2013-02-18 15:48:58

നോമ്പുകാലം ആത്മീയ നവീകരണത്തിന്‍റെ കാലം: മാര്‍പാപ്പ


18 ഫെബ്രുവരി 2013, വത്തിക്കാന്‍

ഞായറാഴ്ചകളിലും ചില പ്രധാന തിരുനാള്‍ ദിനങ്ങളിലും മാര്‍പാപ്പ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥയില്‍ പങ്കുചേരാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഈയവസരങ്ങളില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിനു കിഴക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന പേപ്പല്‍ അരമനയിലെ പഠന മുറിയുടെ ജാലകത്തിങ്കല്‍ നിന്നുകൊണ്ടാണ് മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം നല്‍കുന്നതും പ്രാര്‍ത്ഥന നയിക്കുന്നതും. വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലും പരിസരത്തുമായി നിന്നുകൊണ്ടാണ് ജനം പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്നത്. ലോകത്തിന്‍റെ നാനാഭാഗത്തു നിന്നുമെത്തിയ അനേകര്‍ മാര്‍പാപ്പ നയിക്കുന്ന ത്രികാല പ്രാര്‍ത്ഥനയില്‍ സംബന്ധിക്കാന്‍ വത്തിക്കാനിലെത്തുന്നത് പതിവാണ്. എന്നാല്‍ ഈ ഞായറാഴ്ച്ച പതിവിലേറെപ്പേര്‍ മാര്‍പാപ്പ നയിച്ച ത്രികാല പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഫെബ്രുവരി 28ാം തിയതി സ്ഥാനമൊഴിയുന്നതിനാല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നയിക്കുന്ന അവസാന പൊതു ത്രികാല പ്രാര്‍ത്ഥനകളിലൊന്നായിരുന്നു പതിനേഴാം തിയതിയിലേത്.

സ്വന്തം രാജ്യത്തേയോ തങ്ങള്‍ അംഗങ്ങളായിരിക്കുന്ന ഇടവകകളേയോ സംഘടനകളേയോ പ്രസ്ഥാനങ്ങളേയോ പ്രതിനിധീകരിക്കുന്ന പതാകകളും ബാനറുകളുമായാണ് പലരും മാര്‍പാപ്പ നയിക്കുന്ന ത്രികാലപ്രാര്‍ത്ഥനയ്ക്ക് എത്താറ്. എന്നാല്‍ ഇക്കഴിഞ്ഞ ഞായറാഴ്ച “മാര്‍പാപ്പയ്ക്ക് നന്ദി”, “ആശംസകള്‍” “ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുന്നു” “മാര്‍പാപ്പ നീണാള്‍ വാഴട്ടെ”എന്നിങ്ങനെ ആലേഖനം ചെയ്ത ബാനറുകളായിരുന്നു അധികവും. ത്രികാല പ്രാര്‍ത്ഥനയ്ക്കുള്ള സമയമായെന്നറിയിച്ചുകൊണ്ട് ദേവാലയ മണികള്‍ മുഴങ്ങാന്‍ തുടങ്ങിയതോടെ ജനത്തിന്‍റെ ആവേശം ഉച്ചസ്ഥായിലെത്തി. മാര്‍പാപ്പയുടെ പഠനമുറിയുടെ ജാലകത്തിങ്കല്‍ പാപ്പ ആഗതനായതോടെ ജനങ്ങള്‍ ആനന്ദത്തോടെ കരഘോഷം മുഴക്കിയും ആര്‍പ്പുവിളിച്ചും പാപ്പയ്ക്ക് അഭിവാദ്യമേകി.

മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥന ആരംഭിക്കുന്നതിനു മുന്‍പ് ഒരു ചെറിയ വിചിന്തനം നല്‍കുന്നത് പതിവാണ്. ഞായറാഴ്ച ദിവ്യബലിമധ്യേ വായിക്കുന്ന വിശുദ്ധ ഗ്രന്ഥഭാഗമാണ് സാധാരണ മാര്‍പാപ്പ വിചിന്തനത്തിന് വിഷയമാക്കാറ്. ഇക്കഴിഞ്ഞ ഞായറാഴ്ച (ഫെബ്രുവരി 17) വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷം നാലാം അദ്ധ്യായം 1 മുതല്‍ 13 വരെയുള്ള വാക്യങ്ങളെ കേന്ദ്രീകരിച്ചാണ് മാര്‍പാപ്പ വിചിന്തനം നല്‍കിയത്. ക്രിസ്തുവിന്‍റെ മരുഭൂമിയിലെ പരീക്ഷയാണ് ഈ സുവിശേഷഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്.

