2013-02-22 15:47:19

വത്തിക്കാനില്‍ നോമ്പുകാല ധ്യാനം തുടരുന്നു


22 ഫെബ്രുവരി 2013, വത്തിക്കാന്‍
അറിവും മനോഹാരിതയും ദൈവത്തിങ്കലേക്കു നയിക്കുന്ന പാതകളാണെന്ന് സാംസ്ക്കാരിക കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ ജ്യാന്‍ഫ്രാങ്കോ റവാസി. “പ്രാര്‍ത്ഥനയുടെ കല: സങ്കീര്‍ത്തന പ്രാര്‍ത്ഥനയിലെ ദൈവോന്മുഖതയും മനുഷ്യോന്മുഖതയും” എന്ന ചിന്താവിഷയത്തെ കേന്ദ്രമാക്കി നടക്കുന്ന നോമ്പുകാല ധ്യാനത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിജ്ഞാനം പരിശുദ്ധാത്മാവിന്‍റെ വലിയൊരു ദാനമാണ്, സൗന്ദര്യം അതീന്ദ്രയാനുഭവങ്ങളിലേക്കുള്ള ഉപായമാര്‍ഗവും. അവ രണ്ടും പരമമായ ദൈവത്തിങ്കലേക്കു നയിക്കുന്ന മാര്‍ഗ്ഗങ്ങളാണ് കര്‍ദിനാള്‍ റവാസി അഭിപ്രായപ്പെട്ടു. ദൈവിക സാന്നിദ്ധ്യത്തിന്‍റെ അഭാവം അനുഭവപ്പെടുന്ന മനുഷ്യാത്മാവിന്‍റെ ഇരുണ്ട രാത്രികളെക്കുറിച്ചും ധ്യാനപ്രഭാഷണങ്ങളില്‍ കര്‍ദിനാള്‍ പ്രതിപാദിച്ചു.

ദൈവത്തിന്‍റെ കാരുണ്യം തേടുന്ന പാപിയായ മനുഷ്യന്‍റെ വിലാപം ആവിഷ്ക്കരിക്കുന്ന സങ്കീര്‍ത്തനം 51, 130; ദൈവനിഷേധകന്‍റെ മൗഢ്യത്തെക്കുറിച്ചു വിവരിക്കുന്ന സങ്കീര്‍ത്തനം 14, ദൈവസാന്നിദ്ധ്യം അനുഭവിച്ചറിയാനാകാത്ത പരിത്യക്തനായ മനുഷ്യന്‍റെ രോദനവും പ്രത്യാശയും ചിത്രീകരിക്കുന്ന സങ്കീര്‍ത്തനം 22, ദൈവത്തിന്‍റെ മാര്‍ഗം തേടുന്ന മനുഷ്യന്‍റെ സൗഭാഗ്യത്തെക്കുറിച്ചു പ്രതിപാദിക്കുന്ന സങ്കീര്‍ത്തനം 1, സര്‍വ്വജീവജാലങ്ങളേയും കര്‍ത്താവിനെ സ്തുതിക്കാന്‍ ക്ഷണിക്കുന്ന 150ാം സങ്കീര്‍ത്തനം എന്നിവയാണ് 22ാം തിയതി വെള്ളിയാഴ്ച കര്‍ദിനാള്‍ റവാസി വിചിന്ത വിഷയമാക്കിയത്.

രാവിലെ 9-മണിക്ക് ആരംഭിക്കുന്ന ധ്യനം വൈകുന്നേരം 5.45-നാണ് അവസാനിക്കുന്നത്. 3 പ്രസംഗങ്ങള്‍, യാമപ്രാര്‍ത്ഥന, പരിശുദ്ധ കുര്‍ബ്ബനായുടെ ആരാധന, ആശിര്‍വ്വാദം എന്നിവയാണ് ധ്യാനത്തിന്‍റെ മുഖ്യ ഇനങ്ങള്‍. ഫെബ്രുവരി 17ന് ആരംഭിച്ച ധ്യാനം 23ന് സമാപിക്കും..









All the contents on this site are copyrighted ©.