2013-01-28 15:09:28

ലോകമെമ്പാടുമുള്ള ക്രൈസ്തവ സഹോദരങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു നന്ദി: ജറൂസലേമിലെ പാത്രിയാര്‍ക്കീസ്


28 ജനുവരി 2013, ജറൂസലേം
വിശുദ്ധനാട്ടിലെ സമാധാനത്തിനുവേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാ ദിനാചരണത്തില്‍ പങ്കുചേര്‍ന്നവരോട് നിസീമമായ നന്ദിയുണ്ടെന്ന് ജറൂസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് ഫൗദ് ത്വാല്‍ പ്രസ്താവിച്ചു. ജനുവരി 27ാം തിയതി ഞായറാഴ്ചയാണ് ആഗോള സഭയുടെ നേതൃത്വത്തില്‍ വിശുദ്ധനാട്ടിലെ സമാധാനത്തിനുവേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാദിനമായി ആചരിച്ചത്. 2009ല്‍ വിവിധ കത്തോലിക്കാ യുവജന സംഘടനകള്‍ ചേര്‍ന്ന് ആരംഭിച്ച വിശുദ്ധനാടിനുവേണ്ടിയുള്ള സമാധാന പ്രാര്‍ത്ഥനാ ദിനത്തിന്‍റെ 5-ാം വര്‍ഷികമായിരുന്നു ഇക്കൊല്ലം. വിശുദ്ധ നാടുകളിലെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും പ്രാര്‍ത്ഥനയില്‍ ഒരുമിച്ച ദിനങ്ങളായിരുന്നു ഇക്കഴിഞ്ഞ (ജനുവരി 18-25) സഭൈക്യവാരം എന്ന് അനുസ്മരിച്ച പാത്രിയാര്‍ക്കീസ് ലോകമെമ്പാടും നിന്ന് തങ്ങളോടൊപ്പം പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. വിശുദ്ധ നാടുകള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന ഒരു ദിവസത്തേക്കു മാത്രമായി ചുരുക്കരുതെന്നും വിശുദ്ധ നാട്ടിലെ സമാധാനത്തിനുവേണ്ടി തുടര്‍ന്നും പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സമാധാന സ്ഥാപനം ആയാസകരമായ ദൗത്യമാണ്. എല്ലാവരുടേയും പ്രാര്‍ത്ഥയും പിന്തുണയും അനിവാര്യമായ ദൗത്യമാണതെന്ന് പാത്രിയാര്‍ക്കീസ് ത്വാല്‍ പറഞ്ഞു.








All the contents on this site are copyrighted ©.