പ്രിയ സഹോദരീ സഹോദരന്‍മാരേ,

പരമ്പരാഗതമായ വിഭൂതി ആചരണത്തോടെ ഇക്കഴിഞ്ഞ ബുധനാഴ്ച്ച നാം തപസ്സുകാലത്തിലേക്കു പ്രവേശിച്ചു. പശ്ചാതാപവും മാനസാന്തരവും വഴിയായി പെസഹാത്തിരുന്നാളിന് ഒരുങ്ങുന്ന കാലമാണിത്. അഹങ്കാരവും സ്വാര്‍ത്ഥതയും വെടിഞ്ഞ് സ്നേഹത്തില്‍ ജീവിച്ചുകൊണ്ട് ആത്മാവില്‍ നവീകൃതരാകുന്നതിനും ദൃഢനിശ്ചയത്തോടു കൂടി ദൈവത്തിങ്കലേക്കു തിരിച്ചുവരാനും, മാതാവും ഗുരുനാഥയുമായ സഭ തന്‍റെ തനയരെയെല്ലാം ആഹ്വാനം ചെയ്യുന്നു. ദൈവവിശ്വാസമാണ് സഭയുടേയും നമ്മുടെ ജീവിതത്തിന്‍റേയും അടിസ്ഥാന മാനദണ്ഡമെന്ന് വീണ്ടും തിരിച്ചറിയാന്‍ അനുകൂലമായ കാലമാണ് ‘വിശ്വാസ വര്‍ഷം’. ഈ തിരിച്ചറിവ് ഒരു സംഘര്‍ഷത്തിലേക്ക്, ആത്മീയമായ ഒരു സംഘട്ടനത്തിലേക്കു നയിക്കുന്നത് സ്വാഭാവികമാണ്. കാരണം, ദൈവഹിത പ്രകാരമുള്ള ജീവിതത്തില്‍ നിന്ന് നമ്മെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്ന തിന്‍മയുടെ അരൂപി എല്ലായ്പ്പോഴും നമ്മുടെ വിശുദ്ധീകരണത്തിന് എതിരാണ്. ഇക്കാരണത്താലാണ്, നോമ്പുകാലത്തിലെ ആദ്യ ഞായറാഴ്ച സുവിശേഷഭാഗത്ത് നാമെപ്പോഴും യേശുവിന് മരുഭൂമിയില്‍ വച്ചുണ്ടായ പ്രലോഭനങ്ങളെക്കുറിച്ച് വായിക്കുന്നത്.

