2013-02-26 16:47:02

കുടിയേറ്റം സാംസ്ക്കാരിക പൈതൃകം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗമായി പരിഗണിക്കണമെന്ന് കര്‍ദിനാള്‍ വെല്യോ


26 ഫെബ്രുവരി 2013, റോം
കുടിയേറ്റം സാംസ്ക്കാരിക പൈതൃകം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗമായി പരിഗണിക്കണമെന്ന് യാത്രികരുടേയും കുടിയേറ്റക്കാരുടേയും അജപാലന ശുശ്രൂഷയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ അന്തോണിയോ മരിയ വെല്യോ. ക്രൈസ്തവ വ്യവസായികളുടെ ഐക്യവേദിയുടെ(U.C.I.D) ആഭിമുഖ്യത്തില്‍ റോമില്‍ നടന്ന ഒരു പഠനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോകം നേരിടുന്ന പുതിയ പ്രശ്നങ്ങള്‍ക്ക് അനുയോജ്യമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടത് ഇന്നിന്‍റെ ആവശ്യമാണെന്ന് കര്‍ദിനാള്‍ വെല്യോ പ്രസ്താവിച്ചു. ‘കാലത്തിന്‍റെ അടയാളമായാണ്’സഭ കുടിയേറ്റ പ്രതിഭാസത്തെ കാണുന്നത്. ഈ പ്രതിഭാസത്തോട് ക്രിയാത്മകമായി പ്രതികരിക്കാനാണ് സഭ വിളിക്കപ്പെട്ടിരിക്കുന്നത്. അന്തര്‍ദേശീയ, ദേശീയ വ്യവസ്ഥിതികളേയും സാമൂഹ്യ – സാമ്പത്തിക ക്രമത്തേയും സാരമായി ബാധിക്കുന്ന കുടിയേറ്റ പ്രതിഭാസം എല്ലാവരുടേയും ഉയര്‍ച്ച ലക്ഷൃം വച്ചുകൊണ്ടുള്ള വികസനത്തിലേക്ക് നയിക്കണം. അവഗണനയ്ക്കും വിവേചനത്തിനും അത് വഴിതെളിക്കരുതെന്നും കര്‍ദിനാള്‍ വെല്യോ ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.