2013-02-20 17:35:25

യാഥാസ്ഥിതികനായ
ആത്മീയ നേതാവും
ധാര്‍മ്മിക വെളിച്ചവും


20 ഫെബ്രുവരി 2013, റോം
മാനവ പുരോഗതിക്ക് ധാര്‍മ്മിക അടിത്തറ പാകിയ യാഥാസ്ഥിതികനായ ആത്മീയ നേതാവായിരുന്നു ബനഡിക്ട് 16-ാമന്‍ പാപ്പയെന്ന്, പുരോഗതി progress എന്ന അന്താരാഷ്ട്ര സാമൂഹ്യ സംഘടയുടെ വക്താവ്, ഡാനിയേല്‍ ഹെയലി പ്രസ്താവിച്ചു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്താണ് ബനഡിക്ട് 16-ാമന്‍ പാപ്പ സഭാ ഭരണമേറ്റെടുത്തതെന്നും, കൊടും ദാരിദ്ര്യത്തില്‍പ്പെട്ട രാഷ്ട്രങ്ങള്‍ക്ക് സഹായഹസ്തവും ധാര്‍മ്മിക പിന്‍ബലവുമായിട്ടാണ് പാപ്പാ ബനഡിക്ട് തന്‍റെ സേവനം തുടര്‍ന്നതെന്നും, സാമൂഹ്യക്ഷേമ സംഘടന, പ്രോഗ്രെസ്സിനുവേണ്ടി ഹെയലി അഭിപ്രായപ്പെട്ടു.


മനുഷ്യന്‍റെ അധികാരത്തിന്‍റെയും വികസനത്തിന്‍റെയും പിന്നിലെ മുഖ്യചാലകശക്തി ദൈവമാണെന്നും, നീതിയുടെയു സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും മണ്ഡലങ്ങളിലേയ്ക്ക് ലോകത്തെ നയിക്കുന്നതാണ് വികസനമെന്ന് നവയുഗത്തെ പഠിപ്പിച്ച ആത്മീയ നേതാവാണ് ബനഡിക്ട് 16-ാമന്‍ പാപ്പയെന്നും ഹെയലി ചൂണ്ടിക്കാട്ടി. മാനവവികസനം, പരിസ്ഥിതി, സാങ്കേതിക വിദ്യ എന്നീ ആധുനിക മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു സമഗ്ര മാനവ വീക്ഷണത്തിന്‍റെ പ്രബോധം മാനവരാശിക്കു സമ്മാനിച്ചത് പാപ്പയുടെ ‘സത്യത്തില്‍ സ്നേഹം’ caritas in veritate എന്ന ചാക്രിക ലേഖനമാണെന്നും അഭിമുഖത്തില്‍ ഹെയലി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.