2013-02-08 15:55:34

കര്‍ദിനാള്‍ ജൊവാന്നി കേലിക്ക് മാര്‍പാപ്പയുടെ ആദരാഞ്ജലി


08 ഫെബ്രുവരി 2013, വത്തിക്കാന്‍
കര്‍ദിനാള്‍ ജൊവാന്നി കേലിയുടെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചിച്ചു. റോമന്‍ കൂരിയായിലും പേപ്പല്‍ പ്രതിനിധിയായും പരിശുദ്ധ സിംഹാസനത്തിനു വേണ്ടി പതിറ്റാണ്ടുകള്‍ ശുശ്രൂഷ ചെയ്ത വ്യക്തിയാണ് കര്‍ദിനാള്‍ കേലി. സഭാംഗങ്ങള്‍ക്കുവേണ്ടി, പ്രത്യേകിച്ച് ക്രൈസ്തവ യുവജനപരിശീലനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ കര്‍ദിനാള്‍ കേലിയെന്ന് അനുശോചന സന്ദേശത്തില്‍ മാര്‍പാപ്പ പ്രസ്താവിച്ചു. വത്തിക്കാന്‍ നയതന്ത്രകാര്യാലയത്തില്‍ അംഗമായിരുന്ന അദ്ദേഹം പത്തുവര്‍ഷത്തിലേറെ യു.എന്നില്‍ പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായി (1973 - 1986) സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് ഒരു ദശകത്തിലേറെകാലം യാത്രികര്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള പൊന്തിഫിക്കല്‍ സമിതിയുടെ അദ്ധ്യക്ഷനായും അദ്ദേഹം സേവനമനുഷ്ഠിച്ചു. കര്‍ദിനാള്‍ കേലിയുടെ സേവനങ്ങള്‍ കൃതജ്ഞതാപൂര്‍വ്വം അനുസ്മരിച്ച മാര്‍പാപ്പ അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ വേദനിക്കുന്നവരുടെ വേദനയില്‍ പങ്കുചേരുകയും അവര്‍ക്ക് തന്‍റെ അപ്പസ്തോലികാശീര്‍വാദം നല്‍കുകയും ചെയ്തു.

വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്ന കര്‍ദിനാള്‍ 8ാം തിയതി വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അന്തരിച്ചത്. അന്തിമോപചാര ശുശ്രൂഷ ഫെബ്രുവരി 9ാം തിയതി ശനിയാഴ്ച വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ നടക്കും.









All the contents on this site are copyrighted ©.