2013-01-29 15:48:32

“ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു” - ഫാ. ദാരിയൂസ് കൊവാള്‍സിക്കിന്‍റെ മതബോധന പരമ്പര


29 ജനുവരി 2013, വത്തിക്കാന്‍
സത്യത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ അനുഭവിച്ചറിയുന്നതിലൂടെ ദൈവമെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് നാം അനുഭവിച്ചറിയുന്നതെന്ന് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകന്‍ ഫാ.ദാരിയൂസ് കൊവാള്‍സിക്ക്. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയിലൂടെ നല്‍കുന്ന മതബോധന പരമ്പരയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

“ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു” വിശ്വാസപ്രമാണത്തിലെ ആദ്യ പ്രഖ്യാപനമാണിത്. നമ്മുടെ വിശ്വാസപ്രഖ്യാപനം ആരംഭിക്കുന്നത് ദൈവത്തിലാണ്. കാരണം ദൈവമാണ് എല്ലാത്തിന്‍റേയും ആരംഭവും അവസാനവും “ആദിയും അന്തവും” (ഏശയ്യ 44, 6). വിശ്വാസപ്രമാണം മുഴുവനും ദൈവത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്ന് കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വ്യക്തമാക്കുന്നുണ്ട്. വിശ്വാസപ്രമാണത്തില്‍ മനുഷ്യനെക്കുറിച്ചും ലോകത്തെക്കുറിച്ചും പ്രതിപാദിക്കുന്നത് എല്ലായ്പ്പോഴും ദൈവവുമായുള്ള ബന്ധത്തിലാണ് (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,199). വിശ്വാസപ്രമാണത്തിലെ മറ്റെല്ലാ പ്രഖ്യാപനങ്ങളും ഈ ആദ്യ പ്രഖ്യാപനത്തേയും അതിന്‍റെ അര്‍ത്ഥത്തേയും ആശ്രയിച്ചിരിക്കുന്നു.

‘ദൈവം’ എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ ഇവിടെ ഒരു പ്രശ്നമുന്നയിക്കുന്നുണ്ട്. ഉദാഹരണത്തിന്, ‘മരം’ എന്ന വാക്ക് ഉച്ചരിക്കുമ്പോള്‍ എന്താണ് ആ വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ ‘ദൈവം’ എന്ന വാക്കിന്‍റെ പൊരുളെന്താണ്? മാനുഷിക ഭാഷയില്‍ ഏറ്റവുമധികം അര്‍ത്ഥവ്യാപ്തിയുള്ള പദമാണ് ദൈവം എന്ന് തത്വചിന്തകനായ ബുബെര്‍ സമര്‍ത്ഥിക്കുന്നു. അത്രയേറെ വിശാലവും വിഭിന്നവുമായ അര്‍ത്ഥവ്യാപ്തിയുള്ള മറ്റൊരു പദവുമില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. അതുകൊണ്ടു തന്നെ “ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു” എന്ന് പ്രഖ്യാപിക്കുന്ന ഒരാളുടെ മനസിലുള്ള ദൈവം വാസ്തവമായിരിക്കണമെന്നില്ല.
ബൈബിളില്‍ വെളിപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്‍റെ രണ്ടു നാമങ്ങള്‍ മതബോധന ഗ്രന്ഥം സൂചിപ്പിക്കുന്നുണ്ട്. ദൈവത്തിന്‍റെ ആദ്യ നാമം നാം ദര്‍ശിക്കുന്നത് പഴയ നിയമ ഗ്രന്ഥത്തിലാണ്. “ഞാന്‍ ആകുന്നവന്‍ ആകുന്നു.(ഏശയ്യ 3,14)” – എന്ന് ദൈവം മോശയ്ക്കു വെളിപ്പെടുത്തി. ഈ നാമധേയം അസ്തിത്വപരമായും തത്വചിന്താപരമായും വ്യാഖ്യാനിക്കാവുന്നതാണ്. “ഞാന്‍ ആകുന്നവന്‍” എന്ന പ്രഖ്യാപനം ദൈവത്തിന്‍റെ നിത്യ വിശ്വസ്തതയുടെ അടയാളമാണ്. ദൈവം എന്നുമെന്നും ജീവിക്കുന്നവനും തന്‍റെ ജനത്തെ രക്ഷിക്കുവാനായി സദാ അവരോടൊപ്പം സന്നിഹിതനുമാണെന്ന വെളിപ്പെടുത്തലാണ് അത്. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 207). ദൈവത്തില്‍ മാറ്റമോ മാറ്റത്തിന്‍റെ നിഴലോ ഇല്ല, എന്നും എന്നേയ്ക്കും “ആയിരിക്കുന്നവന്‍ ആകുന്നു” ദൈവമെന്നും അത് അര്‍ത്ഥമാക്കുന്നുണ്ട്. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,212).
പുതിയ നിയമഗ്രന്ഥത്തില്‍ ദൈവത്തിന്‍റെ മറ്റൊരു നാമധേയം നാം ദര്‍ശിക്കുന്നു: “ദൈവം സ്നേഹമാണ്”.(1യോഹ.4,8.16) എന്താണ് ഇതര്‍ത്ഥമാക്കുന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു എന്നു മാത്രമല്ല, സ്നേഹം തന്നെയാണ് ദൈവം എന്നു കൂടി അത് അര്‍ത്ഥമാക്കുന്നു. “ദൈവത്തിന്‍റെ ഉണ്‍മ തന്നെ സ്നേഹമാണ്(കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 221)”
എന്നാല്‍ സ്വയം വെളിപ്പെടുത്തുമ്പോള്‍ പോലും ദൈവം വാക്കുകള്‍ക്കതീതമായ രഹസ്യമായി നില്‍ക്കുന്നു. വിശുദ്ധ അഗസ്റ്റിന്‍ സ്ഥിരീകരിക്കുന്നതുപോലെ, “നീ ദൈവത്തെ ഗ്രഹിച്ചുവോ, എങ്കില്‍ അവന്‍ ദൈവമായിരിക്കില്ല” (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം,230). അങ്ങനെയാണെങ്കില്‍ സത്യത്തിന്‍റെ ദിവ്യരഹസ്യങ്ങള്‍ അനുഭവിച്ചറിയുന്നതിലൂടെ ദൈവമെന്ന യാഥാര്‍ത്ഥ്യം തന്നെയാണ് നാം അനുഭവിച്ചറിയുന്നത്.








All the contents on this site are copyrighted ©.