2013-02-05 18:51:31

നേട്ടങ്ങളുടെ ലോകത്ത്
വൈരുദ്ധ്യമാകുന്ന സുവിശേഷ ജീവിതം


ഫെബ്രുവരി 2-ാം തിയതി ശനിയാഴ്ച കര്‍ത്താവിന്‍റെ സമര്‍പ്പണ തിരുനാള്‍ സന്ന്യസ്തരുടെ ദിനമായും ആചരിച്ചുകൊണ്ട്, ബനഡിക്ട് 16-ാമന്‍ പാപ്പ ദിവ്യബലിയര്‍പ്പിക്കുകയും വചനപ്രഘോഷണം നടത്തുകയും ചെയ്തു. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സമ്മേളിച്ച ആയിരക്കണക്കിന് വിശ്വാസിളുടെയും സമര്‍പ്പിതരുടെയും നിറഞ്ഞ സാന്നിദ്ധ്യത്തില്‍ പാപ്പ നല്കിയ വിചിന്തനത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

യേശുവിന്‍റെ ശൈശവകാല വിവരണത്തില്‍ മറിയവും ജോസഫും കര്‍ത്താവിന്‍റെ നിയമങ്ങള്‍ പാലിക്കുന്നതില്‍ ഏറെ ശുഷ്ക്കാന്തിയുള്ളവരായിട്ടാണ് വിശുദ്ധ ലൂക്കാ തന്‍റെ സുവിശേഷത്തില്‍ കുറിച്ചിരിക്കുന്നത്. യഹൂദപാരമ്പര്യത്തില്‍ ജനനത്തിനുശേഷം കടിഞ്ഞൂല്‍ പുത്രനു ചെയ്യേണ്ടതായ എല്ലാ മതാത്മകമായ അനുഷ്ഠാനങ്ങളും ഏറെ ഭക്തിയോടും വിശ്വാസത്തോടുംകൂടെ അവര്‍ നിര്‍വ്വഹിക്കുന്നു.
രണ്ടു പരമ്പരാഗത നിഷ്ഠകളാണ് നാം സുവിശേഷത്തില്‍ കാണുന്നത്. ഒന്നാമത്തേത് മാതാക്കളെ സംബന്ധിക്കുന്നതും, രണ്ടാമത്തേത് കുഞ്ഞിനെ സംബന്ധിക്കുന്നതും. “ഗര്‍ഭംധരിച്ച് ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ 40 ദിവസത്തേയ്ക്ക് മതാനുഷ്ഠാനങ്ങളില്‍നിന്ന് അകന്നു നില്ക്കുകയും ശുദ്ധീകരണനാള്‍ പൂര്‍ത്തിയാകുമ്പോള്‍ അവള്‍ കുഞ്ഞിനുവേണ്ടി ഒരാട്ടിന്‍ കുട്ടിയെ ദഹനബലിയായും ഒരു ചെങ്ങാലിയെയോ പ്രാവിന്‍ കുഞ്ഞിനെയോ പരിഹാരബലിയായും സമര്‍പ്പിക്കണം. ആട്ടിന്‍കുട്ടിയെ സമര്‍പ്പിക്കാന്‍ കഴിവില്ലെങ്കില്‍ രണ്ടു ചെങ്ങാലികളേയോ പ്രാവിന്‍ കുഞ്ഞുങ്ങളെയോ അവര്‍ കൊണ്ടുവരട്ടെ.” (ലേവ്യര്‍ 12, 1-8) എന്നാണ് ലേവ്യരുടെ പുസ്തകം നിര്‍ദ്ദേശിക്കുന്നത്.

