2013-02-01 14:25:40

വത്തിക്കാന്‍ - പലസ്തീന്‍ നയതന്ത്ര ചര്‍ച്ചയില്‍ പുരോഗതി


01 ഫെബ്രുവരി 2013, റമല്ലാ
പരിശുദ്ധസിംഹാസനത്തിന്‍റേയും പലസ്തീന്‍ വിമോചന സംഘടനയുടേയും (പി.എല്‍.ഒ) നയതന്ത്രപ്രതിനിധികളുടെ സമ്മേളനം ജനുവരി 30ാം തിയതി റമല്ലായിലെ ആഭ്യന്തര കാര്യാലയത്തില്‍ നടന്നു. വത്തിക്കാന്‍ വിദേശബന്ധ കാര്യാലയത്തിന്‍റെ ഉപകാര്യദര്‍ശി മോണ്‍സിഞ്ഞ്യോര്‍ എത്തോരെ ബലേസ്തറോയുടേയും പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ് അലി മാലിക്കിന്‍റേയും നേതൃത്വത്തിലായിരുന്നു സമ്മേളനം നടന്നതെന്ന് പരിശുദ്ധ സിംഹാസനവും പി.എല്‍.ഒ.യും സംയുക്തമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.
വത്തിക്കാനും പലസ്തീനും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുരോഗതി പ്രാപിച്ച് എത്രയും വേഗം നയതന്ത്ര ഉടമ്പടി രൂപീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി. വത്തിക്കാന്‍ - പലസ്തീന്‍ നയതന്ത്ര പ്രതിനിധികളുടെ അടുത്ത പ്രവര്‍ത്തക സമിതിയോഗം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തുമെന്നും സംയുക്ത പ്രതിനിധി സംഘം അറിയിച്ചു. ബെത്‌ലഹേമിലെ തിരുപ്പിറവി ബസിലിക്കയുടെ അറ്റകുറ്റ പണികള്‍ക്കായി പരിശുദ്ധ സിംഹാസനം ഒരു ലക്ഷം യൂറോ നല്‍കിയ കാര്യം അനുസ്മരിച്ച പലസ്തീന്‍ പ്രതിനിധികള്‍ വത്തിക്കാന് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.








All the contents on this site are copyrighted ©.