2013-02-12 18:34:01

മാര്‍പാപ്പയ്ക്ക് കൃതജ്ഞതാ സന്ദേശങ്ങളുമായി ലോക നേതാക്കള്‍


12 ഫെബ്രുവരി 2013, വത്തിക്കാന്‍
മാര്‍പാപ്പയുടെ സ്ഥാനത്തു നിന്ന് വിരമിക്കുകയാണെന്ന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രഖ്യാപനം കത്തോലിക്കാ സമൂഹം മാത്രമല്ല ലോകം മുഴുവനും അത്ഭുതത്തോടെയാണ് സ്വീകരിച്ചത്. മാര്‍പാപ്പയുടെ പ്രഖ്യാപനത്തെ അത്ഭുതത്തോടും ആദരവോടും കൂടിയാണ് തങ്ങള്‍ സ്വീകരിച്ചതെന്ന് ലോകനേതാക്കള്‍ വെളിപ്പെടുത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ മൊന്തി, ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍, അമേരിക്കന്‍ പ്രസിഡന്‍റ് ബാരക് ഒബാമ, ബ്രിട്ടിഷ് പ്രധാന മന്ത്രി ഡേവിഡ് കാമറൂണ്‍, തുടങ്ങി നിരവധി രാഷ്ട്ര നേതാക്കള്‍ മാര്‍പാപ്പയ്ക്ക് ആശംസകള്‍ നേരുകയും മാര്‍പാപ്പയുടെ ആത്മീയ നേതൃത്വത്തിന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

ഇറ്റാലിയന്‍ പ്രധാന മന്ത്രി മാരിയോ മോന്തി: “മാര്‍പാപ്പയുടെ ഈ തീരുമാനത്തെ ആദരിക്കുന്നു. അവസാനം വരെ സഭയെ ശുശ്രൂഷിക്കാനും സഭാ ശുശ്രൂഷകള്‍ വീഴ്ച്ചകൂടാതെ മുന്നോടുപോകാനും വേണ്ടിയായിരിക്കണം മാര്‍പാപ്പ ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്ന് എനിക്ക് ഉറപ്പാണ്. മാര്‍പാപ്പയുമായി നടത്തിയ സംഭാഷണങ്ങള്‍ ഒരമൂല്യ സമ്മാനമായി ഞാന്‍ എന്നും മനസ്സില്‍ സൂക്ഷിക്കും. ”

ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍: “തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം നിറവേറ്റാന്‍ വേണ്ടത്ര ശക്തി തനിക്കില്ലെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഈ നടപടി സ്വീകരിച്ച മാര്‍പാപ്പയെ ഞാന്‍ ബഹുമാനിക്കുന്നു.... ഇക്കാലഘട്ടത്തെ ശക്തമായി സ്വാധീനിച്ച മതനേതാക്കളിലൊരാളാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ.”

ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍: “ബ്രിട്ടണും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ മാര്‍പാപ്പ ആത്മാര്‍ത്ഥമായി പരിശ്രമിച്ചു. 2010ല്‍ അദ്ദേഹം നടത്തിയ ബ്രിട്ടണ്‍ പര്യടനം ഏറെ സ്നേഹത്തോടും ആദരവോടും കൂടി ഞാന്‍ അനുസ്മരിക്കുന്നു. ഒരു ആത്മീയ പിതാവെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അസാന്നിദ്ധ്യം ലക്ഷക്കണക്കിനാളുകള്‍ അനുഭവിച്ചറിയും.”

അമേരിക്കന്‍ പ്രസിഡന്‍റ് ബാരക് ഒബാമ: “എല്ലാ അമേരിക്കക്കാരുടേയും പേരില്‍ ഞാന്‍ മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു. 2009ല്‍ മിക്കേലയും ഞാനും മാര്‍പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ച അവിസ്മരണീയമാണ്. സഭയ്ക്ക് ലോകത്തില്‍ ശക്തമായ സ്വാധീനമുണ്ട്. മാര്‍പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ സമ്മേളിക്കുന്നവര്‍ക്കും എന്‍റെ പ്രാര്‍ത്ഥാനശംസകള്‍.”

വിവിധ രാഷ്ട്രനേതാക്കള്‍ക്കു പുറമേ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളും ഉപവിപ്രസ്ഥാനങ്ങളുടെ മേലധികാരികളും മാര്‍പാപ്പയ്ക്ക് തങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും ഉറപ്പു നല്‍കി.

ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും കത്തോലിക്കാ സഭാ മേലധ്യക്ഷന്‍മാരും മാര്‍പാപ്പയ്ക്ക് പ്രാര്‍ത്ഥാനശംസകള്‍ നേര്‍ന്നുകൊണ്ട് സന്ദേശമയച്ചു.









All the contents on this site are copyrighted ©.