2013-02-27 20:20:49

പാപ്പയുടെ വ്യക്തിമഹത്വം
എളിമയും ഊഷ്മളതയുമെന്ന്


27 ഫെബ്രുവരി 2013, ന്യൂയോര്‍ക്ക്
ഊഷ്മളതയും എളിമയുമുള്ള വ്യക്തിത്വമാണ് ബനഡിക്ട് 16-ാമന്‍ പാപ്പയുടേതെന്ന്, യഹൂദ-മത-സൗഹാര്‍ദ്ദത്തിനായുള്ള അന്തര്‍ദേശിയ കമ്മിറ്റിയുടെ പ്രസിഡന്‍റ്, റാബായ് ഡേവിഡ് റോസണ്‍ പ്രസ്താവിച്ചു.
പാപ്പായുടെ സ്ഥാനത്യാഗവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 26-ന് അയച്ച സന്ദേശത്തിലാണ് റാബായ് റോസണ്‍ ഇങ്ങനെ പ്രസ്താവിച്ചത്.
ഹെബ്രായ മതവും യഹൂദ ജനതയുമായി രണ്ടാം വത്തിക്കാന്‍‍ കൗണ്‍സില്‍ തുടങ്ങി കത്തോലിക്കാ സഭാ ആരംഭിച്ച ആത്മബന്ധം ഊട്ടിയുറപ്പിക്കാന്‍ ബനഡിക്ട് 16-ാമന്‍ പാപ്പായക്കു കഴിഞ്ഞിട്ടുണ്ടെന്ന് റാബായ് റോസണ്‍ പ്രസ്താവിച്ചു.

ജോണ്‍ 23-ാമന്‍ പാപ്പ തുടങ്ങിവച്ച യഹൂദ-കത്തോലിക്കാ മതസൗഹൃദബന്ധം പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍ എന്നീ പാപ്പമാര്‍ തങ്ങളുടെ ചരിത്ര സന്ദര്‍ശനങ്ങള്‍കൊണ്ട് ബലപ്പെടുത്തിയത് ബനഡിക്ട് 16-ാമന്‍ പാപ്പ 2009-ല്‍ തന്‍റെ ലാളിത്യമാര്‍ന്ന സന്ദര്‍ശനവും സാന്നിദ്ധ്യവുംകൊണ്ട് വിസ്തൃതമാക്കുകയും ആഴപ്പെടുത്തുകയും ചെയ്തുവെന്ന് കത്തില്‍ റാബായ് റോസണ്‍ പരാമര്‍ശിച്ചു.
പാപ്പയുടെ സ്ഥാനത്യാഗം തന്നെ ആശ്ചര്യപ്പെടുത്തുന്നില്ലെന്നും കൂടുതല്‍ ആദരവാണ് അത് വളര്‍ത്തുന്നതെന്നും, ബനഡിക്ട് 16-ാമന്‍ പാപ്പ പറയുന്ന കാര്യങ്ങളുടെ വ്യക്തിജീവിതത്തിലെ പൊരുത്തപ്പെടലാണ് അദ്ദേഹത്തിന്‍റെ എളിമയുള്ള വലിയ തീരുമാനത്തില്‍ കാണുന്നതെന്നും റാബായ് റോസണ്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.