2013-01-29 15:48:14

ബ്രസീല്‍ നിശാക്ലബ് ദുരന്തത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി


29 ജനുവരി 2013, വത്തിക്കാന്‍
തെക്കന്‍ ബ്രസീലില്‍ ഒരു നിശാ ക്ലബിലുണ്ടായ അഗ്നിബാധയില്‍ 240ലേറെ പേര്‍ മരണമടഞ്ഞ സംഭവത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. തെക്കന്‍ ബ്രസീലിലെ സാന്‍റാ മരിയ പട്ടണത്തില്‍ നടന്ന ദുരന്തത്തില്‍ മരണമടഞ്ഞവരിലധികവും കോളേജ് വിദ്യാര്‍ത്ഥികളാണ്. ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ബന്ധുമിത്രാദികളോടും പരുക്കേറ്റവരോടും മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ അവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനയും ഉറപ്പുനല്‍കി. മരണമടഞ്ഞവര്‍ക്കു ദൈവിക കാരുണ്യവും പരിക്കേറ്റവര്‍ക്ക് സമാശ്വാസവും ലഭിക്കട്ടയെന്ന് പാപ്പ പ്രാര്‍ത്ഥിച്ചു. ക്രിസ്തീയ ധൈര്യത്തോടും പ്രത്യാശയോടും കൂടി ഈ ദുരന്താനുഭവം മറികടക്കുവാന്‍ ദുരന്തത്തിനരയായവര്‍ക്കു സാധിക്കട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു. മാര്‍പാപ്പയുടെ അനുശോചന സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെയാണ് സാന്താ മരിയാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഹെലിയോ ആദെലര്‍ റൂബേര്‍ട്ടിനയച്ചത്.

ബൊയാതെ കിസ് നിശാക്ലബില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സംഗീത പരിപാടിക്കിടയിലാണ് ദുരന്തമുണ്ടായത്. രണ്ടായിരം പേരെ ഉള്‍ക്കൊള്ളാവുന്ന ക്ലബ്ബില്‍ ശനിയാഴ്ച രാത്രി പ്രാദേശികസമയം രണ്ടുമണിയോടെയാണ് സംഭവം. സംഗീത പരിപാടിക്കിടെ കരിമരുന്നുപ്രയോഗം നടത്തിയപ്പോള്‍ ഉണ്ടായ അഗ്നിബാധ നിമിഷങ്ങള്‍ക്കുള്ളില്‍ ആളിപടരുകയായിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. അഗ്നിബാധ കണ്ട് പരിഭ്രാന്തരായി പുറത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ തിക്കും തിരക്കുമാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നും അവര്‍ അറിയിച്ചു. വിഷപ്പുക ശ്വസിച്ചും തിക്കിലും തിരക്കിലും പെട്ടുമാണ് പലരും മരിച്ചത്. പരിക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പലരുടേയും നില ഗുരുതരമാണെന്നും അധികൃതര്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.