2013-02-14 19:50:25

സുവിശേഷ ദീപ്തമായ
യുവജനങ്ങളുടെ കൂട്ടായ്മ


14 ഫെബ്രുവരി 2013, വത്തിക്കാന്‍
ബ്രസീലിലെ ഉപവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള യുവജന കൂട്ടായ്മ fraternity Campaign-ന്‍റെ സുവര്‍ണ്ണ ജൂബിലി നാളില്‍ അയച്ച സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ പ്രസ്താവിച്ചത്. ബ്രസീലിലെ ദേശീയ മെത്രാന്‍ സമിതിയുടെ ഉപവി പ്രവര്‍ത്തനങ്ങളിലൂടെ യുവജനങ്ങളെ ക്രിസ്തുവിന്‍റെ സുവിശേഷ സ്നേഹത്തിന്‍റെ പ്രായോജകരും പ്രേഷിതരുമാക്കുന്ന ‘സഹോദര സംഘം’, fraternity Campaign- എന്ന തപസ്സുകാല ഉദ്യമത്തെ ശ്ലാഘിച്ച പാപ്പ സമൂഹത്തിലും സഭയിലും കാലത്തിന്‍റെ കാലൊച്ചയ്ക്ക് കാതോര്‍ക്കേണ്ടത് യുവജനങ്ങളിലൂടെയാണെന്ന് കത്തിലൂടെ അനുസ്മരിപ്പിച്ചു.

യുവജനങ്ങള്‍ ഇന്നത്തെ സമൂഹത്തിന്‍റെ ഭാഗമാണെങ്കില്‍ മാത്രമേ അവര്‍ നാളയുടെ വാഗ്ദാനങ്ങളും സുവിശേഷസാക്ഷികളും ആയിത്തീരുകയുള്ളൂവെന്നും, അവരോടൊത്തു നടക്കുവാന്‍ കരുത്തും യുവഹൃദയവുമുള്ള സഭാശുശ്രൂഷകരും നേതാക്കളും ഇന്നിന്‍റെ ആവശ്യമാണെന്നും പാപ്പ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.

തപസ്സുകാലത്തിന് ഉചിതമായ ഉപവി പ്രവൃത്തിയും സാഹോദര്യ വീക്ഷണവും വളര്‍ത്തുന്ന ഉപവി പ്രസ്ഥാനം ബ്രസീലില്‍ ആസന്നമാകുന്ന ആഗോള യുവജന സംഗമത്തിന് ആവേശമാവട്ടെയെന്നും ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും, റിയോ അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് ഒറാനി ടെമ്പസ്റ്റാവഴി അയച്ച സന്ദേശത്തില്‍ പാപ്പ ആശംസിച്ചു.








All the contents on this site are copyrighted ©.