2013-02-05 16:26:54

നിയുക്ത മെത്രാന്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന്‍റെ മെത്രാഭിഷേകം ഫെബ്രുവരി 9ന്


05ഫെബ്രുവരി 2013, കോതമംഗലം
കോതമംഗലം രൂപതയുടെ നിയുക്ത മെത്രാന്‍ റവ.ഡോ.ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന്‍റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടിലിന്‍റെ യാത്രയയപ്പും ഫെബ്രുവരി 9ന് നടക്കും. കോതമഗംലം സെന്‍റ് ജോര്‍ജ്ജ് സ്ക്കൂള്‍ സ്റ്റേഡിയത്ത‍ില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുമെന്ന് രൂപതാവക്താക്കള്‍ അറിയിച്ചു.
മെത്രാഭിഷേക കര്‍മ്മത്തിനും സ്ഥാനാരോഹണ ശുശ്രൂഷയ്ക്കും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികനാകും. കോതമംഗലം രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറക്കാട്ട് എന്നിവരാണ് സഹകാര്‍മികര്‍. തിരുവല്ല മലങ്കര അതിരൂപത മെത്രാപ്പോലീത്ത തോമസ് മാര്‍ കൂറിലോസ് വചനസന്ദേശം നല്‍കും. 40 ബിഷപ്പുമാരും മുന്നൂറോളം വൈദികരും തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുമെന്ന് രൂപതാ വക്താക്കള്‍ വെളിപ്പെടുത്തി.
സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്കുശേഷം നിയുക്ത ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും.

വൈകീട്ട് 5.45ന് കെ.സി.ബി.സി പ്രസിഡന്‍റും തൃശ്ശൂര്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്‍റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ നിയുക്ത ബിഷപ്പിന് അനുമോദനവും, 36 വര്‍ഷം രൂപതയെ നയിച്ച മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിന് യാത്രയയപ്പും നല്‍കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.എം.മാണി, പി.ജെ.ജോസഫ്, അനൂപ്‌ജേക്കബ്, പി.ടി.തോമസ് എം.പി, ടി.യു.കുരുവിള എം.എല്‍.എ, ജോസഫ് വാഴക്കന്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും.

ശ്രേഷ്ഠ കാതോലിക്ക മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. മരിയ കലിസ്റ്റസ് സൂസപാക്യം, ഇടുക്കി രൂപതാ ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.

മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ വിടവാങ്ങല്‍ സന്ദേശം നല്‍കും. മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിലിന്‍റെ കൃതജ്ഞതാ പ്രഭാഷണത്തിനു ശേഷം പാപ്പാമംഗളത്തോടെ പൊതുസമ്മേളനം സമാപിക്കും.








All the contents on this site are copyrighted ©.