ജോര്‍ദാന്‍ നദിയില്‍ വച്ച് സ്വീകരിച്ച ജ്ഞാനസ്നാനത്തിലൂടെ മിശിഹായായി വാഴ്ത്തപ്പെട്ട ശേഷം - പരിശുദ്ധാത്മാവിനാല്‍ അഭിക്ഷിക്തനായതിനെതുടര്‍ന്ന്- അതേ ദൈവാത്മാവിനാല്‍, ക്രിസ്തു മരുഭൂമിയിലേക്ക് നയിക്കപ്പെട്ടു. അവിടെവച്ച് തിന്‍മയുടെ അരൂപി അവനെ പ്രലോഭിപ്പിച്ചു. പരസ്യ ജീവിതാരംഭത്തിന് തയ്യാറെടുക്കുന്ന ക്രിസ്തു പ്രലോഭകന്‍ അവതരിപ്പിച്ച മിശിഹായുടെ വ്യാജപ്രതിച്ഛായകള്‍ തുറന്നുകാട്ടുകയും അവയെ നിഷേധിക്കുകയും ചെയ്തു. പിശാചിന്‍റെ പ്രലോഭനങ്ങളില്‍ വെളിപ്പെടുന്നത് മനുഷ്യന്‍റെ വ്യാജപ്രതിച്ഛായകള്‍ കൂടിയാണ്. മനുഷ്യമനസാക്ഷിയെ തകര്‍ക്കാനായി സൗകര്യപ്രദമോ, കാര്യക്ഷമമോആയ കാര്യങ്ങളായോ, നല്ല വാഗ്ദാനങ്ങളുടെ രൂപത്തിലോ ആണ് പ്രലോഭനങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. യേശുവിനുണ്ടായ മൂന്നു പ്രലോഭനങ്ങളെക്കുറിച്ച് സുവിശേഷകന്‍മാരായ വി.മത്തായിയും വി.ലൂക്കയും രേഖപ്പെടുത്തിയിരിക്കുന്നു. അവരുടെ വിവരണങ്ങളില്‍ പ്രലോഭനങ്ങളുടെ ക്രമത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഈ പ്രലോഭനങ്ങളുടെയെല്ലാം കേന്ദ്രം ഒന്നുതന്നെയാണ്: സ്വന്തം വിജയവും ഭൗതികനേട്ടങ്ങളും ലക്ഷൃം വച്ച്, സ്വാര്‍ത്ഥലാഭത്തിനുവേണ്ടി ദൈവത്തെ ഉപകരണമാക്കുക. തന്ത്രശാലിയായ പ്രലോഭകന്‍ നമ്മെ നേരിട്ട് തിന്‍മയിലേക്കു നയിക്കുകയല്ല, കപടമായ നന്‍മയിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. അധികാരവും സ്വാര്‍ത്ഥനേട്ടങ്ങളുമാണ് മുഖ്യമെന്ന് നമ്മെ വിശ്വസിപ്പിക്കാന്‍ അവന്‍ ശ്രമിക്കുന്നു. അതുവഴി നമ്മുടെ ജീവിതത്തില്‍ ദൈവത്തിനുള്ള പ്രാധാന്യം കുറയുന്നു, ദൈവം ഒരു മാര്‍ഗ്ഗമായി മാറുന്നു, ദൈവം യാഥാര്‍ത്ഥ്യമല്ലെന്നു നാം കരുതും. അപ്രകാരം നമ്മെ സംബന്ധിച്ച് ദൈവസാന്നിദ്ധ്യം അപ്രസക്തമാകുകയും നമ്മുടെ ജീവിതത്തില്‍ നിന്ന് അത് അപ്രത്യക്ഷമാകുകയും ചെയ്യും. അവസാനമായി ഒരു വിശകലനം കൂടി നടത്തിയാല്‍ ഈ പ്രലോഭനങ്ങളില്‍ ചോദ്യം ചെയ്യപ്പെടുന്നത് വിശ്വാസമാണെന്നുകാണാം. കാരണം ദൈവത്തെക്കുറിച്ചാണ് ഇവിടെ സംശയമുയരുന്നത്. ജീവിതത്തിന്‍റെ നിര്‍ണ്ണായക നിമിഷങ്ങളില്‍ - വ്യക്തമായി പറഞ്ഞാല്‍, എല്ലാ ജീവിത സാഹചര്യങ്ങളിലും – നമുക്കു മുന്‍പില്‍ രണ്ടു വഴികളുണ്ട്. ഞാന്‍ ആരേയാണ് അനുഗമിക്കേണ്ടത്, ദൈവത്തേയോ, എന്നെത്തന്നെയോ? എന്‍റെ സ്വാര്‍ത്ഥ താല്‍പര്യമാണോ അതോ യഥാര്‍ത്ഥ നന്‍മയാണോ ഞാന്‍ തിരഞ്ഞെടുക്കേണ്ടത്?

