2013-01-25 20:17:47

കര്‍ദ്ദിനാള്‍ ഗ്ലെംപിന് ആദരാഞ്ജലി
പോളണ്ടിന്‍റെ ആത്മീയ നായകന്‍


25 ജനുവരി 2013, വാര്‍സോ
പോളണ്ടിലെ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനും വാര്‍സോ അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്തയുമായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് ഗ്ലെംപ് കാലംചെയ്തു. പോളണ്ടിലെ കമ്യൂണിസ്റ്റ് ഭരണത്തിന്‍റെ കലുഷിതമായി രാഷ്ട്രീയാന്തരീക്ഷത്തിലും നാസി പീഡനങ്ങള്‍ക്കിടയിലും സഭയെ
പതറാതെ നയിച്ച ധീരനായ അജപാലകനാണ് 85-ാമത്തെ വയസ്സില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍ ജനുവരി 23-ാം തിയതി ബുധനാഴ്ച വാര്‍സോയില്‍ അന്തരിച്ച, അവിടുത്തെ മുന്‍മെത്രാപ്പോലീത്ത, കര്‍ദ്ദിനാള്‍ ഗ്ലെംപെന്ന് വത്തിക്കാന്‍റെ പ്രസ്താവന വെളിപ്പെടുത്തി.

1956-ല്‍ പൗരോഹിത്യ സ്വീകരിച്ച ഫാദര്‍ ഗ്ലെംപ്, റോമില്‍വന്ന് സഭാ നിയമങ്ങളില്‍ പാണ്ഡിത്യം നേടി, 1972-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സഹായിയായി വത്തിക്കാനിലേയ്ക്ക് വിളിക്കപ്പെട്ടു. 1979-ല്‍ പാപ്പാ അദ്ദേഹത്തെ പോളണ്ടിലെ വാര്‍മിയ രൂപതാദ്ധ്യക്ഷനായി നിയോഗിച്ചു.
തുടര്‍ന്ന് 1981-ല്‍ നിയെസ്നോയുടെയും 1992-ല്‍ വാര്‍സ്സോ അതിരൂപതയുടെയും മെത്രാപ്പോലീത്തയായി നിയമിച്ചു. 1983-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ ആര്‍ച്ചുബിഷപ്പ് ഗ്ലെംപിനെ കര്‍ദ്ദിനാള്‍ സംഘത്തിലേയ്ക്ക് ഉയര്‍ത്തി. 2004-ല്‍ സേവനത്തിന്‍റെ പ്രായപരിധിയിലെത്തി വിശ്രമജീവിതത്തിലേയ്ക്ക് വിരമിക്കുംവരെ 23-വര്‍ഷക്കാലം ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റായും കര്‍ദ്ദിനാള്‍ ഗ്ലെംപ് സേവനംചെയ്തിട്ടുണ്ട്.

സംഘര്‍ഷ പൂരിതമായ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍നിന്നും 1989-ല്‍ ചരിത്രപരവും താരതമ്യേന പ്രശാന്തവുമായ ജനാധിപത്യ രാഷ്ട്രമാക്കി പോളണ്ടിനെ പരിവര്‍ത്തനം ചെയ്യാന്‍ 28- നീണ്ടവര്‍ഷക്കാലം അത്യദ്ധ്വാനംചെയ്ത ആത്മീയ പാലകനായിരുന്നു അന്തര്‍ച്ച കര്‍ദ്ദിനാള്‍ ഗ്ലെംപെന്ന്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെ റോമില്‍ പ്രസ്താവനയില്‍ വിശേഷിപ്പിച്ചു.

കര്‍ദ്ദിനാള്‍ ഗ്ലെംപിന്‍റെ അന്തിമോപചാര ശുശ്രൂഷകള്‍ ജനുവരി 28-ാം തിയതി വാര്‍സോ കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്തപ്പെടും. കര്‍ദ്ദിനാള്‍ ഗ്ലെംപിന്‍റെ അന്ത്യത്തോടെ സഭയുടെ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ എണ്ണം 210-ആയി കുറയുകയാണ്. അതില്‍ 90-പേര്‍ 80-വയസ്സിലേറെ പ്രായമുള്ളവരും, 119-പേര്‍ 80 വയസ്സിനു താഴെ വോട്ടവകാശം ഉള്ളവരുമാണ്.









All the contents on this site are copyrighted ©.