2013-02-15 15:29:24

സഭകളുടെ ഐക്യം പൊതു നന്‍മയ്ക്ക് അനിവാര്യം: കര്‍ദിനാള്‍ ക്ലീമിസ്


15 ഫെബ്രുവരി 2013, മരാമണ്‍
പൊതു സമൂഹത്തിനു നന്മചെയ്യാനും പരിധികളില്ലാതെ സുവിശേഷം ലോകത്തിനു പകരാനും സഭകളുടെ ഐക്യം അനിവാര്യമാണെന്ന് മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്. പത്തനംതിട്ട ജില്ലയിലെ പമ്പാതീരത്ത് നടക്കുന്ന മരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭകള്‍ പരസ്പരം കൈത്താങ്ങു നല്‍കി സഹകരിച്ചു മുന്നോട്ടു പോവുകയാണ് കാലഘട്ടത്തിന്‍റെ ആവശ്യം. പരസ്പരം ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതോടൊപ്പം മറ്റുള്ളവരിലെ നന്‍മ അംഗീകരിക്കാനുള്ള ആത്മബലവും ഉണ്ടാകണം. നന്‍മയ്ക്കു വിഭാഗീയ ചിന്താഗതി നല്‍കരുത്. നന്‍മയും കരുണയും ദൈവത്തിന്‍റേതാണെന്ന പൂര്‍ണ്ണബോധ്യവും അനിവാര്യമാണ്.
ലോകത്തിനു മുമ്പില്‍ ദൈവജനം ഒന്നിച്ചു നില്‍ക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നു. ഐക്യത്തിനുവേണ്ടിയുള്ള ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയിലൂടെ രക്ഷാകര പദ്ധതി ലോകത്തില്‍ ആരംഭിച്ചിരിക്കുന്നു. ഐക്യത്തിന് വൈവിധ്യങ്ങള്‍ തടസമാകാന്‍ പാടില്ലെന്നും ക്രൈസ്തവര്‍ തങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ ഐക്യത്തോടെ സുവിശേഷ സാക്ഷൃം നല്‍കണമെന്നും കര്‍ദിനാള്‍ ഉത്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.