2013-02-26 16:46:19

പാത്രിയാര്‍ക്കീസ് ബെഷാറാ റായ് റഷ്യ സന്ദര്‍ശിക്കുന്നു


26 ഫെബ്രുവരി 2013, മോസ്ക്കോ
ലെബനോണിലെ മറോണീത്തന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ ബെഷാറ ബൗത്രോസ് റായി മോസ്ക്കോയില്‍ സന്ദര്‍ശനം നടത്തുന്നു. ഫെബ്രുവരി 26ാം തിയതി ചൊവ്വാഴ്ച ആരംഭിച്ച സന്ദര്‍ശനം മാര്‍ച്ച് ഒന്നിന് സമാപിക്കും.
റഷ്യയിലെ ലെബനീസ് കത്തോലിക്കരുമായി കൂടിക്കാഴ്ച്ച നടത്തുന്ന പാത്രിയാര്‍ക്കീസ് മറോണീത്താ ആരാധനാക്രമപ്രകാരമുള്ള തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

27ന് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വിദേശബന്ധകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ഹിലാരിയോണ്‍ മെത്രാപ്പോലീത്തായുമായും 28ന് റഷ്യന്‍ നിയമസഭാ സ്പീക്കര്‍ സെര്‍ജ് നാര്യഷ്കിനുമായും പാത്രിയാര്‍ക്കീസ് റായി കൂടിക്കാഴ്ച്ച നടത്തുമെന്ന് പാത്രിയാര്‍ക്കേറ്റിന്‍റെ വാര്‍ത്താക്കുറിപ്പ് അറിയിച്ചു.

മാര്‍ച്ച് ഒന്നിന് മോസ്ക്കോയിലെ അമലോല്‍ഭവ മാതാവിന്‍റെ നാമധേയത്തിലുള്ള ലത്തീന്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന പാത്രിയാര്‍ക്കീസ് റായ് ലത്തീന്‍ മെത്രാപ്പോലീത്തയായ ആര്‍ച്ചുബിഷപ്പ് പൗലോ പെസ്സിയുമായും കൂടിക്കാഴ്ച്ച നടത്തും.
റഷ്യയിലെ ക്രൈസ്തവ നേതാക്കളുടെ പ്രതിനിധികളും പൗരനേതാക്കളുമായി നടത്തുന്ന സമ്മേളനത്തില്‍ മധ്യപൂര്‍വ്വദേശത്തെ പ്രശ്നങ്ങളെക്കുറിച്ചും സിറിയന്‍ കലാപം അവസാനിപ്പിക്കുന്നതിന് മധ്യസ്ഥശ്രമം നടത്താനുള്ള സാധ്യതയെക്കുറിച്ചും ചര്‍ച്ചചെയ്യുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.