2013-01-28 15:13:19

വിശ്വാസം കെട്ടുറപ്പുള്ള ദാമ്പത്യ ജീവിതത്തിന് അടിസ്ഥാനം: മാര്‍പാപ്പ


28 ജനുവരി 2013, വത്തിക്കാന്‍
വിശ്വാസത്തിന്‍റെ അഭാവം കുടുംബബന്ധങ്ങളില്‍ വിള്ളല്‍വീഴ്ത്തുമെന്ന് മാര്‍പാപ്പ. വിവാഹബന്ധത്തിന്‍റെ അടിസ്ഥാന ഘടകങ്ങളായ ദാമ്പത്യ വിശ്വസ്തത, വിവാഹത്തിന്‍റെ അഭേദ്യത, മക്കള്‍ക്കു ജന്മം നല്‍കല്‍ എന്നിവയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് മാര്‍പാപ്പ പ്രസ്താവിച്ചു. ജനുവരി 26ാം തിയതി ശനിയാഴ്ച വത്തിക്കാന്‍റെ പരമോന്നത നീതി പീഠം റോമന്‍ റോത്തായുടെ (Rota Romana) പ്രവര്‍ത്തന വര്‍ഷം ഉത്ഘാടനം ചെയ്യുകയായിരുന്നു പാപ്പ. സമകാലിക സമൂഹത്തില്‍ ദൃശ്യമാകുന്ന വിശ്വാസത്തിന്‍റെ അഭാവം ദാമ്പത്യ പ്രതിസന്ധികളിലും തെളിഞ്ഞു നില്‍ക്കുന്നുണ്ട്. ദൈവനിഷേധം മാനുഷിക ബന്ധങ്ങളുടെ സമതുലിതാവസ്ഥയെ തകിടം മറിക്കുന്നു. ദൈവിക സത്യത്തോട് തുറവിയുള്ളവരായിക്കുമ്പോഴാണ് ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ യഥാവിധം ഉള്‍ക്കൊള്ളാനും സാക്ഷാത്ക്കരിക്കാനും സാധിക്കുന്നതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വിവാഹത്തിന്‍റെ സാധുതയെക്കുറിച്ച് വ്യക്തമായി മനസിലാക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാണെന്നും പാപ്പ പറഞ്ഞു. ദാമ്പത്യജീവിതം നയിച്ച വിശുദ്ധരുടെ മഹനീയ മാതൃകയെക്കുറിച്ചും തദവസരത്തില്‍ മാര്‍പാപ്പ പരാമര്‍ശിച്ചു. മറ്റേതു ദമ്പതികളേയും പോലെ അവര്‍ക്കും കഠിനമായ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ദൈവവിശ്വാസത്തില്‍ അടിയുറച്ചു ജീവിച്ച അവര്‍, പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ജീവിത പങ്കാളിയുടേയോ മക്കളുടേയോ വിശുദ്ധീകരണം പോലും സ്വായത്തമാക്കിയവരാണെന്ന് പാപ്പ അനുസ്മരിച്ചു.








All the contents on this site are copyrighted ©.