എളിയവരുടെ മദ്ധ്യേ, ഒരു സാധാരണ കുടുംബത്തിലാണ് യേശു പിറന്നത് എന്ന് സമര്‍ത്ഥിക്കുവാന്‍, ജോസഫും മേരിയും വളരെ സാധാരണ കാഴ്ചവസ്തുക്കളാണ് ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നത്
എന്ന് ലൂക്കാ വെളിപ്പെടുത്തുന്നു. നിയമാനുസൃതം ഒരു ജോഡി പ്രാവിന്‍ കുഞ്ഞുങ്ങളെയാണ് അവര്‍ സമര്‍പ്പിച്ചത്, എന്നാണ് സുവിശേഷത്തില്‍ വായിക്കുന്നത് (ലൂക്കാ 2, 24). ഇസ്രായേല്‍ ഗോത്രത്തില്‍പ്പെട്ട (അനാവിം) കര്‍ത്താവിന്‍റെ എളിയവര്‍ക്ക് അവര്‍ ദൈവത്തിന്‍റെ ജനമാകയാല്‍ മോശയുടെ നിയമപ്രകാരം ആദ്യജാതനെ ദൈവാലയത്തില്‍ സമര്‍പ്പിക്കുമ്പോള്‍ എവിടെയായിരുന്നാലും അഞ്ചു ഷെക്കേല്‍ നാണയങ്ങള്‍ നല്കിയാലും മതിയാകും, (പുറപ്പാട് 13, 11) എന്ന് പുറപ്പാടു ഗ്രന്ഥം വ്യക്തമാക്കുന്നു. ഇസ്രായേലിന്‍റെ ആദ്യജാതരെ കര്‍ത്താവ് എപ്പോഴും പരിരക്ഷിച്ചു, എന്ന പുറപ്പാടു സംഭവത്തിന്‍റെ ഓര്‍മ്മയിലാണ്, ആദ്യജാതരോടു എപ്പോഴും കാണിക്കുന്ന ഈ പ്രതിബന്ധതയും ഔദാര്യവും (പുറപ്പാട് 13, 11-16).
അമ്മയുടെ ശുദ്ധീകരണത്തിനും കടിഞ്ഞൂല്‍ പുത്രന്‍റെ വീണ്ടെടുപ്പിനുമായി – (ഈ രണ്ടു കാര്യങ്ങള്‍ക്കുവേണ്ടി) ദേവാലയത്തില്‍ പോകേണ്ട ആവശ്യമില്ലായിരുന്നെങ്കിലും ജോസഫും മേരിയും യേശുവിന്‍റെ സമര്‍പ്പാണാചാരണത്തിനായി ജരൂസലേം ദേവാലയത്തിലേയ്ക്കു പുറപ്പെടുന്നു.
യേശു ദൈവാലയത്തില്‍ എത്തിയതും, ഉടനെ രംഗം മാറിമറിയുന്നത് ലൂക്കാ സുവിശേഷകന്‍ വിവരിക്കുന്നു (ലൂക്കാ 2, 32, 35).

പരിശുദ്ധാത്മാവിന്‍റെ പ്രേരണയാല്‍ ‍കര്‍ത്താവിന്‍റെ അഭിഷിക്തനെ പാര്‍ത്തിരിക്കുന്ന രണ്ടു പേര്‍ - ശിമയോനും അന്നയും ജരൂസലേം ദൈവാലയത്തിലെത്തി. ഇവിടെ ലൂക്കായുടെ വിവരണത്തില്‍ മലാക്കിയുടെ പ്രവചനങ്ങള്‍ പൂവണിയുകയാണ് : കര്‍ത്താവായ ദൈവം ഉണര്‍ത്തിച്ചു.
വഴിയൊരുക്കാന്‍ ദൂതനെ എനിക്കു മുന്നേ അയക്കുന്നു. നീ അന്വേഷിക്കുന്ന കര്‍ത്താവ് നിനക്കു മുന്നേ ദൈവാലയത്തില്‍ പ്രവേശിക്കുന്നു. ഇതാ, ഉടമ്പടിയുടെ ദൂതന്‍ ആഗതനാകുന്നു. അവിടുത്തെ മുന്നില്‍ നില്ക്കാന്‍ ആര്‍ക്കു കഴിയും. കര്‍ത്താവിന്‍റെ നീതിക്കനുസൃതമായി അവിടുത്തേയ്ക്ക് ബലിയര്‍പ്പിക്കാന്‍ അവന്‍ ഇതാ, അണയുന്നു (മലാക്കി 3, 1-3).

