2013-02-01 14:25:55

വത്തിക്കാന്‍ ഗ്രന്ഥാലയത്തിലെ രേഖകള്‍ ഓണ്‍ലൈനില്‍


01 ഫെബ്രുവരി 2013, വത്തിക്കാന്‍
വത്തിക്കാന്‍ ഗ്രന്ഥാലയത്തിലെ പുരാതന രേഖകളുടെ ഡിജിറ്റല്‍ പതിപ്പുകള്‍ പുറത്തിറങ്ങി. ആറുപതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നിക്കോളാസ് അഞ്ചാമന്‍ മാര്‍പാപ്പ സ്ഥാപിച്ച വത്തിക്കാന്‍ ലൈബ്രറി ഓണ്‍ലൈന്‍ റഫറന്‍സിനു സൗകര്യമൊരുക്കുന്ന വാര്‍ത്ത വെളിപ്പെടുത്തിയത് ഈയാഴ്ച്ചയാണ്. വത്തിക്കാന്‍ ഗ്രന്ഥാലയത്തിലെ അമൂല്യ രേഖകള്‍ ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷൃത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ ലൈബ്രറിയുടെ പ്രീഫെക്ട് മോണ്‍. ചേസറേ പസീനി വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന ബൃഹത്തായ രേഖകളില്‍ 256 എണ്ണമാണ് ഇപ്പോള്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 1451ല്‍ സ്ഥാപിക്കപ്പെട്ട വത്തിക്കാന്‍ ഗ്രന്ഥാലയത്തിന്‍റെ ഈ പുതിയ സംരംഭം പോളോണ്‍സ്ക്കി ഡിജിറ്റല്‍ ഫൗണ്ടേഷന്‍റേയും (Polonsky Foundation) ഇതര സ്ഥാപനങ്ങളും സാമ്പത്തിക സഹായത്തോടെയാണ് നടപ്പിലാക്കിയിരിക്കുന്നത്. രണ്ടുവര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്‍റെ ഫലമായാണ് 256 അമൂല്യ രേഖകളുടെ ഓണ്‍ലൈന്‍ റഫറന്‍സ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് മോണ്‍. പസീനി വെളിപ്പെടുത്തി. ജര്‍മനിയിലെ ഹെയ്ഡെല്‍ബര്‍ഗ് സര്‍വ്വകലാശാലയും, ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ഈ സംരംഭത്തില്‍ സഹകാരികളാണെന്നും അദ്ദേഹം പറഞ്ഞു.








All the contents on this site are copyrighted ©.