2013-01-30 16:30:51

സ്വപ്നങ്ങള്‍ മറയുംമുന്‍പേ
ഇരുരാഷ്ട്ര നയം നടപ്പിലാക്കണമെന്ന്


30 ജനുവരി 2013, ജരൂസലേം
‘പ്രയോഗക്ഷമതയുള്ളതും പുരോഗതി പ്രാപിക്കുന്നതുമായ ഇരുരാഷ്ട്ര സാമാധാന ഉടമ്പടി,’ ഇസ്രായേലിലും പലസ്തീനായിലും യാഥാര്‍ത്ഥ്യമാക്കണമെന്ന് ജരൂസലേമില്‍ സമ്മേളിച്ച
മുസ്ലിം-യഹൂദ-ക്രൈസ്തവ സംയുക്ത സമിതി, ഇതിനിടെ അമേരിക്കയോട് അഭ്യര്‍ത്ഥിച്ചു.
ഇസ്രായേല്‍ പലസ്തീന്‍ നേതാക്കളുടെ പുതിയ സമാധാന തീര്‍പ്പില്‍ കക്ഷിചേര്‍ന്ന ഒബാമാ സര്‍ക്കാരിനോടാണ്, സ്വതന്ത്രമായ രണ്ടു രാഷ്ട്രങ്ങള്‍ക്കായുള്ള ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിക്കണമെന്ന്, വിശുദ്ധനാട്ടിലെ മതങ്ങളുടെ പ്രതിനിധിസംഘം പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചത്.

ഇപ്പോള്‍ ഗാസായില്‍ നിലനില്ക്കുന്ന സമാധാനാന്തരീക്ഷത്തിലും, ഇസ്രായേല്‍-പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രങ്ങളുടെ സ്പനങ്ങള്‍ മങ്ങിപ്പോകുന്നതിനും മുന്‍പ് സമാധാനത്തിനായുള്ള ക്രിയാത്മകമായ തീരുമാനങ്ങളിലേയ്ക്ക് കരുനീക്കണമെന്ന് ജനുവരി 29-ന് ടെല്‍ അവീവിലെ അമേരിക്കന്‍ അംബാസിഡര്‍ക്കു സമര്‍പ്പിച്ച നിവേദനത്തിലൂടെ വിശുദ്ധ നാട്ടിലെ മതനേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

രണ്ടു സ്വതന്ത്ര രാഷ്ട്രങ്ങളുടെ സാദ്ധ്യതയുമായി ഉദിച്ചുയര്‍ന്ന സമാധാനത്തിന്‍റെയും പ്രത്യാശയുടെയും വെളിച്ചത്തില്‍ ഇനി ഇരുള്‍ പതിക്കാതിരിക്കാന്‍ എത്രയുംവേഗം മുന്‍കൈ എടുക്കണമെന്ന് ഒബാമാ സര്‍ക്കാരിനോട് വിശുദ്ധനാട്ടിലെ മതങ്ങളുടെ സംയുക്ത സമിതി നിവേദനത്തിലൂടെ അപേക്ഷിച്ചു.









All the contents on this site are copyrighted ©.