2013-01-23 10:32:35

“ഞാന്‍ വിശ്വസിക്കുന്നു, ഞങ്ങള്‍ വിശ്വസിക്കുന്നു”


22 ജനുവരി 2013, റോം
വിശ്വാസത്തിന് വ്യക്തിപരവും കൂട്ടായ്മയുടേതുമായ തലങ്ങള്‍ ഒരുപോലെ പ്രധാനമെന്ന് ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ ദൈവശാസ്ത്ര അധ്യാപകന്‍ ഫാ.ദാരിയൂസ് കൊവാള്‍സിക്ക്. വിശ്വാസവര്‍ഷാചരണത്തിന്‍റെ ഭാഗമായി വത്തിക്കാന്‍ റേഡിയോയിലൂടെ നല്‍കുന്ന മതബോധന പരമ്പരയിലാണ് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചത്.

മനുഷ്യന്‍ ദൈവത്തിനു നല്‍കുന്ന സ്വതന്ത്രമായ പ്രത്യുത്തരമെന്ന നിലയില്‍, വിശ്വാസം തികച്ചും വ്യക്തിപരമാണ്. അതുകൊണ്ടു തന്നെ ആര്‍ക്കും ആരേയും നിര്‍ബ്ബന്ധിച്ചു വിശ്വസിപ്പിക്കുവാന്‍ സാധ്യമല്ല. വ്യക്തികളുടേയും ജനതകളുടേയുംമേല്‍ മതവിശ്വാസം അടിച്ചേല്‍പ്പിച്ചതായി വെളിപ്പെടുത്തുന്ന ചരിത്രസംഭവങ്ങളുണ്ട്. പക്ഷെ അങ്ങനെ അടിച്ചേല്‍പ്പിക്കപ്പെടുന്ന മതത്തില്‍ ജനങ്ങള്‍ വിശ്വസിക്കണമെന്നില്ല.
വിശ്വാസം വ്യക്തിപരമാണ്. എന്നാല്‍ ക്രൈസ്തവ വിശ്വാസം വ്യക്തിനിഷ്ഠമോ, ഒറ്റപ്പെട്ടതോ ആയ ഒരു പ്രവര്‍ത്തിയല്ല. ‘ആര്‍ക്കും തനിയേ ജീവിക്കാന്‍ കഴിയാത്തതുപോലെ ആര്‍ക്കും തനിയേ വിശ്വസിക്കാനും കഴിയുകയില്ല. ആരും തനിക്കു തന്നെ ജീവന്‍ നല്‍കുന്നില്ല അതുപോലെ തന്നെ, തനിക്കു തന്നെ വിശ്വാസവും നല്‍കുന്നില്ല.’ (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം, 166). മറ്റുള്ളവരില്‍ നിന്നു വിശ്വാസം സ്വകരിച്ച നാം മറ്റുള്ളവര്‍ക്കതു പകര്‍ന്നു കൊടുക്കുകയും വേണം. ഭൂരിഭാഗം ക്രൈസ്തവരും ജനിച്ച് ഏതാനം ആഴ്ച്ചകളോ മാസങ്ങളോ കഴിഞ്ഞപ്പോള്‍തന്നെ ജ്ഞാനസ്നാനം സ്വീകരിച്ചവരാണ്. പിന്നീട് ക്രൈസ്തവ സമൂഹം അവര്‍ക്ക് വിശ്വാസ പരിശീലനം നല്‍കി. സ്വന്തം മാതാപിതാക്കളില്‍ നിന്നു തന്നെയാണ് അതാരംഭിക്കുന്നത്. അതിനാല്‍, ‘ഞാന്‍ വിശ്വസിക്കുന്നു’ എന്ന് ആരെങ്കിലും പ്രഖ്യാപിക്കുമ്പോള്‍ ‘ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നു കൂടി അത് അര്‍ത്ഥമാക്കുന്നു.
“ഞാന്‍ ക്രിസ്തുവിനെ സ്വീകരിക്കുന്നു, പക്ഷെ സഭയെ സ്വീകരിക്കുന്നില്ല” എന്ന പ്രസ്താവം ഇക്കാലത്ത് വ്യാപകമായി കേള്‍ക്കാം. ഞാന്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നണ്ട്, എന്നാല്‍ സഭയുടെ പ്രബോധനങ്ങളില്‍ എനിക്കു താല്‍പര്യമില്ലെന്നാണ് ഈ പ്രസ്താവം കൊണ്ട് ഉദേശിക്കുന്നത്. ഇത്തരത്തിലുള്ള ചിന്താഗതി യുക്തിക്കു നിരക്കുന്നതല്ല. നസ്രായനായ ക്രിസ്തുവിനെക്കുറിച്ച് അറിയാന്‍ സാധിച്ചതില്‍ ആദിമ ക്രൈസ്തവ സമൂഹത്തോട് അതായത് ഒന്നാം നൂറ്റാണ്ടിലെ സഭയോട് നാം കടപ്പെട്ടിരിക്കുന്നു. ഇന്ന് നമുക്ക് സുവിശേഷഗ്രന്ഥം എടുത്തു വായിക്കാന്‍ സാധിക്കുണ്ടെങ്കില്‍, അതിനും അവരോടാണ് നാം നന്ദി പറയേണ്ടത്. ഇരുപത് നൂറ്റാണ്ടുകളായി ക്രിസ്തുചരിതം പ്രഘോഷിക്കുന്ന സഭയെ നാം തള്ളിപ്പറഞ്ഞാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നുണ്ടെന്ന് കരുതാന്‍ സാധിക്കുന്നതെങ്ങനെയാണ്?

റോമന്‍ അനുഷ്ഠാനക്രമമനുസരിച്ച് ജ്ഞാനസ്നാനാര്‍ത്ഥിയോട് ‘ദൈവത്തിന്‍റെ സഭയില്‍ നിന്ന് നീ എന്ത് ആഗ്രഹിക്കുന്നു’? എന്ന ചോദ്യമുന്നയിക്കുന്നു. ‘വിശ്വാസം’ എന്നാണ് മറുപടി. വിശ്വാസമാണ് നിത്യജീവന്‍ തരുന്നത്. “രക്ഷ കൈവരുന്നത് ദൈവത്തില്‍ നിന്നു മാത്രമാണ്. എന്നാല്‍ നാം വിശ്വാസ ജീവിതം പ്രാപിക്കുന്നത് സഭയിലൂടെ ആകയാല്‍ അവള്‍ നമ്മുടെ അമ്മയാണ്” (കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം, 169). ഈ അമ്മ ദൈവ വചനവും, കൂദാശകളും, ആചാരാനുഷ്ഠാനങ്ങളും, അനേകം സുഹൃത്തുക്കളേയും നമുക്കു സമ്മാനിക്കുകയും ഒടുവില്‍ നിത്യജീവനിലേക്ക് നമ്മെ നയിക്കുകയും ചെയ്യുന്നു.








All the contents on this site are copyrighted ©.