിത്രത്തില്‍ നൂതന അദ്ധ്യായം കുറിച്ചുകൊണ്ടാണ് ഫെബ്രുവരി 28-ാം തിയതി ആഗോള കത്തോലിക്കാ സഭയുടെ തലവനും ലോകജനതയ്ക്ക് ധാര്‍മ്മിക പ്രകാശ ഗോപുരവുമായ ബനഡിക്ട് 16-ാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്തത്. പാപ്പ മുന്‍കൂട്ടി പ്രഖ്യാപിച്ചിരുന്നതുപോലെ അന്നു രാത്രി 8 മണിക്കാണ് ഔദ്യോഗികമായി പത്രോസിന്‍റെ സിംഹാസനം ശൂന്യമായത്.

വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വത്തിക്കാനിലെ അപ്പസ്തോലിക അരമനയുടെ പ്രധാന കവാടത്തില്‍ സ്വിസ്സ് ഗാര്‍ഡുകള്‍ നിരന്നു. റോമാ രൂപതയുടെ വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ അഗസ്തീനോ വല്ലീനി, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ എന്നിവര്‍ പാപ്പയുടെ വരവും കാത്തുനിന്നു. അപ്പസ്തോലിക അരമനയിലെ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഏതാനും സന്ന്യസ്തരും പാപ്പയ്ക്ക് യാത്രാമൊഴിചൊല്ലാന്‍ കാത്തുനില്ക്കുന്നുണ്ടായിരുന്നു.

ലളിതമായിരുന്നു വിടവാങ്ങല്‍ ചടങ്ങ്. സ്ഥാനത്യാഗം പ്രഖ്യാപിച്ച ബനഡിക്ട് 16-ാമന്‍ പാപ്പ തന്‍റെ സെക്രട്ടറി ആര്‍ച്ചുബിഷപ്പ് ജാന്‍സ്വയിനോടൊപ്പം ഊന്നുവടിയുമായി അപ്പസ്തോലിക അരമനയുടെ പടവുകള്‍ മെല്ലെ ചവിട്ടിയിറങ്ങി. പ്രശാന്തതയോടും ചെറുപുഞ്ചിരിയോടുംകൂടെ പേപ്പല്‍ അരമനയുടെ വാതില്ക്കല്‍ വന്നുനിന്ന പാപ്പയെ എല്ലാവരും ചേര്‍ന്ന് കരഘോഷത്തോടെ അഭിവാദ്യം ചെയ്തു. പിന്നെ കരങ്ങള്‍ ചുംബിച്ച് ആശിര്‍വ്വാദം ഏറ്റുവാങ്ങി. കാറില്‍ കയറിയ പാപ്പ, ഔദ്യോഗിക അകമ്പടിയോടെ വത്തിക്കാന്‍ തോട്ടത്തിലുള്ള ഹെലിപ്പാടിലേയ്ക്ക് ആനയിക്കപ്പെട്ടു.

