2013-01-28 15:09:37

സമാധാന സന്ദേശവുമായി ബാലക വൃന്ദം


28 ജനുവരി 2013, വത്തിക്കാന്‍
പതിവുപോലെ, ഇക്കൊല്ലവും സമാധാനത്തിന്‍റെ സന്ദേശവുമായി നൂറുകണക്കിനു കുട്ടികള്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തി. ‘ഇറ്റാലിയന്‍ സര്‍ഗവേദി’ (Catholic Action)യുടെ ഭാഗമായ ‘സമാധാന സംവാഹകര്‍’ (Carovana della pace) എന്ന പ്രസ്ഥാനത്തിലെ രണ്ടായിരത്തോളം കുട്ടികള്‍ കര്‍ദിനാള്‍ അഗസ്തീനോ വല്ലീനിയുടെ നേതൃത്വത്തിലാണ് 27ാം തിയതി ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെത്തിയത്. ബാലക സംഘത്തെ പ്രതിനിധീകരിച്ച് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ പ്രവേശിച്ച് മാര്‍പാപ്പയോടു സംസാരിച്ചു. സമാധാന സ്ഥാപനത്തിനുവേണ്ടി തങ്ങള്‍ ആരംഭിച്ചിരിക്കുന്ന നാടക പ്രദര്‍ശനത്തെക്കുറിച്ച് അവര്‍ സംസാരിച്ചു. ദൈവിക ദാനമായ സമാധാനം പങ്കുവയ്ക്കുന്നവരാകാന്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുമെന്ന് അവര്‍ മാര്‍പാപ്പയ്ക്ക് ഉറപ്പു നല്‍കി. ചെറിയ ചെറിയ ത്യാഗ പ്രവര്‍ത്തികളിലൂടെ തങ്ങള്‍ സമാഹരിച്ച ധനസഹായം ഈജിപ്തിലെ അനാഥകുട്ടികള്‍ക്കുവേണ്ടി നല്‍കുമെന്നും കുട്ടികള്‍ മാര്‍പാപ്പയെ അറിയിച്ചു. മാര്‍പാപ്പ നയിച്ച ത്രികാല പ്രാര്‍ത്ഥനയിലും ബാലകര്‍ പങ്കെടുത്തു. കുട്ടികള്‍ക്കൊപ്പം തന്‍റെ പഠനമുറിയുടെ ജാലകത്തിങ്കല്‍ നിന്ന മാര്‍പാപ്പ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം, വെള്ളരി പ്രാവുകളെ പറത്തിക്കൊണ്ട് സമാധാനത്തിന്‍റെ അടയാളം ലോകത്തിനേകി.








All the contents on this site are copyrighted ©.