2013-02-19 16:02:49

കാരിത്താസ്‍ സമ്മേളനം ജോര്‍ദാനില്‍


19 ഫെബ്രുവരി 2013, അമ്മാന്‍
കത്തോലിക്കാ ഉപവി സംഘടന കാരിത്താസിന്‍റെ ത്രിദിന സമ്മേളനം ജോര്‍ദാനില്‍ ആരംഭിച്ചു. മധ്യപൂര്‍വ്വദേശത്തും ആഫ്രിക്കയിലും കാരിത്താസ് അടക്കമുള്ള കത്തോലിക്കാ ഉപവി സംഘടനകളുടെ സംയുക്ത സമ്മേളനമാണ് 19 മുതല്‍ 23 വരെ ജോര്‍ദാനില്‍ നടക്കുന്നത്. കത്തോലിക്കാ സഭയുടെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദിനാള്‍ റോബര്‍ട്ട് സറായും കൗണ്‍സിലിന്‍റെ സെക്രട്ടറി മോണ്‍. ജ്യാന്‍പിയെത്രോ ദാല്‍ തോസോയും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സിറിയന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങള്‍ പ്രത്യേക പരിഗണനയോടെ സമ്മേളത്തില്‍ വിശകലന വിധേയമാക്കുമെന്ന് കോര്‍ ഊനും പൊന്തിഫിക്കല്‍ കൗണ്‍സില്‍ പുറത്തിറിക്കിയ വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. സിറിയന്‍ കലാപം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അവിടെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് അസാധ്യമായിരിക്കുകയാണ്. ലക്ഷക്കണക്കിന് സിറിയന്‍ അഭയാര്‍ത്ഥികള്‍ സമീപ രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്. അവരെ സഹായിക്കാന്‍ മധ്യപൂര്‍വ്വദേശത്തെ വിവിധ ഉപവി സംഘടനകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. സമ്മേളനത്തിനു ശേഷം കോര്‍ ഊനും പ്രതിനിധികള്‍ ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കും. ജോര്‍ദാനിലെ രാജാവ് അബ്ദുള്ള രണ്ടാമന്‍ അല്‍ഹുസൈനുമായി കര്‍ദിനാള്‍ റോബര്‍ട്ട് സറായും കൗണ്‍സിലിന്‍റെ സെക്രട്ടറി മോണ്‍. ജ്യാന്‍പിയെത്രോ ദാല്‍ തോസോയും കൂടിക്കാഴ്ച്ച നടത്തുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.