പ്രാവചകന്‍റെ വാക്കുകള്‍ യേശുവില്‍ അന്വര്‍ത്ഥമാകുന്നു. വിശ്വാസത്താല്‍ പ്രേരിതരായി അവിടുത്തെ മാതാപിതാക്കള്‍ കൃത്യസമയത്ത് കുഞ്ഞിനെ ദേവാലയത്തില്‍ കൊണ്ടുചെന്ന് സമര്‍പ്പിച്ചു.
യേശുവിന്‍റെ പ്രതീകാത്മകമായ ഈ സമര്‍പ്പണത്തില്‍ ദൈവപിതാവിനുള്ള സ്വാര്‍പ്പണവും, അവിടുത്തെ പൗരോഹിത്യ അഭിഷേചനവും പ്രവാചകന്‍ പ്രഘോഷിച്ചതുപോലെ യാഥാര്‍ത്ഥ്യമാവുകയാണ്.
ശിശുവായി ദൈവാലയത്തില്‍ സമര്‍പ്പിതനായ യേശുവാണ് പിന്നീട് ഈ ദേവാലയത്തിന്‍റെതന്നെ ശുദ്ധികലശത്തിന് ഒരുനാള്‍ എത്തുന്നതെന്നും ഓര്‍ക്കേണ്ടതാണ് (യോഹ. 2, 13-22, മാര്‍ക്ക് 11, 1519). മാത്രമല്ല, ഈ ശിശുതന്നെയാണ് പുതിയ നിയമത്തിലെ പരമോന്നത പുരിഹതനായും ലോക രക്ഷയ്ക്കായും ദൈവപിതാവിന് തന്നെത്തന്നെ യാഗമായി സമര്‍പ്പിക്കുന്നത്. പുതിയ നിയമത്തിലെ നിത്യപുരോഹിതനാണ് ക്രിസ്തു എന്ന ആശയം ഹെബ്രായരുടെ ലേഖനത്തിലും പരാമര്‍ശിക്കപ്പെടുന്നു.
“ജനങ്ങളുടെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യാനും, ദൈവികകാര്യങ്ങളില്‍ വിശ്വസ്തനും കരുണാമയനും മനുഷ്യരോട് സദൃശനുമായി അവന്‍ വന്നിരിക്കുന്നു” (ഹെബ്ര. 2, 17).

രക്ഷകനെ പാര്‍ത്തിരുന്ന ശിമയോണ്‍ അമ്മയെയും മകനെയുംകുറിച്ച് പറയുന്ന വാക്കുകളില്‍ സഹനത്തിന്‍റെ സന്ദേശം വെളിപ്പെടുന്നുണ്ട്. “ഇവന്‍ ഇസ്രായേലില്‍ പലരുടെ വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. ഇവന്‍ വിവാദ വിഷയമായ അടയാളമായിരിക്കും. അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. ഒരു വാള്‍ നിന്‍റെ ഹൃദയത്തെ ഭേദിക്കും” (ലൂക്കാ 2, 34-35).

