2013-01-25 17:38:51

ഡിജിറ്റല്‍ മാധ്യമ ശൃംഖലകള്‍
സുവിശേഷവത്ക്കരണത്തിനുള്ള വാതായനങ്ങള്‍


24 ജനുവരി 2013, വത്തിക്കാന്‍
സത്യസന്ധതയും സമര്‍പ്പണവും ഡിജിറ്റല്‍ മാധ്യമ ശൃംഖലയില്‍ അനിവാര്യമാണെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ പ്രസ്താവിച്ചു. മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ്സ് സാലസിന്‍റെ തിരുനാളില്‍ ജനുവരി 24-ാം തിയതി വത്തിക്കാനില്‍ പ്രകാശനംചെയ്ത സന്ദേശത്തിലാണ് പാപ്പ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. “ഡിജിറ്റല്‍ മാധ്യമ ശൃംഖലകള്‍ സഭയുടെ സുവിശേഷവത്ക്കരണ വേദിയിലെ വിശ്വാസത്തിന്‍റെയും സത്യത്തിന്‍റെയും വാതായനങ്ങളാണ്” എന്ന ചിന്താധാരയിലാണ് സഭയുടെ 47-ാമത് ആഗോള മാധ്യമദിന സന്ദേശം പാപ്പ ആവിഷ്ക്കരിച്ചിരിക്കുന്നത്.

സാമൂഹ്യജീവിത ഘടനയുടെ എല്ലാ മേഖലകളെയും ഇന്ന് ഏറെ സ്വാധീനിക്കുന്ന ഡിജിറ്റല്‍ മാധ്യമ ശൃംഖലയെ വിവേകത്തോടും സന്തുലിതമായ മൂല്യബോധത്തോടും സത്യസന്ധതയോടുംകൂടെ ഉപയോഗിച്ചെങ്കില്‍ മാത്രമേ ആശയവിനമയത്തിന്‍റെ യഥാര്‍ത്ഥ തലങ്ങളിലേയ്ക്കും ലക്ഷൃങ്ങളിലേയ്ക്കും
ഈ നൂതന സംവേദന ശ്രേണിയെ തിരിച്ചുവിടാനാവൂ എന്ന് പാപ്പ ചൂണ്ടിക്കാട്ടി.
കരുത്താര്‍ന്ന ഡിജിറ്റല്‍ മാധ്യമശൃംഖലകള്‍ പ്രശസ്തിക്കും, ജനപ്രീതിക്കും തരംതാണ പ്രദര്‍ശനങ്ങള്‍ക്കും പരസ്യങ്ങള്‍ക്കും ധാരാളംപേര്‍ ഉപയോഗിക്കുന്നത് ഈ നൂതന സാദ്ധ്യതകളിലൂടെ സത്യവും മൂല്യവും പ്രഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടേണ്ട വെല്ലുവിളിയാണെന്നും, അടുത്തകാലത്ത് ട്വിറ്റര്‍ മാധ്യമ ശൃംഖലയില്‍ കണ്ണിചേര്‍ന്ന പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. മനുഷ്യഹൃദയങ്ങളില്‍ ഉതിരുന്ന അടിസ്ഥാന അഭിലാഷങ്ങളെ ലക്ഷൃമിടുന്ന ഡിജിറ്റല്‍ ലോകത്ത് വിശ്വാസികള്‍ തനിമയോടും തന്മയത്വത്തോടുംകൂടെ സാന്നിദ്ധ്യം പ്രകടമാക്കേണ്ടത്, തങ്ങളുടെ സന്തോഷത്തിനും പ്രത്യാശയ്ക്കും നിദാനമായ, ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട കാരുണ്യാവാനും സ്നേഹസമ്പന്നനുമായ ദൈവത്തിലുള്ള വിശ്വാസത്തിന് എപ്പോഴും സാക്ഷൃംവഹിച്ചുകൊണ്ടാണെന്നും സന്ദേശത്തിലൂടെ പാപ്പ ഉദ്ബോധിപ്പിച്ചു.

പെന്തക്കൂസ്താ മഹോത്സവത്തിനു മുന്‍പുള്ള ഞായറാഴ്ച, (ഇക്കൊല്ലം മെയ് 12-ന്) ആഗോള സഭ മാധ്യമദിനം ആചരിക്കുമ്പോള്‍, അജപാലന കാരണങ്ങളാല്‍ ക്രിസ്തുരാജന്‍റെ തിരുനാളിനു മുന്‍പുവരുന്ന ഞായറാഴ്ച (നവംമ്പര്‍ 17-നും) ഭാരതസഭ മാധ്യമദിനം ആചരിക്കും.








All the contents on this site are copyrighted ©.