2013-02-12 18:33:53

ആശ്ചര്യപ്പെടുത്തിയ പ്രഖ്യാപനം: മാര്‍ ക്ളീമിസ് ബാവ



12 ഫെബ്രുവരി 2013, തിരുവനന്തപുരം

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിയുകയാണെന്ന അറിയിപ്പ് ആശ്ചര്യപ്പെടുത്തിയെന്നു മലങ്കര കത്തോലിക്കാസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ.

തിരുസംഘത്തിന്‍റെ കൂടിക്കാഴ്ചകളില്‍ പരിശുദ്ധ പിതാവ് സ്ഥാനത്യാഗം ചെയ്യുന്നതിനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. എന്നാല്‍, ഇത്ര വേഗം ഇത്തരമൊരു തീരുമാനമെടുക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. പിതാവിന്റെ ആത്മീയ ഔന്നത്യമാണ് ഈ സ്ഥാനത്യാഗത്തിലൂടെ വെളിപ്പെടുന്നത്.

തന്‍റെ ആരോഗ്യം സഭാശുശ്രൂഷയ്ക്ക് അപര്യാപ്തമാണെന്നു തോന്നിയ സമയത്താണു മാര്‍പാപ്പ വിശ്രമജീവിതത്തിനു തീരുമാനമെടുത്തത്. ഭാരതത്തെയും കേരളത്തെയും മലങ്കര കത്തോലിക്കാ സഭയെയും ഏറെ സ്നേഹിക്കുന്ന പിതാവാണു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ.
ആത്മീയവിശുദ്ധി നിറഞ്ഞുനില്ക്കുന്ന പരിശുദ്ധ പിതാവില്‍ നിന്ന് ആഗോള കത്തോലിക്കാസഭയ്ക്കു സ്നേഹവും ആത്മീയ ചൈതന്യവും കരുതലും ലഭിച്ചു.

ലോകത്തിലെ മറ്റെല്ലാ സഭകളോടും സ്നേഹവും ആദരവും പുലര്‍ത്തുന്ന പരിശുദ്ധ പിതാവാണു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ എന്നും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ പറഞ്ഞു.
ബനഡിക്ട് മാര്‍പാപ്പ ഔദ്യോഗിക ശുശ്രൂഷയില്‍നിന്ന് സ്ഥാനത്യാഗം ചെയ്ത നടപടി ഈ മാസം 28നു രാത്രി എട്ടിനാണു പ്രാബല്യത്തില്‍ വരുന്നത്. തുടര്‍ന്നു പുതിയ മാര്‍പാപ്പയെ തെരഞ്ഞെടുക്കാനായി സഭാനിയമം അനുസരിച്ചു കര്‍ദിനാള്‍മാരുടെ കോണ്‍ക്ളേവ് ചേരും.

എണ്‍പതു വയസു വരെയുള്ള കര്‍ദിനാള്‍മാര്‍ക്കാണ് വോട്ടവകാശം. ഇന്ത്യയില്‍നിന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കര്‍ദിനാള്‍ ക്ലീമിസും ഉള്‍പ്പെടെ അഞ്ചു കര്‍ദിനാള്‍മാര്‍ക്കാണു മാര്‍പാപ്പയെ തെരഞ്ഞെടുക്കാനുള്ള കോണ്‍ക്ളേവില്‍ വോട്ടവകാശം ഉള്ളത്.









All the contents on this site are copyrighted ©.