ക്രൂരമായ മരണത്തിലൂടെയുള്ള സ്നേഹസമര്‍പ്പണംവഴി കൈവരിച്ച ആത്മീയ വിജയത്തിലൂടെ ലോകരക്ഷ തന്നില്‍ തന്നെയാണെന്ന് ക്രിസ്തു വെളിപ്പെടുത്തുന്നു. നിഷ്ഠൂരമായ കുരിശുമരണം സ്വയം ഏറ്റെടുത്ത്, അതിനെ ഉത്ഥാനത്തിലൂടെ അതിജീവിച്ച് ക്രിസ്തു തന്‍റെ ജനത്തിന് രക്ഷ നല്കി.
അങ്ങനെ ക്രിസ്തുവിന്‍റെ ജീവിതത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ട സ്നേഹയാഗം ദേവാലയത്തിലെ സമര്‍പ്പണത്തില്‍ നിഴലിക്കുന്നുണ്ടെന്നും നമുക്കു മനസ്സിലാക്കാം. പഴയനിയമത്തിലെ ഉടമ്പടി പ്രകാരമുള്ള ഈ അനുഷ്ഠാത്തിലൂടെ വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും പൂര്‍ണ്ണിമയിലും കാലത്തിന്‍റെ തികവിലും, ദൈവത്തിന്‍റെയും അവിടുത്തെ ആത്മാവിന്‍റെയും യേശുവിലുള്ള നിറവ് ദേവാലയത്തിലെ സമര്‍പ്പണ സംഭവത്തില്‍ തെളിഞ്ഞു നില്ക്കുന്നു. നാളുകളായി രക്ഷകനെ കാത്തിരുന്ന്, അവസാനം യേശുവിന്‍റെ സമര്‍പ്പണ സമയത്ത് അവിടെ എത്തിയ അന്നയും ശിമയോനും പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യമാണ് വെളിപ്പെടുത്തുന്നത്.

ഇസ്രായേലിന്‍റെ സമാശ്വാസകനായ പരിശുദ്ധാത്മാവ്, രക്ഷ പാര്‍ത്തിരിക്കുന്നവരുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുന്നു. അരൂപിയാല്‍ പ്രേരിതരായി ശിമയോന്‍റെയും അന്നയുടെയും അധരങ്ങളില്‍നിന്ന് ഉരുവംകൊള്ളുന്നത് പ്രവചനവാക്യവും അനുഗ്രവചസ്സുകളും, ഒപ്പം കര്‍ത്താവിന്‍റെ അഭിഷിക്തനിലുള്ള ഗാഢമായ വിശ്വാസത്തിന്‍റെ പ്രതീകമായ സ്തുതിപ്പുമായിരുന്നു. “സകലജനതകള്‍ക്കുമായി ഒരുക്കിയ രക്ഷയുടെ പ്രകാശം ഇന്നു ഞാന്‍ കണ്ടിരിക്കുന്നു. അത് ജനതകള്‍ക്കുള്ള വെളിപാടിന്‍റെ വെളിച്ചവും, ദൈവജനമായ ഇസ്രായേലിന്‍റെ മഹത്വവുമാണ്” (ലൂക്കാ 2, 30). അങ്ങനെ തന്‍റെ സ്തുതിപ്പിന്‍റെ അന്ത്യത്തില്‍ യേശു രക്ഷകനാണെന്ന് ശിമയോന്‍ പ്രഘോഷിക്കുന്നു. ഏശയ്യാ പ്രവചിച്ച കര്‍ത്താവിന്‍റെ ദാസനെക്കുറിച്ചുള്ള ഒന്നു രണ്ടും ഗീതങ്ങള്‍ ഇന്നത്തെ ആരാധനക്രമത്തിന്‍റെ വ്യക്തമായ രൂപംനല്കുന്നു (ഏശയ്യാ 42, 6 49, 6). “അന്ധര്‍ക്കു കാഴ്ചനല്കുന്നതിനും, ബന്ധനസ്ഥരെ മോചിക്കുവാനും ജനതകള്‍ക്ക് ഉടമ്പടിയും പ്രകാശവുമായി നിന്നെ ഞാന്‍ അയച്ചിരിക്കുന്നു” (ഏശയ്യാ 42, 6). “എന്‍റെ രക്ഷ ലോകാതിര്‍ത്തികള്‍വരെ എത്തിക്കുന്നതിന് ജനതകള്‍ക്കു പ്രകാശമായി നിന്നെ ഞാന്‍ അയച്ചിരിക്കുന്നു” (ഏശയ്യ 49, 6).

പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗത്ത് സന്ന്യാസ ജീവിതത്തെക്കുറിച്ചാണ് പാപ്പ പ്രതിപാദിച്ചത്.
തിരുക്കര്‍മ്മങ്ങളുടെ ആരംഭത്തില്‍തന്നെ സന്ന്യാസസഭകളുടെ ഉന്നതാധികാരികള്‍ ജനങ്ങള്‍ക്കൊപ്പം നടത്തിയ ദീപപ്രദക്ഷിണം ക്രിസ്തു ജനതകളുടെ പ്രകാശം എന്ന ആശയും പ്രതിഫലിപ്പിക്കുന്നു.
ഇത് ഏറെ പ്രസക്തവും പ്രതീകാത്മകവുമാണ്. സന്ന്യാസ ജീവിതത്തിന്‍റെ മനോഹാരിതയും മൂല്യവും ക്രിസ്തുവിന്‍റെ സമര്‍പ്പണം സുചിപ്പിക്കുന്നതോടൊപ്പം, മാതൃകയാക്കാവുന്ന യേശുവിന്‍റെ അമ്മ, മറിയത്തിന്‍റെ സാന്നിദ്ധ്യവും സമര്‍പ്പണവും ഈ കര്‍മ്മത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വചനം മാസം ധരിച്ചും ദൈവം സ്നേഹമായും ലോകത്തിന്‍റെ അന്ധകാരം തുടച്ചു മാറ്റാന്‍ അവതീര്‍ണ്ണനായ ക്രിസ്തുവാകുന്ന പ്രകാശത്തെ പരിലാളിക്കാന്‍ സമ്പൂര്‍ണ്ണമായി സമര്‍പ്പിച്ചവളാണ് കന്യകാ മറിയം.

