2013-02-26 16:45:22

സമര്‍പ്പിതരുടെ പ്രാര്‍ത്ഥനസഹായം നിര്‍ണ്ണായകം : കര്‍ദിനാള്‍ ബെര്‍ത്തോണെ


26 ഫെബ്രുവരി 2013, വത്തിക്കാന്‍
കത്തോലിക്കാ സഭാചരിത്രത്തിലെ ഈ നിര്‍ണ്ണായക വേളയില്‍ ആശ്രമജീവിതം നയിക്കുന്ന സന്ന്യസ്തരുടെ പ്രാര്‍ത്ഥനാ സഹായം നിര്‍ണ്ണായകമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ. നിശബ്ദമായ പ്രാര്‍ത്ഥനയും ആരാധനയുമായി ആശ്രമജീവിതം നയിക്കുന്ന സന്ന്യസ്ത സഭകളുടെ (മിണ്ടാമഠം) മേലധികാരികള്‍ക്ക് അയച്ച കത്തിലാണ് കര്‍ദിനാള്‍ ബെര്‍ത്തോണെ ഇപ്രകാരം പ്രസ്താവിച്ചത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ ശുശ്രൂഷാകാലം സമാപിക്കുകയും പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുക്കാന്‍ വേണ്ടിയുളള കോണ്‍ക്ലേവിനായി സഭ ഒരുങ്ങുകയും ചെയ്യുന്ന സമയത്ത് അവരുടെ പ്രത്യേക പ്രാര്‍ത്ഥനാ സഹായം സഭയ്ക്ക് അനിവാര്യമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. പേപ്പല്‍ സ്ഥാനമൊഴിയുന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും പ്രാര്‍ത്ഥനയിലും ധ്യാനത്തിലുമാണ് ഇനി സഭ ശുശ്രൂഷിക്കുകയെന്ന് അനുസ്മരിച്ച കര്‍ദിനാള്‍ ബെര്‍ത്തോണെ ആശ്രമജീവിതം നയിക്കുന്നവരുടെ ആത്മീയതയ്ക്ക് ഒരു മാതൃകയായി മാറുകയാണ് മാര്‍പാപ്പയെന്നും പ്രസ്താവിച്ചു.









All the contents on this site are copyrighted ©.