2013-01-26 16:04:55

ഐക്യത്തിന്‍റെ സാക്ഷൃം നല്‍കാന്‍ ഇന്ത്യന്‍ ക്രൈസ്തവരോട് മാര്‍പാപ്പയുടെ ആഹ്വാനം


26 ജനുവരി 2013, വത്തിക്കാന്‍
ബെനഡിക്ട് 16-ാമന്‍ പാപ്പ നയിച്ച സായാഹ്ന പ്രാര്‍ത്ഥനയോടെ സഭൈക്യവാരം സമാപിച്ചു. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളായ ജനുവരി 25-ന് വൈകീട്ട് അഞ്ചര മണിക്ക് റോമന്‍ ചുവരിനു പുറത്ത് വി.പൗലോസിന്‍റെ നാമത്തിലുള്ള പുരാതന ബസിലിക്കയാണ് സഭൈക്യവാര പ്രാര്‍ത്ഥനയുടെ സമാപന കര്‍മ്മങ്ങള്‍ക്കു വേദിയായത്. ദൈവശാസ്ത്ര സംവാദങ്ങള്‍ക്കായുള്ള ഓറിയെന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ആഗോള സംയുക്ത സമിതിയുടെ പ്രതിനിധികളും ഇതര ക്രൈസ്തവ സഭാ പ്രമുഖരും മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകളില്‍ പങ്കെടുത്തു

ഇക്കൊല്ലത്തെ സഭൈക്യവാര പ്രാര്‍ത്ഥനയ്ക്കു വിചിന്തനങ്ങള്‍ തയ്യാറാക്കിയ ഇന്ത്യന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥി ഐക്യവേദിയ്ക്ക് പ്രത്യേകം നന്ദി പറഞ്ഞ മാര്‍പാപ്പ ഇന്ത്യന്‍ ക്രൈസ്തവര്‍ക്ക് തന്‍റെ പ്രാര്‍ത്ഥനാശംസകളും നേര്‍ന്നു. പ്രതികൂല സാഹചര്യങ്ങളിലാണ് പലപ്പോഴും അവര്‍ സ്വന്തം വിശ്വാസത്തിനു സാക്ഷൃം നല്‍കേണ്ടിവരുന്നത്. വിദ്വേഷത്തിന്‍റേയും വംശീയതയുടേയും വിവേചനങ്ങളുടേയും വേലിക്കെട്ടുകള്‍ മറികടന്നുകൊണ്ട്, അനുരജ്ഞനത്തിന്‍റേയും സംവാദത്തിന്‍റേയും ക്രിസ്തുവിലുള്ള കൂട്ടായ്മയുടേയും മാതൃക സമൂഹത്തിനു നല്‍കാന്‍ ക്രൈസ്തവര്‍ക്കു സാധിക്കണമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു.

പ്രാര്‍ത്ഥനാ യോഗത്തില്‍ നല്‍കിയ വചന സന്ദേശത്തില്‍ സഭൈക്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും ക്രൈസ്തവരുടെ ജീവിത സാക്ഷൃത്തിന്‍റെ അനിവാര്യതയെക്കുറിച്ചും പ്രതിപാദിച്ചു. ഇക്കാലത്ത് സുവിശേഷപ്രചരണ രംഗത്തു നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയ മാര്‍പാപ്പ ക്രൈസ്തവരുടെ ഐക്യവും കൂട്ടായ്മയും സുവിശേഷപ്രഘോഷണത്തിന് കൂടുതല്‍ കരുത്തും പ്രകാശവും നല്‍കുമെന്ന് പ്രസ്താവിച്ചു. ക്രൈസ്തവ വിശ്വാസം വ്യക്തിജീവിതത്തില്‍ നിന്നു വേര്‍തിരിച്ചു കാണുന്നത് ഇന്നിന്‍റെ വെല്ലുവിളികളിലൊന്നാണ്. എന്നാല്‍ വിശ്വാസം എല്ലായ്പ്പോഴും ജീവിത ബന്ധിയായിരിക്കണം. ദൈവ വിശ്വാസം ജീവിത വിശുദ്ധിയോടും നീതിക്കായുള്ള അന്വേഷണത്തോടും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു.

സഭകള്‍ തമ്മിലുള്ള അകല്‍ച്ചയ്ക്ക് ഹേതുവായ പ്രബോധനപരമായ വിഷയങ്ങള്‍ തമസിക്കരിച്ചുകളയേണ്ടതില്ല, സാഹോദര്യത്തിന്‍റേയും പരസ്പരാദരവിന്‍റേയും അരൂപിയില്‍ ധൈര്യപൂര്‍വ്വം അവയെ സമീപിക്കുകയാണ് വേണ്ടത്. ആന്തരിക പരിവര്‍ത്തനം കൂടാതെ യഥാര്‍ത്ഥമായ സഭൈക്യം സാധ്യമല്ല. പ്രാര്‍ത്ഥനയിലൂടെയുള്ള ആത്മീയമായ ഐക്യം ദൃശ്യമായ സഭൈക്യത്തിന്‍റെ മുന്നോടിയാണ്. കാരണം, മാനുഷിക പ്രയത്നങ്ങള്‍ക്കതീതതമാണ് ഐക്യമെന്ന ദൈവിക ദാനം. ക്രൈസ്തവരുടെ ദൃശ്യവും പരിപൂര്‍ണ്ണവുമായ ഐക്യം തെളിമയുള്ള സാക്ഷൃം ലോകത്തിനേകും. പൂര്‍ണ്ണമായ ഐക്യത്തിലേക്കുള്ള ഈ യാത്രയില്‍ സമകാലിക ലോകത്തിന് വിശ്വാസത്തിന്‍റെ തിരിനാളം പകരാനായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും മാര്‍പാപ്പ ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.