2013-02-14 16:55:30

മനുഷ്യന്‍റെ മാനസാന്തരത്തിന്
ദൈവിക കാരുണ്യത്തിന്‍റെ പിന്‍ബലമുണ്ടെന്ന് പാപ്പ


14 ഫെബ്രുവരി 2013, വത്തിക്കാന്‍
ദൈവത്തിങ്കലേയ്ക്കു തിരിയാന്‍ മനുഷ്യന്‍ ഒരിക്കലും വൈകുന്നില്ലെന്ന് തപസ്സാരംഭത്തില്‍ ബനഡിക്ട്
16-ാമന്‍ പാപ്പ ഉദ്ബോധിപ്പിച്ചു. വിഭൂതി തിരുനാളില്‍ നടത്തിയ വചനപ്രഘോഷണത്തിലാണ് മനുഷ്യന്‍ അനുതപിച്ച് ദൈവത്തിങ്കലേയ്ക്കു തിരിയണമെന്ന് പാപ്പ ഉദ്ബോധിപ്പിച്ചത്. വികാര വിചാരങ്ങളുടെയും, തീരുമാനങ്ങളുടെയും, തിരഞ്ഞെടുപ്പുകളുടെയും പ്രവൃത്തികളുടെയും സ്രോതസ്സായ ഹൃദയത്തില്‍നിന്നുമുള്ള മാനസാന്തരവും ദൈവത്തിങ്കലേയ്ക്കുള്ള തിരിച്ചുവരവുമാണ് തപസ്സാചരണത്തിലൂടെ ആര്‍ജ്ജിക്കേണ്ട മൗലികവും ശ്രേഷ്ഠവുമായ പ്രവൃത്തിയെന്ന്
പാപ്പ ചൂണ്ടിക്കാട്ടി.

മനുഷ്യനില്‍ മാനസാന്തരം സാദ്ധ്യമാണെന്നും, ദൈവിക കാരുണ്യമാണ് അതിനു പിന്‍ബലമെന്നും
ജോയേല്‍ പ്രവാചകനെ ഉദ്ധരിച്ചുകൊണ്ട് പാപ്പ വ്യക്തമാക്കി. “നിങ്ങളുടെ വസ്ത്രങ്ങളല്ല ഹൃദയങ്ങള്‍ കീറിക്കൊണ്ടാണ് ദൈവത്തിങ്കലേയ്ക്കു തിരിയേണ്ടത്, എന്തെന്നാല്‍ അവിടുന്ന് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്നേഹസമ്പന്നനുമാണ്. ശിക്ഷപിന്‍വലിക്കാന്‍ അവിടുന്ന് സദാ സന്നദ്ധനുമാണ്,” (ജോയേല്‍ 1, 13) അതിനാല്‍ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന മനസ്സാക്ഷിയുടെ തുറവും സന്നദ്ധതയുമാണ് ഓരോരുത്തരും തപസ്സിലൂടെ സാധിക്കേണ്ടതെന്ന് പാപ്പ ആഹ്വാനംചെയ്തു. പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗത്ത് മാനസാന്തരത്തിന്‍റെ സാമൂഹ്യ മാനങ്ങളെക്കുറിച്ചാണ് പാപ്പ പ്രതിപാദിച്ചത്. ക്രൈസ്തവ ജീവിതത്തിനും വിശ്വാസത്തിനും സാമൂഹ്യ സ്വാഭാവമുണ്ടെന്നും, ഈ വീക്ഷണത്തില്‍ വിശ്വാസം തന്നയാണ് സഭയെന്നും പാപ്പ സമര്‍ത്ഥിച്ചു.
മാനുഷിക ബലഹീനതകളാല്‍ വികൃതമാക്കപ്പെട്ട സഭയുടെ മുഖകാന്തി വ്യക്തികളുടെ മാനസാന്തരത്തിലൂടെ നേടിയെടുക്കാമെന്നും, വ്യക്തിമാഹാത്മ്യവാദവും പകയും വൈരാഗ്യവും നിസ്സംഗഭാവവും വെടിഞ്ഞ് എളിമയോടെ സമൂഹത്തിലേയ്ക്കും ദൈവത്തിങ്കലേയ്ക്കും പിന്തിരിയുന്നതാണ് യഥാര്‍ത്ഥ മാനസാന്തമെന്നും പാപ്പ ആഹ്വാനംചെയ്തു.

ഗിരിപ്രഭാഷണത്തില്‍ ക്രിസ്തു പഠിപ്പിച്ച ദാനധര്‍മ്മം, പ്രാര്‍ത്ഥന, ഉപവാസം എന്നിവ ദൈവത്തിങ്കലേയ്ക്ക് തിരിച്ചെത്താനുള്ള പരമ്പരാഗത മാര്‍ഗ്ഗങ്ങള്‍ തന്നെയാണെന്നും പാപ്പ നിര്‍ദ്ദേശിച്ചു (മത്തായി 6, 4). സല്‍ക്കര്‍മ്മങ്ങളുടെ പ്രാമാണ്യതയും ഫലപ്രാപ്തിയും നിര്‍ണ്ണയിക്കുന്നത് സുതാര്യതയും സത്യസന്ധതയുമാണെന്നും, മതാത്മകമായ കാപട്യം ദൈവം വെറുക്കുന്നുവെന്നും, ആകയാല്‍ ഔദാര്യത്തോടും ലാളിത്യത്തോടുംകൂടെ നന്മയില്‍‍ ജീവിക്കുകയാണു വേണ്ടതെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. തപസ്സാരംഭത്തില്‍ അനുതാപത്തിന്‍റെ പ്രതീകമായി ശിരസ്സില്‍ ഭസ്മം പുശുന്ന കര്‍മ്മം ലളിതമെങ്കിലും ദൈവം ആവശ്യപ്പെടുന്ന മാനസാന്തരത്തിനുള്ള ആത്മീയതയുടെ സത്ത വെളിപ്പെടുത്തുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് പാപ്പ പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് ദിവ്യബലി തുടര്‍ന്നു.








All the contents on this site are copyrighted ©.