2013-01-31 20:23:25

നവസുവിശേഷവത്ക്കരണം
സ്നേഹത്തിന്‍റെ സാമൂഹ്യ വിപ്ലവം


31 ജനുവരി 2013, ഇറ്റലി
നവസുവിശേഷവത്ക്കരണം സഭയിലെ സ്നേഹത്തിന്‍റെ സാമൂഹ്യവിപ്ളവമാണെന്ന്, ഡോണ്‍ ബോസ്ക്കോയുടെ പിന്‍ഗാമി ഡോണ്‍ പാസ്ക്വാള്‍ ചാവെസ്സ് പ്രസ്താവിച്ചു.
ജനുവരി 31-ാം തിയതി ആചരിച്ച വിശുദ്ധ ജോണ്‍ ബോസ്കോയുടെ തിരുനാളിനോടനുബന്ധിച്ച് യുവജനങ്ങള്‍ക്ക് എഴുതിയ കത്തിലാണ് ഡോണ്‍ബോസ്ക്കോയുടെ 9-ാമത്തെ പിന്‍ഗാമി ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ധാരാളം രാജ്യങ്ങളില്‍ ദൈവം അപരിചിതനും ആവശ്യമില്ലാത്തവനുമായി അന്യവത്ക്കരിക്കപ്പെടുന്ന ഇക്കാലഘട്ടത്തില്‍ ക്രിസ്തുവിന്‍റെ മനുഷ്യത്വമാര്‍ന്ന സ്നേഹവും അവിടുത്തെ സുവിശേഷമൂല്യങ്ങളും യുവജനങ്ങള്‍ ജീവിത സ്വപ്നമാക്കണമെന്ന് ഓര്‍പ്പിച്ചുകൊണ്ടാണ് നവസുവിശേഷവത്ക്കരണത്തെക്കുറിച്ചുള്ള തന്‍റെ കത്ത് ഡോണ്‍ ചാവെസ് ആരംഭിച്ചിരിക്കുന്നത്.

പുളിമാവുപോലെ മനസ്സിനെയും ഹൃദയത്തെയും പരിവര്‍ത്തനം ചെയ്യുന്നതും, അങ്ങനെ വ്യക്തികളിലൂടെ സമൂഹ്യഘടനകളെ ദൈവികപദ്ധതിക്ക് അനുയോജ്യമാക്കുന്നതുമാണ് സഭയുടെ നവസുവിശേഷവത്ക്കരണമെന്നും യുവജനങ്ങള്‍ക്കുവേണ്ടിയുള്ള കത്തില്‍ അദ്ദേഹം വിവരിച്ചു.
ദൈവവുമായൊരു സുഹൃദ്ബന്ധവും അടുപ്പവും ഉള്ളവര്‍ക്കേ സുവിശേഷവത്ക്കരണത്തിന്‍റെ അനുഭവം സ്വായത്താമാക്കാനാവൂ എന്നും, അതിനായി ഇന്നത്തെ ലോകഗതിയില്‍ മുങ്ങിപ്പോകാതെ തിന്മയില്‍നിന്ന് അകന്നു ജീവിക്കണമെന്നും ഡോണ്‍ ചാവെസ് കത്തിലൂടെ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

നിങ്ങള്‍ക്ക് രക്ഷനല്കാന്‍ ആധുനിക വിവരസങ്കേതികതയ്ക്കോ ശാസ്ത്രത്തിനോ സുഖലോലുപതയ്ക്കോ ആവില്ലെന്നും, ക്രിസ്തുവാണ് ലോക രക്ഷനെന്നുമെന്നും സഭയില്‍ അവിടുത്തെ കണ്ടെത്താമെന്നും, നിങ്ങളുടെ ഹൃദയത്തിന്‍റെ മുറിവുകള്‍ അവിടുന്ന തൊട്ടു സൗഖ്യപ്പെടുത്തി നിങ്ങള്‍ക്ക് പ്രശാന്തമായ ദൈവിക അനുഭവം നല്ക്കുമെന്നും അങ്ങനെ വിശ്വാസത്തില്‍ വളരാമെന്നും ഡോണ്‍ ചാവെസ്സ് യുവാക്കളെ ആഹ്വാനംചെയ്തു.









All the contents on this site are copyrighted ©.