2013-02-14 16:34:37

വിശ്വസത്തിന്‍റെ മലകയറ്റം
സ്നേഹത്തിന്‍റെ മലയിറക്കം :
തപസ്സുകാല സന്ദേശം


13 ഫെബ്രുവരി 2013, വത്തിക്കാന്‍
ഫെബ്രുവരി 13-ാം തിയതി ബുധനാഴ്ച വിഭൂതി തിരുനാള്‍ ആചരിച്ചുകൊണ്ട് ആഗോളസഭയില്‍ തുടക്കംകൂറിച്ച വലിയ നോമ്പിന് ആമുഖമായി നല്കിയ സന്ദേശത്തിലാണ് വിശ്വാസം, സ്നേഹം എന്നീ ദൈവിക പുണ്യങ്ങളെക്കുറിച്ച് പാപ്പ ഇങ്ങനെ വ്യാഖ്യാനിച്ചത്. നിര്‍ലോപമായി സ്നേഹിക്കുന്ന ദൈവത്തോടുള്ള മനുഷ്യന്‍റെ പ്രത്യുത്തരമാണ് വിശ്വാസമെങ്കില്‍, ദൈവസ്നേഹത്താല്‍‍ രൂപാന്തരപ്പെട്ട വ്യക്തിയുടെ വിശ്വാസം സജീവമാകുന്നതാണ് സഹോദരസ്നേഹമെന്നും പാപ്പ വ്യക്തമാക്കി.
വിശ്വാസം, സ്നേഹം എന്നീ ദൈവികപുണ്യങ്ങള്‍ തീക്ഷ്ണമായി പാലിക്കേണ്ട നാളുകളാണ് തപസ്സുകാലം എന്ന് സന്ദേശത്തില്‍ ഏവരെയും അനുസ്മരിപ്പിച്ച പാപ്പ, ആചാരമാത്രമായ തപസ്സനുഷ്ഠാനത്തെ വിശ്വാസമാത്രവാദമെന്നും, fideism, ദാനധര്‍മ്മത്തില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ജീവിതത്തെ ധാര്‍മ്മികമാത്രവാദമെന്നും moral activism-എന്നും പാപ്പ വിവേചിച്ചു.
രണ്ടും ഒഴിവാക്കി, അവയെ സമന്വയിപ്പിച്ച്, വിശ്വാസത്താലും സ്നേഹത്താലും രൂപാന്തരപ്പെട്ട് മനുഷ്യര്‍ സഹോദര സ്നേഹത്തില്‍ പുനര്‍ജ്ജനിക്കുന്നതും സജീവരാകുന്നതുമാണ് യഥാര്‍ത്ഥ വിശ്വാസമെന്ന് പാപ്പ സമര്‍ത്ഥിച്ചു.

ദൈവാനുഭവത്തിനായി ആത്മീയതയുടെ മല കയറുന്നവര്‍ ദൈവസ്നേഹം അനുഭവിച്ച് സഹോദരങ്ങളിലേയ്ക്ക് സ്നേഹത്തോടെ ഇറങ്ങിച്ചെല്ലുമെന്നും, അവര്‍ പാവങ്ങളോടുള്ള പ്രതിബദ്ധതയും സേവനമനോഭാവവും ത്യാഗമനഃസ്ഥിതിയും പ്രകടമാക്കുന്നത് ആത്മീയതയുടെ വിനയാന്വിതമായ മലയിറക്കത്തിലാണെന്ന് പാപ്പ വിശേഷിപ്പിച്ചു. ഉദാരപൂര്‍ണ്ണമായ ദൈവസ്നേഹം അനുഭവിക്കുന്ന വ്യക്തി അതില്‍ വളര്‍ന്ന് സന്തോഷപൂര്‍വ്വം അതു പങ്കുവയ്ക്കാന്‍ നിര്‍ബന്ധിതനായിത്തീരുമെന്നും,
ആ വ്യക്തി ‘സ്നേഹത്തിന്‍റെ സമൃദ്ധമായ ഫലംതരുന്ന വൃക്ഷം’പോലെ സമൂഹത്തില്‍ വിരിഞ്ഞു നില്ക്കുമെന്നും പാപ്പ സന്ദേശത്തില്‍ ഉപമിച്ചു. “പ്രവൃത്തി കൂടാതെയുള്ള വിശ്വാസം ഫലമില്ലാത്ത് വൃക്ഷംപോലെയാണ്.” (യാക്കോബ് 2, 18). വചനധ്യാനവും പരമ്പരാഗതമായ കൂദാശകളുംവഴി വിശ്വാസത്തെ ബലപ്പെടുത്തിയും ഉപവാസം പ്രായശ്ചിത്തം, ദാനധര്‍മ്മം എന്നിവയിലൂടെ സഹോദരസ്നേഹത്തില്‍ വളരാന്‍ ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പ സന്ദേശം ഉപസംഹരിച്ചിരിക്കുന്നത്.









All the contents on this site are copyrighted ©.