പ്രിയ സന്ന്യസ്തരേ, ഈ വിശ്വാസവത്സരത്തില്‍ നിങ്ങളെ വിശ്വാസത്തില്‍ ദൃഢപ്പെടുത്തിക്കൊണ്ട് സന്ന്യാസ സമൂഹത്തിലുള്ള നിങ്ങളുടെ ഒരോരുത്തരുടെയും സമര്‍പ്പണം നവീകരിച്ച് സന്തേഷത്തോടെ ദൈവത്തിനു നല്കുക. നിങ്ങളുടെ സാന്നിദ്ധ്യത്തിന് ഹൃദ്യമായും വാത്സല്യത്തോടുംകൂടെ നന്ദിപറയുന്നു. ഓരോ സന്ന്യാസ സമൂഹവും നല്കുന്ന ധ്യാനാത്മക ജീവിതത്തിന്‍റെയും പ്രേഷിത പ്രവര്‍ത്തനത്തിന്‍റെയും വൈവിധ്യമാര്‍ന്ന സിദ്ധികളിലൂടെ നിങ്ങള്‍ ആഗോള സഭയുടെ പ്രേഷിതദൗത്യത്തിലും ജീവിതത്തിലും പങ്കുചേര്‍ന്നുകൊണ്ട് ഈ ലോകത്ത് ക്രിസ്തുവിന്‍റെ പ്രകാശമായി ജീവിക്കുക. കൂട്ടായ്മയുടെയും നന്ദിയുടെയും അരൂപിയില്‍ വിശ്വാസകവാടമായ ക്രിസ്തുവിങ്കല്‍ എത്തിച്ചേരാന്‍ നിങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന വ്രതങ്ങള്‍ വിശ്വസ്തതയോടെ ജീവിക്കുക. നിങ്ങളുടെ വിളിയെ പ്രകാശിപ്പിക്കുന്ന വിധത്തില്‍ ആദ്യമായി വിശ്വാസത്തെ ബലപ്പെടുത്തുക. അന്യൂനമായ നിങ്ങളുടെ വിളിയിലൂടെ ഹൃദയങ്ങളെ ഉദ്ദീപിപ്പിക്കുന്ന ക്രിസ്ത്വാനുഭവത്തിന്‍റെ ആദ്യകാല ഊഷ്മളത എന്നും കാത്തുസൂക്ഷിക്കുകയും വളര്‍ത്തിയെടുക്കുകയും ചെയ്യുക. അതുവഴി വിശ്വാസത്തിലുള്ള അനുസരണയും ദാരിദ്ര്യാരൂപിയും മൗലികമായ ബ്രഹ്മചര്യവുംവഴി ക്രിസ്തുവിന്‍റെ ജീവിതത്തിലും അവിടുത്തെ രക്ഷാകര പദ്ധതിയിലും പങ്കുചേരുന്നതിനുള്ള തീവ്രമായ ആഗ്രഹവും സന്തോഷവും ബലപ്പെടുത്തിയെടുക്കുക. അതിന് ഒരാന്തരിക നിശ്ശബ്ദത ആവശ്യമാണ്.
ക്രിസ്തുവിലുള്ള ഈ പങ്കുചേരലും ആഭിമുഖ്യവുംവഴി, സകലതും ഉപേക്ഷിച്ച് അവിടുത്തെ അനുകരിച്ച് ദൈവത്തിനും മനുഷ്യര്‍ക്കുമായി സ്വയം സമര്‍പ്പിക്കുക. എന്നും ദുര്‍ബലരെ പിന്‍തുണയ്ക്കുന്ന ആത്മബോധ്യം വളര്‍ത്തിയെടുക്കുക. ഇന്നിന്‍റെ സന്തോഷങ്ങള്‍ക്കൊപ്പം ജീവിതകുരിശുകളുടെ ഭാരവും പേറി, ജീവിതം മുന്നോട്ടു നയിക്കുമ്പോള്‍, ഓര്‍ക്കുക ക്രിസ്തുവിലുള്ള രൂപാന്തരീഭാവമാണ് ജീവിതവിജയവും ആത്മീയസന്തോഷവും പകര്‍ന്നു നല്കുന്നതെന്ന്. നമ്മുടെ മാനുഷിക ബലഹീനതകളിലും ക്രിസ്തുവിനോട് എത്രത്തോളം സാരൂപ്യപ്പെട്ടു ജീവിക്കാന്‍ സാധിക്കുന്നുവോ, അത്രത്തോളം ദൈവികമായ ആനന്ദത്തിന്‍റെ മുന്നാസ്വാദനം ഈ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാകും.
എളിവരുടെയും പാവങ്ങളുടെയും പക്ഷംചേര്‍ന്ന് സുവിശേഷ ചൈതന്യത്തില്‍ ജീവിക്കുന്നൊരു ന്യൂനപക്ഷം കാര്യക്ഷമതയും നേട്ടവും വിജയവും മാത്രം കണക്കിലെടുക്കുന്ന ഇന്നത്തെ ലോകത്തിന് എന്നു എതിര്‍സാക്ഷൃവും വൈരുദ്ധ്യവുമായിരിക്കും.

