2013-02-01 14:25:25

വെനേസ്വലയിലെ ജയില്‍ ദുരന്തത്തില്‍ മാര്‍പാപ്പയുടെ അനുശോചനം


01 ഫെബ്രുവരി 2013, വത്തിക്കാന്‍
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനിസേല്വയിലെ ഉറിബാന ജയിലിലുണ്ടായ കലാപത്തില്‍ അറുപതിലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറിലേറെപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് മാര്‍പാപ്പയുടെ അനുശോചന സന്ദേശം ബാര്‍ക്വിസിമെന്‍തോ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് അന്തോണിയോ ലോപസ് കാസ്റ്റില്യയ്ക്ക് അയച്ചത്.
കലാപത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ മാര്‍പാപ്പ അവര്‍ക്ക് തന്‍റെ ആത്മീയ സാമീപ്യം ഉറപ്പു നല്‍കി. പരുക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു. നാടകീയമായ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാപനങ്ങളും വ്യക്തികളും സഹകരിച്ചു പ്രവര്‍ത്തിക്കണമെന്ന് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. ദുഃഖകരമായ ഈ സംഭവത്തില്‍ വേദനിക്കുന്നവര്‍ക്ക് പ്രത്യാശയുടേയും സമാശ്വാസത്തിന്‍റേയും അടയാളമായി തന്‍റെ അപ്പസ്തോലിക ആശീര്‍വാദവും മാര്‍പാപ്പ അവര്‍ക്കു നല്‍കി.








All the contents on this site are copyrighted ©.