2013-02-19 16:02:37

തപസ്സുകാലം: വിശ്വാസ ജീവിതത്തിലേക്കൊരു മടക്കയാത്ര


19 ഫെബ്രുവരി 2013, വത്തിക്കാന്‍
തപസ്സുകാലത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മാര്‍പാപ്പയുടെ ട്വിറ്റര്‍ സന്ദേശം. “നമ്മുടെ വ്യക്തിജീവിതത്തിന്‍റേയും സഭാ ജീവിതത്തിന്‍റേയും അടിസ്ഥാനം ദൈവവിശ്വാസമാണെന്ന തിരിച്ചറിവിലേക്ക് മടങ്ങിവരാന്‍ അനുകൂലമായ സമയമാണ് തപസ്സുകാലം” എന്ന് ഫെബ്രുവരി 17ാം തിയതി ഞായറാഴ്ചയാണ് മാര്‍പാപ്പ ട്വീറ്റ് ചെയ്തത്. ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനയ്ക്കു ശേഷമാണ് പാപ്പ ട്വിറ്ററില്‍ ഇപ്രകാരം കുറിച്ചത്. ത്രികാല പ്രാര്‍ത്ഥനാ സന്ദേശത്തില്‍ ക്രിസ്തുവിന്‍റെ മരുഭൂമിയിലെ പരീക്ഷയെക്കുറിച്ച് പ്രതിപാദിച്ച മാര്‍പാപ്പ അനുദിന ജീവിത സാഹചര്യങ്ങളില്‍ വിശ്വാസികള്‍ നടത്തേണ്ട ആത്മീയ പോരാട്ടത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും തദവസരത്തില്‍ പ്രതിപാദിച്ചിരുന്നു. “ജീവിതത്തിന്‍റെ നിര്‍ണ്ണായക നിമിഷങ്ങളില്‍ - വ്യക്തമായി പറഞ്ഞാല്‍, എല്ലാ ജീവിത സാഹചര്യങ്ങളിലും – നമുക്കു മുന്‍പില്‍ രണ്ടു വഴികളുണ്ട്. ഞാന്‍ ആരേയാണ് അനുഗമിക്കേണ്ടത്, ദൈവത്തേയോ, എന്നെത്തന്നെയോ? എന്‍റെ സ്വാര്‍ത്ഥ താല്‍പര്യമാണോ അതോ യഥാര്‍ത്ഥ നന്‍മയാണോ ഞാന്‍ തിരഞ്ഞെടുക്കേണ്ടത്? ……തന്‍റെ വിജയം നമുക്കു നല്‍കാന്‍ വേണ്ടിയാണ് ക്രിസ്തു നമ്മുടെ പ്രലോഭനങ്ങള്‍ ഏറ്റെടുത്തത്. അതിനാല്‍ തിന്‍മയുടെ ശക്തികളോട് ഏറ്റുമുട്ടാന്‍ നാമും ഭയപ്പെടേണ്ടതില്ല. പക്ഷെ, വിജയശ്രീലാളിതനായ ക്രിസ്തുവിനോടൊത്തായിരിക്കണം നാം പോരാടേണ്ടത്” എന്നും ഉത്ബോധിപ്പിച്ചിരുന്നു.








All the contents on this site are copyrighted ©.