അവസാനമായി ജീവിത നവീകരണത്തിലൂടെ നാളെയുടെ വിശ്വാസ തീര്‍ത്ഥാടകരാകുന്നതിന് നിങ്ങളെ ക്ഷണിക്കുകയാണ്. സ്വഭാവത്തില്‍ത്തന്നെ സന്ന്യാസജീവിതം ക്രിസ്തുവിന്‍റെ മുഖകാന്തി തേടുന്ന ഒരാത്മിയ തീര്‍ത്ഥാടനമാണ്. സങ്കീര്‍ത്തകന്‍റെ വാക്കുകളില്‍ (സങ്കീര്‍ത്തനം 26, 8). “ദൈവമേ, ഞാന്‍ അങ്ങയുടെ മുഖകാന്തി തേടുന്നു. അങ്ങേ മുഖം എന്നില്‍നിന്നും മറച്ചുകളയരുതേ...” എന്നു പ്രാര്‍ത്ഥിക്കുക.
ജീവിതത്തിലെ ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും ഒരുപോലെ ഉയര്‍ന്നു വരുന്ന ദൈവത്തിനായുള്ള നിരന്തരമായ അന്വേഷണപരത നിങ്ങളെ നയിക്കുന്ന അടിസ്ഥാന മാനദണ്ഡവും തീക്ഷ്ണതയുമായിരിക്കണം. ‘സന്ന്യാസ ജീവിതത്തിന്‍റെ അന്ത്യം’ പ്രഖ്യാപിക്കുന്ന സഭയിലെ വ്യാജപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക. ഹാനികരമായ അങ്ങനെയുള്ള സിദ്ധാന്തങ്ങളെക്കുറിച്ച് സദാ ജാഗ്രതയുള്ളവരായി ജീവിക്കുക. പൗലോസ് അപ്പസ്തോലന്‍ ഉദ്ബോധിപ്പിക്കുന്നതുപോലെ, “കാലത്തിന്‍റെ കാലൊച്ച കേള്‍ക്കുക. ഇതാ, ഉണരേണ്ട സമയമായി. രാത്രി കഴിയാറായി, പകല്‍ സമീപിച്ചിരിക്കുന്നു. അന്ധകാരത്തിന്‍റെ പ്രവൃത്തികള്‍ വെടിഞ്ഞ് നിങ്ങള്‍ പ്രകാശം അണിയുവിന്‍.... ക്രിസ്തുവിനെ ധരിക്കുവിന്‍...” (റോമ. 13, 11-14).

അക്വീലായിലെ വിശുദ്ധ ക്രൊമേഷ്യസ് ഇങ്ങനെ എഴുതിയിരിക്കുന്നു. “കര്‍ത്താവേ, ഞങ്ങള്‍ അവിശ്വസ്തതയില്‍ മന്ദിച്ചു പോവാതിരിക്കട്ടെ. അങ്ങയോട് എന്നും വിശ്വസ്തരായിരിക്കാനുള്ള കൃപയും കാരുണ്യവും കാട്ടണമേ. കാരണം ഞങ്ങളുടെ വിശ്വസ്തത, ക്രിസ്തുവിനോടുള്ള വിശ്വസ്തതയാണ്” (പ്രസംഗങ്ങള്‍ 32, 4). സന്ന്യാസത്തിന്‍റെ സന്തോഷങ്ങള്‍ ക്രിസ്തുവിന്‍റെ കുരിശ്ശിലൂടെയാണ് കടന്നുപോകേണ്ടത്. യേശുവിന്‍റെ അമ്മയുടെ ജീവിതം അതു കാണിച്ചു തരുന്നു. സ്നേഹത്താല്‍ കുത്തിത്തുറക്കപ്പെട്ട ദൈവകുമാരന്‍റെ ഹൃദയത്തോട് സാരൂപ്യപ്പെട്ടതായിരുന്നു അവസാനംവരെ മറിയത്തിന്‍റെ ജീവിതം. ക്രിസ്തുവിന്‍റെ ദിവ്യഹൃദയത്തില്‍നിന്ന് പ്രസരിക്കുന്ന സ്നേഹപ്രദീപംപോലെ ദൈവസ്നേഹത്തെപ്രതി സഹോദരങ്ങള്‍ക്കായുള്ള നിങ്ങളുടെ ത്യാഗസമര്‍പ്പണത്തില്‍ നിന്നുമാണ് ലോകത്തെ പ്രകാശിപ്പിക്കുന്ന സുവിശേഷ ചൈതന്യം ഇന്ന് പ്രസരിക്കേണ്ടത്. നിങ്ങളുടെ ജീവിതം എപ്പോഴും ദൈവവചനത്തോട് തുറവുള്ളതായിരിക്കട്ടെ. അതുവഴി നിങ്ങള്‍ സുവിശേഷ ചൈതന്യത്തിന്‍റെ ജീവിക്കുന്ന സാക്ഷികളായും അത് പ്രഘോഷിച്ചും വചനത്തിന്‍റെ സത്യപ്രഭ ലോകത്തു പരത്താന്‍ നിങ്ങള്‍ക്കു സാധിക്കട്ടെ!









All the contents on this site are copyrighted ©.