2013-02-12 18:45:36

വിരമിക്കുമെന്ന സൂചന നല്‍കിയിരുന്നുവെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി


12 ഫെബ്രുവരി 2013, കൊച്ചി
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും രണ്ടു വര്‍ഷം മുമ്പു തന്നെ സൂചനകള്‍ തന്നിരുന്നെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. മാര്‍പാപ്പയുടെ സ്ഥാനത്യാഗത്തെക്കുറിച്ച് കാക്കനാട് മൗണ്ട് സെന്‍റ് തോമാസില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന് അനുയോജ്യനായ മാര്‍പാപ്പയ്ക്ക് സഭയുടെ അധികാരം കൈമാറാന്‍ആഗ്രഹമുണ്ടെന്നും അദ്ദേഹം സൂചന നല്‍കിയിരുന്നു. കുറച്ചുനാളുകളായി അദ്ദേഹം ക്ഷീണിതനായിരുന്നെങ്കിലും സഹനവും പ്രാര്‍ത്ഥനയും കൈമുതലാക്കി സഭയെ നയിക്കുകയായിരുന്നെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി കൂട്ടിച്ചേര്‍ത്തു.

മാര്‍പാപ്പയ്ക്ക് 85 വയസു കഴിഞ്ഞു. മാര്‍പാപ്പയ്ക്കടുത്ത ശുശ്രൂഷയ്ക്ക് ആരോഗ്യം അനുവദിക്കാതെ വന്നാല്‍ താന്‍ സ്വയം വിരമിക്കുമെന്നു കഴിഞ്ഞ വര്‍ഷം ദൈവശാസ്ത്ര വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയിലും സൂചിപ്പിച്ചിരുന്നു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളില്‍ ഇല്ലെങ്കിലും മാര്‍പാപ്പമാര്‍ സ്വയം വിരമിക്കുന്നത് ഇതാദ്യമല്ല. 1194ല്‍ സെലസ്റ്റിന്‍ അഞ്ചാമന്‍ മാര്‍പാപ്പയും 1415ല്‍ ഗ്രിഗറി 12-ാമന്‍ മാര്‍പാപ്പയും പേപ്പല്‍ സ്ഥാനം ഒഴിഞ്ഞവരാണെന്നും മാര്‍ ആലഞ്ചേരി ഓര്‍മിപ്പിച്ചു.

ബെനഡിക്ട് പതിനാറാമന്‍ പൗരസ്ത്യസഭകളെ ഏറെ സ്നേഹിച്ച മാര്‍പാപ്പയാണെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു. എല്ലാ സഭകളോടും വിശാലമായ മനോഭാവം പുലര്‍ത്തിയിരുന്ന മാര്‍പാപ്പയാണ് ബനഡിക്ട് പതിനാറാമന്‍. സഭയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും വലിയ ലോകപരിജ്ഞാനമുള്ള വ്യക്തിത്വവുമാണ് അദ്ദേഹം. എല്ലാവരെയും സമഭാവനയോടെ കാണാനുള്ള മനസ് അദ്ദേഹത്തിനുണ്ട്. സീറോ മലബാര്‍ സഭ ഉള്‍പ്പടെ പൗരസ്ത്യ സഭകളോട് വലിയ സ്നേഹം അദ്ദേഹം സൂക്ഷിച്ചു. ഫരീദാബാദ് രൂപത അനുവദിക്കുന്നതുള്‍പ്പെടെ നിരവധി സന്ദര്‍ഭങ്ങളില്‍ സീറോമലബാര്‍ സഭയോടുള്ള സ്നേഹം പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ തുടര്‍ച്ചയായിരുന്നു അദ്ദേഹം. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി ശുശ്രൂഷ തുടങ്ങിയശേഷം അദ്ദേഹവുമായി കൂടുതല്‍ അടുത്ത ബന്ധം പുലര്‍ത്താന്‍ തനിക്കായിട്ടുണ്ട്. ഇന്ത്യയിലേക്കു വരാന്‍ അദ്ദേഹം താത്പര്യമറിയിച്ചിരുന്നതായും മാര്‍ ആലഞ്ചേരി പറഞ്ഞു.

മാര്‍പാപ്പ 28നു ഔദ്യോഗികമായി വിരമിക്കും. അതിനു ശേഷമാണ് പുതിയ പാപ്പയെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയ ആരംഭിക്കുക. നിലവില്‍ കമര്‍ലംഗോ സ്ഥാനത്തുള്ള കര്‍ദിനാള്‍ തര്‍ച്ചീസിയോ ബെര്‍തോണെ ആയിരിക്കും അതിനു മേല്‍നോട്ടം വഹിക്കുക. ഇന്ത്യയില്‍ നിന്ന് അഞ്ചു പേരാണ് മാര്‍പാപ്പയെ തെരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ളേവില്‍ ഉണ്ടാവുക - തനിക്കു പുറമേ, കര്‍ദിനാള്‍മാരായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഡോ. ടെലസ്ഫോര്‍ ടോപ്പോ, ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാബാവ, റോമില്‍ വിശ്രമജീവിതം നയിക്കുന്ന മുന്‍ ബോംബെ ആര്‍ച്ച്ബിഷപ് ഡോ. ഐവാന്‍ ഡയസ് എന്നിവര്‍.

പുതിയ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പിനായി പ്രാര്‍ഥിക്കുവാന്‍ കര്‍ദിനാള്‍ ആലഞ്ചേരി വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തു.








All the contents on this site are copyrighted ©.