സഭാ പിതാക്കന്‍മാര്‍ നമ്മെ പഠിപ്പിക്കുന്നതുപോലെ, യേശു മനുഷ്യരൂപം ധരിച്ച് പാപത്തിന്‍റെ പാതാളത്തിലേക്ക് ഇറങ്ങിവന്നതിന്‍റെ ഭാഗമാണ് അവിടുന്ന് നേരിട്ട പ്രലോഭനങ്ങള്‍. കുരിശു മരണവും ദൈവിക സാന്നിദ്ധ്യത്തില്‍ നിന്ന് അതിവിദൂരമായ പാതാളവും വരെ നീണ്ടതായിരുന്നു ഈ യാത്ര. ക്രിസ്തു അതിന്‍റെ അവസാനം വരെ പൂര്‍ത്തിയാക്കി. അപ്രകാരം, നഷ്ടപ്പെട്ട കുഞ്ഞാടുകളെ രക്ഷയിലേക്കു വീണ്ടെടുക്കാന്‍ വേണ്ടി മനുഷ്യനു നേരെ നീട്ടപ്പെട്ട ദൈവകരമാണ് ക്രിസ്തു. വിശുദ്ധ അഗസ്റ്റിന്‍ പഠിപ്പിക്കുന്നതുപോലെ, തന്‍റെ വിജയം നമുക്കു നല്‍കാന്‍ വേണ്ടിയാണ് ക്രിസ്തു നമ്മുടെ പ്രലോഭനങ്ങള്‍ ഏറ്റെടുത്തത്. അതിനാല്‍ തിന്‍മയുടെ ശക്തികളോട് ഏറ്റുമുട്ടാന്‍ നാമും ഭയപ്പെടേണ്ടതില്ല. പക്ഷെ, വിജയശ്രീലാളിതനായ ക്രിസ്തുവിനോടൊത്തായിരിക്കണം നാം പോരാടേണ്ടത് എന്നുമാത്രം.
ക്രിസ്തുവിനോടൊത്തായിരിക്കാന്‍ അവിടുത്തെ അമ്മയായ പരിശുദ്ധ മറിയത്തിന്‍റെ സഹായം നമുക്കപേക്ഷിക്കാം. പ്രലോഭനങ്ങളുടെ നിമിഷങ്ങളില്‍ പുത്രസഹജമായ ആത്മവിശ്വാസത്തോടെ പരിശുദ്ധകന്യകാമറിയത്തിന്‍റെ മാധ്യസ്ഥം നമുക്കപേക്ഷിക്കാം. തന്‍റെ പുത്രന്‍റെ ശക്തമായ സാന്നിദ്ധ്യം നമുക്ക് മനസിലാക്കിത്തരുന്ന പരിശുദ്ധ കന്യകാമറിയം ക്രിസ്തു വചനത്താല്‍ പ്രലോഭനങ്ങള‍െ മറികടക്കാനും, ദൈവത്തിന് നമ്മുടെ ജീവിതത്തില്‍ കേന്ദ്രസ്ഥാനം നല്‍കാനും നമ്മെ സഹായിക്കും........

തദനന്തരം “കര്‍ത്താവിന്‍റെ മാലാഖ” എന്നു തുടങ്ങുന്ന ത്രികാല പ്രാര്‍ത്ഥന ആരംഭിച്ച മാര്‍പാപ്പ പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ ഏവര്‍ക്കും തന്‍റെ അപ്പസ്തോലികാശീര്‍വാദമേകി.

പ്രാര്‍ത്ഥനയ്ക്കു ശേഷം മാര്‍പാപ്പ പതിവുപോലെ ജനങ്ങളെ വിവിധ ഭാഷകളില്‍ അഭിവാദ്യം ചെയ്തു. ജനക്കൂട്ടം ആനന്ദാരവങ്ങളോടെയാണ് മാര്‍പാപ്പയുടെ അഭിവാദ്യത്തിനു പ്രത്യുത്തരമേകിയത്. അവരുടെ പ്രാര്‍ത്ഥനയ്ക്കും പിന്തുണയ്ക്കും നന്ദിപറഞ്ഞ മാര്‍പാപ്പ ഞായറാഴ്ച വൈകീട്ട് റോമന്‍ കൂരിയായില്‍ നോമ്പുകാല ധ്യാനം ആരംഭിക്കുകയാണെന്നു പറഞ്ഞു. തനിക്കുവേണ്ടിയും ധ്യാനത്തില്‍ പങ്കെടുക്കുന്ന മറ്റെല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ അവരോടഭ്യര്‍ത്ഥിച്ചു.
ആര്‍പ്പുവിളിച്ചും കരങ്ങളുയര്‍ത്തിവീശിയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയോട് കൃതജ്ഞത രേഖപ്പെടുത്തിയ ജനത്തിന്‍റെ നിലയ്ക്കാത്ത കരഘോഷത്തിനിടെ, ഏവര്‍ക്കും നന്ദിപറഞ്ഞുകൊണ്ടും ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് തന്‍റെ പഠനമുറിയുടെ ജാലകത്തിങ്കല്‍ നിന്ന് മാര്‍പാപ്പ വിടവാങ്ങിയത്.









All the contents on this site are copyrighted ©.