2013-01-26 16:34:26

സഭൈക്യവാരാചരണത്തിന്റെ ചരിത്രം


വടക്കേഅമേരിക്കയുമായി ബന്ധമുള്ള ചില സമൂഹങ്ങള്‍ 1740കളില്‍ സ്ക്കോട്ട്ലണ്ടില്‍ ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥാനയോഗങ്ങള്‍ക്കു രൂപം കൊടുക്കുന്നു.

ആഗ്ലിക്കന്‍ വൈദികനായ റവ.ജെയിംസ് സ്റ്റുവാര്‍ഡ് 1820ല്‍ സഭൈക്യത്തെ സംബന്ധിച്ച അതിപ്രശസ്തമായ ഒരു പുസ്തകം രചിച്ചു. പരിശുദ്ധാത്‍മാവിന്‍റെ കൃപാവര്‍ഷത്താല്‍ ക്രൈസ്തവരുടെ ഐക്യത്തെക്കുറിച്ചുള്ള സൂചനകള്‍ എന്നായിരുന്നു ആ പുസ്തകത്തിന്‍റെ പേര്.

കത്തോലിക്കാ പുരോഹിതനും പാഷനിസ്റ്റ് സന്ന്യസ്ത സഭാംഗവുമായ റവ.ഫാ. ഇഗ്നേഷ്യസ് സ്പെന്‍സര്‍ 1840ല്‍ ഐക്യത്തിനുവേണ്ടി ഒരുമിച്ചു പ്രാര്‍ത്ഥിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ചു.

ആഗ്ലിക്കന്‍ മെത്രാന്‍മാരുടെ ദശവര്‍ഷ സമ്മേളനമായ ലാംബെത്ത് കോണ്‍ഫറന്‍സ് 1867ല്‍ നടത്തിയ ആദ്യ യോഗം, ഒരുമിച്ചുള്ള പ്രാര്‍ത്ഥന സഭൈക്യത്തിനുള്ള പ്രധാനമാര്‍ഗ്ഗങ്ങളിലൊന്നാണെന്ന് സമര്‍ത്ഥിച്ചു.

1894: ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ പെന്തക്കുസ്താ തിരുന്നാളിനോടനുബന്ധിച്ച് സഭൈക്യത്തിനുവേണ്ടിയുള്ള അഷ്ഠദിന പ്രാര്‍ത്ഥനായജ്ഞത്തിനു പ്രോത്സാഹനമേകി.

ഫ്രാന്‍സിസ്സ്ക്കന്‍ ജീവിത ശൈലിയില്‍ പ്രായശ്ചിതത്തിന്‍റെ സന്ന്യസ്ത സമൂഹം Society of the Atonement എന്നപേരില്‍ ഒരു സന്ന്യസ്തസഭയ്ക്കു രൂപം നല്‍കിയ ഫാ.പോള്‍ വാട്സണ്‍(ലൂയിസ് വാട്സണ്‍, ആദ്യകാല നാമം) 1908ല്‍ സഭൈക്യവാരാചരണത്തിന് ഔപചാരികമായി തുടക്കം കുറിച്ചു.
1926 ക്രൈസ്തവ സഭകളുടെ ലോകസമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ എന്നു വിളിക്കപ്പെടാവുന്ന വിശ്വാസ ക്രമ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള സമിതിയും സഭൈക്യവാരാചരണം ആസൂത്രണം ചെയ്തു തുടങ്ങി.

സഭൈക്യത്തിന്‍റെ പ്രേഷിതന്‍ എന്ന അപരനാമത്തിലറിയപ്പെടുന്ന സന്ന്യസ്ത വൈദികന്‍ ഫാ.പോള്‍ കുര്‍ട്ടിയെര്‍ 1935ല്‍ സഭൈക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനാവാരം സാര്‍വ്വത്രിക തലത്തില്‍ ഒരുമിച്ച് ആചരിക്കണമെന്ന് ആവശ്യമുന്നയിച്ചു. “ക്രിസ്തു ആഗ്രഹിച്ച ഐക്യം ക്രിസ്തു ആഗ്രഹിച്ച രീതിയില്” എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആപ്തവാക്യം.

1958 മുതല്‍ ഫ്രാന്‍സിലെ സഭൈക്യസമിതിയും സഭകളുടെ ലോകസമിതിയും സംയുക്തമായി സഭൈക്യവാരത്തിനുവേണ്ടി പ്രാര്‍ത്ഥനകളും വിചിന്തനങ്ങളും തയ്യാറാക്കാന്‍ തുടങ്ങി.

1964: സഭൈക്യത്തെ സംബന്ധിച്ച രണ്ടാം വത്തിക്കാന്‍ സൂന്നഹദോസ് പ്രമാണ രേഖയും സഭൈക്യത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ഊന്നല്‍ നല്‍കുകയും സഭൈക്യവാര പ്രാര്‍ത്ഥന പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

1966 മുതല്‍ സഭൈക്യകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സെക്രട്ടറിയേറ്റും (പിന്നീടത് സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലായി മാറി) ക്രൈസ്തവ സഭകളുടെ ആഗോള സമിതിയുടെ വിശ്വാസ ക്രമ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള കമ്മീഷനും സഭൈക്യവാരത്തിന്‍റെ ഒരുക്കത്തിനായി ഔദ്യോഗികമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തുടങ്ങി.









All the contents on this site are copyrighted ©.