റോമിനു പുറത്തും വത്തിക്കാനില്‍നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെയുമുള്ള അല്‍ബാനോ കുന്നുകളിലെ വേനല്‍ക്കാല പേപ്പല്‍ വസതി, ക്യാസില്‍ ഗണ്ടോള്‍ഫോയിലേയ്ക്കാണ് പാപ്പ യാത്രയായത്.
വത്തിക്കാന്‍ തോട്ടത്തിലെ വിശുദ്ധ ഡമാഷീന്‍റെ പേരിലുള്ള ഹെലിപ്പാടില്‍നിന്നും ഇറ്റാലിയന്‍ ഗവണ്‍മെന്‍റിന്‍റെ വെളുത്ത ഹെലിക്കോപ്റ്റര്‍ പാപ്പയുമായി പറന്നുയര്‍ന്നു. പേഴ്സണല്‍ സെക്രട്ടറിയെക്കൂടാതെ, കര്‍ദ്ദിനാള്‍ ബര്‍ത്തോണെ, കര്‍ദ്ദിനാള്‍ വല്ലീനി എന്നിവരും പാപ്പായെ അനുഗമിച്ചു.
പാപ്പയുടെ ഹെലിക്കോപ്റ്റര്‍ പറന്നുയര്‍ന്ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ മകളിലൂടെ കടന്നപോയപ്പോള്‍ നിറകണ്ണുകളുമായ് മുകളിലേയ്ക്കു നോക്കി ആയിരങ്ങള്‍ പ്രാര്‍ത്ഥനയോടെ പാപ്പയ്ക്ക് യാത്രാമൊഴിചൊല്ലി. ടൈബര്‍ നദിയും കൊളോസ്സിയവും പുരാതന റോമിന്‍റെ ഭാഗങ്ങളും തനിക്കേറെ സുപരിചിതമായ പൗലോസ്ലീഹായുടെ റോമന്‍ ചുവരിനു പുറത്തുള്ള ബസിലിക്കയും പിന്നിട്ട് സ്ഥാനമൊഴിയുന്ന സഭാ തലവന്‍ പറന്നുനീങ്ങി. 15 മിനിറ്റില്‍ ആല്‍പ്പൈന്‍ കുന്നുകളെ തഴുകി അല്‍ബാനോ തടാകത്തോടു ചേര്‍ന്നു കിടക്കുന്ന മനോഹരമായ ക്യാസില്‍ ഗണ്ടോള്‍ഫോയില്‍ പാപ്പയെ വഹിച്ച ഇറ്റാലിയന്‍ ‘ചോപ്പര്‍’എത്തിച്ചേര്‍ന്നു. ചത്വരത്തിലെ ഹെലിപ്പാടില്‍ ഇറങ്ങിയ പത്രോസിന്‍റെ പിന്‍ഗാമിയെ സ്ഥലത്തെ മെത്രാന്‍ മര്‍സേല്ലോ സെമരാരോ, മേയര്‍ നിക്കോളെ മരീനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ചത്വരത്തില്‍നിന്നും കാറിലാണ് പേപ്പല്‍ വസതിയിലേയ്ക്ക് പാപ്പ ആനീതനായത്. അരമനയുടെ ചത്വരം നിറഞ്ഞുകവിഞ്ഞുനിന്ന ജനങ്ങള്‍ സ്ഥാനത്യാഗിയെങ്കിലും തങ്ങളുടെ മദ്ധ്യേ എത്തിച്ചേര്‍ന്ന ആഗോളസഭാ തലവനെ ആഹ്ലാദാരവത്തോടെ സ്വീകരിച്ചു. കാറില്‍നിന്നിറങ്ങിയ പാപ്പ മെല്ലെ അരമനയുടെ മട്ടുപ്പാവില്‍ വന്നുനിന്ന് ഇരുകരങ്ങളും ഉയര്‍ത്തി ക്യാസില്‍ ഗണ്ടോള്‍ഫോ നിവാസികളെ അഭിവാദ്യംചെയ്തു. അനൗപചാരികമായിരുന്ന സ്വീകരണം ജനസാന്നിദ്ധ്യംകൊണ്ടും ആവേശംകൊണ്ടും ഹൃദയസ്പര്‍ശിയായി.

“പ്രിയ സുഹൃത്തുക്കളേ, സഹോദരങ്ങളേ, നിങ്ങളുടെ നിറഞ്ഞസാന്നിദ്ധ്യത്തിന് നന്ദി. പ്രകൃതി രമണീയമായ അന്തരീക്ഷത്തിനൊപ്പം നിങ്ങളുടെ സ്നേഹ സാന്നിദ്ധ്യംകൊണ്ട് ഈ വിടവാങ്ങലിന്‍റെ നിമിഷങ്ങള്‍ എന്നെ ഏറെ സന്തോഷഭരിതനാക്കുന്നു. നിങ്ങളുടെ സ്നേഹാദരങ്ങള്‍ക്ക് നന്ദി. ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത നിങ്ങള്‍ക്കറിയാം. രാത്രി എട്ടുമണിക്കുശേഷം ഞാന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം ഒഴിയുകയാണ്. പ്രാര്‍ത്ഥനയില്‍ ഞാന്‍ സഭയോടും നിങ്ങളോട് ഏവരോടും ഒന്നായിരിക്കും. ഇനി ഞാനൊരു തീര്‍ത്ഥാടകനാണ്, ജീവിതയാത്രയുടെ അവസാനഭാഗം താണ്ടുന്ന തീര്‍ത്ഥാടകന്‍... നന്ദി. ഏവര്‍ക്കും ശുഭരാത്രി നേരുന്നു !”
എന്ന് പറഞ്ഞുവച്ച് പാപ്പ ഉപസംഹരിച്ചു. തുടര്‍ന്ന് ഏവര്‍ക്കും അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.

അമ്പരപ്പിക്കുന്ന ഒരു നിമിഷത്തെ മൂകതയ്ക്കുശേഷം, ജനം കരഘോഷം മുഴക്കി. “നന്ദി, ബേനേ ദേത്തോ”എന്ന് എല്ലാവരും ചേര്‍ന്ന് ജയാരവം മുഴക്കി. വിശ്രമ ജീവിതത്തിലേയ്ക്കു കടക്കുന്നതിന്‍റെയും സ്ഥാനത്യാഗത്തിന്‍റെയും സമ്മിശ്ര വികാരങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിതം ദൈവതിരുസന്നിധിയിലെ നിശ്ശബ്ദ സമര്‍പ്പണമെന്നോണം മന്ദസ്മിതത്തോടെ പാപ്പ മെല്ലെ തിരിഞ്ഞു നടന്നു – മഹാത്യാഗിയായ ബനഡിക്ട് 16-ാമന്‍ !








All the contents on this site are copyrighted ©.