2013-01-25 18:16:45

രക്ഷാസന്ദേശത്തിന്
സാക്ഷൃമാണ്
സഭകളുടെ കൂട്ടായ്മ


25 ജനുവരി 2013, വത്തിക്കാന്‍
ക്രിസ്തുവിന്‍റെ രക്ഷാസന്ദേശത്തിന് സാക്ഷൃംവഹിക്കാന്‍ സഭകളുടെ കൂട്ടായ്മ സഹായിക്കുമെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. ദൈവശാസ്ത്ര സംവാദങ്ങള്‍ക്കായുള്ള ഓറിയെന്‍റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ ആഗോള സംയുക്ത സമിതിയെ ജനുവരി 25-ാം തിയതി വെള്ളിയാഴ്ച രാവിലെ വത്തിക്കാനിലെ അപ്പസ്തോലിക അരമനയില്‍ സ്വീകരിച്ചു സംസാരിക്കവേയാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ആദിമ നൂറ്റാണ്ടില്‍ത്തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചരിത്രപരമായി വളര്‍ന്നുവന്ന ക്രൈസ്തവ സമൂഹങ്ങളുടെ കൂട്ടായ്മയും പരസ്പരബന്ധങ്ങളും ദൈവശാസ്ത്രപരമായി പഠിച്ചും മനസ്സിലാക്കിയും അത് പരിപോഷിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തുടരണമെന്ന് കൂടിക്കാഴ്ചയില്‍ പാപ്പാ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ പൗലോസ് അപ്പസ്തോലന്‍റെ മാനസാന്തര തിരുനാളില്‍, ജനുവരി 25-ാം
തിയതി വൈകുന്നേരം പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റോമന്‍ ചുവരിനു പുറത്തുള്ള ശ്ലീഹായുടെ പുരാതന ബസിലിക്കയില്‍ ആചരിക്കുന്ന സഭൈക്യവാരത്തിന്‍റെ സമാപന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതാണ് കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെ ഈ പ്രതിനിധി സംഘം.
വത്തിക്കാന്‍റെ സഭൈക്യകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലും കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെ കൂട്ടായ്മയും ചേര്‍ന്ന് 2003-ല്‍ ആരംഭിച്ച ഐക്യത്തിനായുള്ള പരിശ്രമത്തിന് പത്തു വയസ്സു തികഞ്ഞെന്ന് അനുസ്മരിച്ച പാപ്പ, സുവിശേഷ പാതയിലെ സ്നേഹസാക്ഷൃത്തെയും നേട്ടങ്ങളെയും ശ്ലാഘിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.








All the contents on this site are copyrighted ©.