2013-02-12 18:33:14

നഷ്ടമാകുന്നത് ശ്രേഷ്ഠനായ ആത്മീയാചാര്യനെ: കര്‍ദിനാള്‍ ഗ്രേഷ്യസ്


12 ഫെബ്രുവരി 2013, മുംബൈ
ശ്രേഷ്ഠനായ ആത്മീയാചാര്യനെയാണ് സാര്‍വ്വത്രിക സഭയ്ക്കു നഷ്ടമാകുന്നതെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്‍ പ്രസ്താവിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിരമിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടേയും (എഫ്.എ.ബി.സി) ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റേയും (സി.ബി.സി.ഐ) അദ്ധ്യക്ഷനും മുംബൈ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. മാര്‍പാപ്പയുടെ തീരുമാനം ഒരേ സമയം അമ്പരിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതുമാണ്. മാര്‍പാപ്പയുടെ സഭാ സ്നേഹവും ധൈര്യവുമാണ് ഈ തീരുമാനം വെളിപ്പെടുത്തുന്നത്. തന്‍റെ ക്ഷയിക്കുന്ന ആരോഗ്യം മൂലം സഭയിലെ അജഗണ പരിപാലനത്തിന് ഒരു കുറവും വരരുതെന്ന നിശ്ചയമായിരിക്കാം മാര്‍പാപ്പയുടെ ഈ തീരുമാനത്തിനു പിന്നിലെന്ന് കര്‍ദിനാള്‍ ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുമായി പലതവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുള്ള കര്‍ദിനാള്‍ ഗ്രേഷ്യസ്, തന്‍റെ അജഗണത്തോട് സ്നേഹവാത്സല്യമുള്ള ഒരു നല്ലിടയന്‍റെ മനോഭാവമാണ് മാര്‍പാപ്പയില്‍ താനെന്നും ദര്‍ശിച്ചിട്ടുള്ളതെന്ന് പറഞ്ഞു. അതേസമയം, കത്തോലിക്കാ വിശ്വാസ സത്യം ധൈര്യപൂര്‍വ്വം പ്രഘോഷിക്കുന്ന മാര്‍പാപ്പ അതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അതിസമര്‍ത്ഥനായ ഒരു ദൈവശാസ്ത്രജ്ഞന്‍ കൂടിയാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. മാര്‍പാപ്പയുമായുള്ള ഓരോ സംഭാഷണവും തനിക്ക് ഒരു പുതിയ ഉള്‍ക്കാഴ്ച്ച നല്‍കിയെന്നും കര്‍ദിനാള്‍ അനുസ്മരിച്ചു.

ഇന്ത്യ മാര്‍പാപ്പയെ സ്നേഹിക്കുന്നുവെന്നും മാര്‍പാപ്പയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുമെന്നും കര്‍ദിനാള്‍ പ്രസ്താവിച്ചു. വിശുദ്ധിയും വിവേകവും കാരുണ്യവും ധൈര്യവുമുള്ള മറ്റൊരു സാരഥിക്കുവേണ്ടി നമുക്കിനി പ്രാര്‍ത്ഥിക്കാം. ഈ നിര്‍ണ്ണായക മുഹൂര്‍ത്തത്തില്‍ സാര്‍വ്വത്രിക സഭയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ എല്ലാ സഭാംഗങ്ങളേയും അദ്ദേഹം ക്ഷണിച്ചു.










All the contents on this site are copyrighted ©.