2013-02-05 16:26:44

രണ്ടാം വത്തിക്കാന്‍ സൂന്നഹദോസിന്‍റെ മഹത്വത്തെക്കുറിച്ച് കര്‍ദിനാള്‍ ഗ്രേഷ്യസ്


05ഫെബ്രുവരി 2013, ബാംഗ്ലൂര്‍
രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് നല്‍കിയ അമൂല്യ സമ്മാനങ്ങള്‍ ഇനിയും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ബാഗ്ലൂരിലെ ധര്‍മ്മാരാം വിദ്യാക്ഷേത്രം സംഘടിപ്പിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ചുള്ള അന്തര്‍ദേശീയ പഠനശിബരത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഏഷ്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ സംയുക്ത സമിതിയുടേയും (എഫ്.എ.ബി.സി.) ഇന്ത്യന്‍ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റേയും (സി.ബി.സി.ഐ) അദ്ധ്യക്ഷനും മുബൈ അതിരൂപതാക്ഷനുമായ കര്‍ദിനാള്‍ ഗ്രേഷ്യസ്. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രബോധനങ്ങളുടെ മൂല്യവും പ്രഭയും അസ്തമിച്ചിട്ടില്ലെന്നും സൂന്നഹദോസ് പ്രബോധനങ്ങളുടെ ആഴവും പരപ്പും തിരിച്ചറിയാന്‍ സഭാംഗങ്ങള്‍ക്കു സാധിക്കണമെന്നും അദ്ദേഹം പ്രസ്താവിച്ചു. രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് സാര്‍വ്വത്രിക സഭയില്‍ വരുത്തിയ പരിഷ്ക്കാരങ്ങളേയും പരിവര്‍ത്തനങ്ങളെയുംകുറിച്ച് കര്‍ദിനാള്‍ തദവസരത്തില്‍ വിശദമായി പ്രതിപാദിച്ചു. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളെക്കുറിച്ച് വേണ്ടത്ര അവബോധമില്ലാത്തവരാണ് കത്തോലിക്കരില്‍ പലരും. നിരവധി വിശ്വാസികള്‍ ‘ഞായറാഴ്ച കത്തോലിക്ക’രായി ജീവിക്കുകയാണെന്നും, വിശ്വാസത്തില്‍ അധിഷ്ഠിതമായ ജീവിതമല്ല പല കത്തോലിക്കും നയിക്കുന്നതെന്നും കര്‍ദിനാള്‍ ഖേദഃപൂര്‍വ്വം ചൂണ്ടിക്കാട്ടി. വിശ്വാസവും ജീവിതവും വേര്‍തിരിച്ചുകാണുന്നത് നമ്മുടെ കാലത്തിന്‍റെ വലിയൊരു തെറ്റാണെന്ന് രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പിതാക്കന്‍മാര്‍ മുന്നറിയിപ്പ് നല്കിയിരുന്നുവെന്നും കര്‍ദിനാള്‍ ഗ്രേഷ്യസ് അനുസ്മരിച്ചു. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന വിശ്വാസവര്‍ഷം, വിശ്വാസമെന്ന ദാനം കൂടുതല്‍ ആദരപൂര്‍വ്വം ഉള്‍ക്കൊള്ളാനും, ദൈവവുമായുള്ള നമ്മുടെ വ്യക്തിബന്ധം ദൃഢപ്പെടുത്താനും, വിശ്വാസം മറ്റുള്ളവരോടു പങ്കുവയ്ക്കാനുമുള്ള പരിശ്രമത്തിന് കരുത്ത് പകരട്ടെയെന്നും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആശംസിച്ചു.
ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ ജനുവരി 31-ന് വത്തിക്കാന്‍റെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായുള്ള കാര്യാലയത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ സീനോണ്‍ ഗ്രോക്കലോസ്ക്കി തിരിതെളിച്ച രണ്ടാം വത്തിക്കാന്‍ സൂനഹദോസിനെക്കുറിച്ചുള്ള അന്തര്‍ദേശീയ പഠനശിബരം ഫെബ്രുവരി 3ന് സമാപിച്ചു.








All the contents on this site are copyrighted ©.