2013-02-06 16:48:12

‘പത്രോസിന്‍റെ പാതയില്‍’
വിശ്വാസപാതയിലൊരു കലാപ്രദര്‍ശനം


6 ഫെബ്രുവരി 2013, റോം
ബലഹീനനായിരുന്നിട്ടും ക്രിസ്തുവിനോടുള്ള സ്നേഹാതിരേകത്താല്‍ എല്ലാം ഉപേക്ഷിച്ച് അവിടുത്തെ പിന്‍തുടര്‍ന്ന പത്രോസിനെ കേന്ദ്രീകരിച്ചാണ് റോമിലെ ചരിത്രപുരാതനമായ ‘ക്യാസില്‍ സന്താഞചലോ’യെന്ന പ്രശസ്തമായ കോട്ടമന്ദിരത്തില്‍ ഫെബ്രുവരി 6-ാം തിയതി, വമ്പന്‍ വിശ്വാസ കലാപ്രദര്‍ശനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇറ്റലിയുടെ നാഷണല്‍ മ്യൂസിയത്തിന്‍റെ സഹായത്തോടെ വത്തിക്കാന്‍റെ നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലാണ് പത്രോസിന്‍റെ പാതയില്‍ - കലാപ്രദര്‍ശനം ‘ക്യാസില്‍ സന്താഞചലോ’യില്‍ സംവിധാനം ചെയ്തിരിക്കുന്നത്.

മനുഷ്യഹൃദയങ്ങളില്‍ ഒളിഞ്ഞുകിടക്കുന്ന ദൈവത്തിനായുള്ള അഭിവാഞ്ച്ഛ ജീവിത ക്രമങ്ങളിലും പ്രകൃതിയുടെ മനോഹാരിതയിലും തേടാനും കണ്ടെത്താനും സാധിക്കുന്നതാണ് വിശ്വാസമെന്നും,
ആകയാല്‍ വിശ്വാസത്തിന്‍റെ സാംസ്ക്കാരിക സാമൂഹ്യമാനങ്ങള്‍ അംഗീകരിച്ച്, അത് തേടുന്നവര്‍ക്ക് കലയുടെയും കാലത്തിന്‍റെയും മനോഹാരതയിലൂടെ വിശ്വാസത്തിന്‍റെ ആഴങ്ങളിലേയ്ക്കുള്ള വഴിതുറക്കുകയാണ് പ്രദര്‍ശനത്തിന്‍റെ ലക്ഷൃമെന്നും, നവസുവിശേഷവത്ക്കരണത്തിനായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല റോമില്‍ നല്കിയ വാര്‍ത്താ സമ്മേളനത്തില്‍ വിവരിച്ചു.

ഇന്നത്തെ സാമൂഹ്യ സാംസ്ക്കാരിക മേഖലയില്‍ പൊതുവെ, വിശ്വാസത്തെ തളര്‍ത്തുന്നതും സ്വാധീനിക്കുന്നതുമായ ആത്മീയ മന്ദതയും നിഗ്ഗംഗതയും ഉയര്‍ന്നു വരികയാണെന്നും, എന്നാല്‍ പുതിയ തലമുറയുടെ താല്പര്യങ്ങള്‍ ശാസ്ത്ര-സാങ്കേതിക പുരോഗതിയിലേയ്ക്കും, നവമായ ജീവിത ശൈലികളിലേയ്ക്കുമാണ് തിരിയുന്നതെന്നും ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ലാ പ്രസ്താവനയില്‍ നിരീക്ഷിച്ചു.
കടന്നുപോകാത്ത വിശ്വസൗന്ദര്യത്തിലേയ്ക്കും സ്രാഷ്ടാവായ വിശ്വശില്പിയിലേയ്ക്കും മനുഷ്യഹൃദയങ്ങളെ തിരിക്കുവാന്‍ തക്കവിധം ആശ്ചര്യവും അറിവും ഉണര്‍ത്താന്‍ ‘പത്രോസിന്‍റെ പാതയില്‍,’ Paths of St. Peter എന്ന പ്രദര്‍ശനത്തിന് കരുത്തുണ്ടെന്ന് ആര്‍ച്ചുബിഷപ്പ് ഫിസിക്കേല്ല പ്രസ്താവിച്ചു. ഫെബ്രുവരി 6-ാം തിയതി ബുധനാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ ഉദ്ഘാടനംചെയ്ത പ്രദര്‍ശനം മെയ് 1-വരെ നീണ്ടുനില്ക്കും.










All the contents on this site are copyrighted ©.