2013-02-14 09:08:01

സ്ഥാനവിയോഗത്തില്‍
ആശ്ചര്യമില്ലെന്ന്
ഡോ. റോവന്‍ വില്യംസ്


13 ഫെബ്രുവരി 2013, ലണ്ടന്‍
ബനഡിക്ട് 16-ാമന്‍ പാപ്പയുടെ സ്ഥാനത്യാഗം തന്നെ അമ്പരപ്പിച്ചില്ലെന്ന് ആംഗ്ലിക്കന്‍ സഭയുടെ മുന്‍അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് പ്രസ്താവിച്ചു. ഫെബ്രുവരി 12-ാം തിയതി ചെവ്വാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് പാപ്പയുമായി എന്നും ആത്മബന്ധം പുലര്‍ത്തിയ ആര്‍ച്ചുബിഷപ്പ് വില്യംസ് ഇങ്ങനെ വെളിപ്പെടുത്തിയത്.
പാപ്പ അനുഭവക്കുന്ന ശാരീരിക ക്ഷീണത്തെക്കുറിച്ചും മനസ്സിന്‍റെ ചാഞ്ചല്യത്തെക്കുറിച്ചും ഏറ്റവും അടുത്തകാലത്ത് വത്തിക്കാനില്‍വച്ചു നടത്തിയ വ്യക്തിഗത കൂടിക്കാഴ്ചയില്‍ തന്നോടു തുറന്നു സംസാരിച്ചിരുന്നുവെന്നും, അന്നുമുതല്‍ അദ്ദേഹം സ്ഥാനവിയോഗം ചെയ്യുമോ എന്നൊരു ഭീതി മനസ്സില്‍ തിങ്ങിനിന്നിരുന്നുവെന്നും, ഇപ്പോള്‍ ഇംഗ്ലണ്ടിലെ കേബ്രിഡ്ജ് സര്‍വ്വകലാശാലയുടെ അദ്ധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘മരണംവരെ ധീരതയോടും ത്യാഗത്തോടുംകൂടെ തന്‍റെ മുന്‍ഗാമികള്‍ വഹിച്ച ആത്മീയദൗത്യം പ്രായാധിക്യത്തിലും ക്ഷിയിക്കുന്ന മനക്കരുത്തിലും മനസ്സാക്ഷിയില്‍ തുടരാനാകുമോ,’ എന്ന ചോദ്യം സ്വകാര്യ സംഭാഷണത്തില്‍ തന്‍റെ ദീര്‍ഘകാല സുഹൃത്ത് പാപ്പാ റാതസിങ്കര്‍ ഉന്നയിച്ചതായി ആര്‍ച്ചുബിഷപ്പ് വില്യംസ് അനുസ്മരിച്ചു.

പാപ്പായുടെ സമുന്നതസ്ഥാനത്തെ സേവനശുശ്രൂഷയുടെ കാഴ്ചപ്പാടില്‍ കാണുകയാണെങ്കില്‍ പത്രോസിന്‍റെ പരമാധികാരത്തിന്‍റെ ദൈവിക നിഗൂഢതകള്‍ എടുത്തുമാറ്റി, മാനുഷികത അണിയിക്കുന്നതാണ്
ബനഡിക്‍ട് 16-മന്‍ പാപ്പയുടെ ധീരമായ സ്ഥാനത്യാഗം പ്രഖ്യാപനമെന്നും, അങ്ങനെ ചരിത്രപ്രാധാന്യമുള്ളതും സ്തുത്യര്‍ഹവുമായ സഭാ സേവനകാലഘട്ടത്തിനുശേഷം പാപ്പാസ്ഥാനത്തിന്‍റെ ദൈവശാസ്ത്ര വ്യാഖ്യാനങ്ങള്‍ വെട്ടിക്കുറച്ച്, ഏറെ പ്രായോഗികവും മാനുഷികവുമായ വീക്ഷണത്തിലാണ് ബനഡിക്ട് 16-ാമന്‍ പാപ്പ സ്ഥാനത്യാഗം ചെയ്യുന്നതെന്ന് താന്‍ വിശ്വസിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ് അഭിമുഖത്തില്‍ വിശദീകരിച്ചു.











All the contents on this site are copyrighted ©.